കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കുന്നില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്‌മി സഖ്യം. ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ്, എഎപി സംസ്ഥാന കൺവീനർ പി സി സിറിയക് എന്നിവർ ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയിൽ മാറ്റമുണ്ടാകാൻ പോകുന്നില്ല. ഇക്കാരണത്താലാണ് ആർക്കും പിന്തുണ നൽകാത്തതെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.
'തൃക്കാക്കരയിൽ സ്ഥാനാർത്ഥിയില്ലെങ്കിലും ട്വന്റി ട്വന്റി - ആം ആദ്‌മി സഖ്യമായ ജനക്ഷേമ മുന്നണി നിർണായക ശക്തിയായി മാറിക്കഴിഞ്ഞു. പരമ്പരാഗതമായ രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. മണ്ഡലത്തിലെ ജയവും പരാജയും നിർണയിക്കുന്നത് ജനക്ഷേ മുന്നണിയായിരിക്കും. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് വോട്ട് നൽകേണ്ടത്. നേതാക്കൾ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണം' സാബു എം ജേക്കബ് പറഞ്ഞു.
ജനക്ഷേ മുന്നണിയുടെ രാഷ്ട്രീയ നിലപാട് മുൻപ് തന്നെ പ്രഖ്യാപിച്ചതാണ്. ഇനി ഇതാവർത്തിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നില്ല. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ മുന്നണികളും വോട്ടഭ്യർത്ഥിച്ചിരുന്നു. ആരോടും പ്രത്യേക അടുപ്പമോ എതിർപ്പോയില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |