രാജ്യത്തെ പൗരന്മാരും സർക്കാരും തമ്മിലുള്ള പങ്കാളിത്തം സുഗമമാക്കുന്നതിനുള്ള നൂതന പ്ലാറ്റ്ഫോമായ മൈ ഗവൺമെന്റ് (MyGov.) വാട്സാപ്പുമായി കൈകോർക്കുന്നു. ഡിജിലോക്കർ സംവിധാനം കൂടുതൽ ജനപ്രിയമാക്കാനാണ് ഇപ്പോഴുള്ള ഈ നടപടി. ഇത് പ്രകാരം ഡിജിലോക്കർ സംവിധാനം ഇനി വാട്സാപ്പിലും ലഭിക്കും. വാട്സാപ്പിനുള്ളിൽ മൈ ഗവൺമെന്റിന്റെ ഒരു ഹെൽപ്പ് ഡെസ്കിന്റെ ചാറ്റ് ബോട്ടായിട്ടായിരിക്കും സേവനങ്ങൾ ലഭ്യമാവുക.
വാട്സാപ്പിലെ MyGov ഹെൽപ്പ്ഡസ്ക് ഉപയോഗിച്ച് സർക്കാർ സേവനങ്ങളെ സുതാര്യവും ലളിതവുമാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വാട്സാപ്പിലൂടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പൗരന്മാരിൽ എത്തുകയും ചെയ്യുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സർക്കാർ സേവനങ്ങളെല്ലാം പൗരന്മാരുടെ വിരൽത്തുമ്പിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും വാട്സാപ്പിലെ MyGov ഹെൽപ്പ് ഡെസ്ക് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
ഉപയോക്താക്കൾക്ക് MyGov ഹെൽപ്പ് ഡെസ്ക് ഉപയോഗിച്ച് ഡിജിലോക്കറിനുള്ളിലെ പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ മാർക്ക് ഷീറ്റുകൾ, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും.
വാട്സാപ്പിലെ MyGov ഹെൽപ്പ് ഡെസ്ക് എങ്ങനെ ഉപയോഗിക്കാം
+91 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക
വാട്സാപ്പ് തുറന്ന് മുകളിലുള്ള സെർച്ച് ബാറിൽ ഈ കോണ്ടാക്ട് സെർച്ച് ചെയ്യുക (എന്ത് പേരിലാണോ ഇത് സേവ് ചെയ്തതിരിക്കുന്നത്, ആ പേര് വേണം സെർച്ച് ചെയ്യാൻ)
ഇപ്പോൾ ഡിജിലോക്കർ ഹെൽപ്ഡെസ്കിന്റെ ചാറ്റ് ബോക്സ് തുറക്കും
ഈ ചാറ്റിലേക്ക് ഹായ് എന്ന് സന്ദേശമയക്കുക
ഡിജിലോക്കറിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഒരു ലിസ്റ്റ് ചാറ്റ് ബോക്സിൽ പ്രത്യക്ഷപ്പെടും
ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ സേവനം തിരഞ്ഞെടുക്കുക.
ഡിജിലോക്കറിൽ നിങ്ങൾ സൂക്ഷിച്ചിരിക്കുന്ന രേഖകൾ മാത്രമേ വാട്സാപ്പിലൂടെ ലഭിക്കുകയുള്ളു. ഡിജിലോക്കർ സംവിധാനം ഉപയോഗിക്കാത്തവർ ഡിജിലോക്കറിലേക്ക് രേഖകൾ അപ്ലോഡ് ചെയ്യേണ്ടതായി വരും. അതിന് ശേഷമേ വാട്സാപ്പിൽ നിന്ന ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളു.
മുമ്പ് കൊവിഡ് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോഗിച്ച കൊവിൻ ചാറ്റ് ബോട്ടിന്റെ അതേ നമ്പരാണ് ഇപ്പോൾ ഡിജിലോക്കറിനും ഉപയോഗിക്കുന്നത്.