കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. അന്വേഷണത്തിന് ഇനി സമയം നീട്ടിചോദിക്കില്ല എന്നാണ് റിപ്പോർട്ട്. കേസിൽ ദിലീപിന്റെ അഭിഭാഷകരെപ്പോലും ചോദ്യം ചെയ്യാതെയാണ് തുടർ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും അറിയിച്ചിരുന്നു. മേയ് 31-ന് മുമ്പ് അന്വേഷണം പൂര്‍ത്തീകരിക്കേണ്ടത് കൊണ്ടും ഉന്നതങ്ങളിൽ നിന്നുളള സമ്മര്‍ദവുമാണ് പൊടുന്നനെ ഇത്തരത്തിലൊരു നീക്കം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് കരുതുന്നത്.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ കേസിൽ പ്രതിയാക്കില്ല എന്നും റിപ്പോർട്ടുണ്ട്. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാകുന്നത്. ശരത്തിനെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ആലുവ പൊലീസ് ക്ളബ്ബിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലുവയിലെ ഹോട്ടൽ-ട്രാവൽസ് ഉടമയായ ശരത്തിനെതിരെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചതായാണ് വിവരം.
ദൃശ്യങ്ങൾ വീട്ടിലെത്തിച്ച ശേഷം അവ നശിപ്പിച്ചത് ശരത്തിന്റെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ശരത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഊട്ടിയിലേക്ക് മുങ്ങി. തുടർന്ന് ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി മൊബൈലും പാസ്‌പോർട്ടുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |