SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.18 AM IST

@ സൗത്ത് ബീച്ച് നിറയെ മാലിന്യം മാലിന്യ തീരം

beach
കോഴിക്കോട് സൗത്ത് ബീച്ചിൽ മാലിന്യം അടിഞ്ഞനിലയിൽ

കോഴിക്കോട്: കോഴിക്കോട് കടൽത്തീരം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. കോടികൾ മുടക്കി മുഖം മിനുക്കിയതോടെ സഞ്ചാരികളുടെ വരവും ഏറി. പക്ഷേ, സൗത്ത് ബീച്ചിലേക്ക് പോയാൽ മൂക്കുപൊത്തി തിരിഞ്ഞോടും. അത്രകണ്ട് മാലിന്യം നിറഞ്ഞിരിക്കുകയാണ് അവിടെയെങ്ങും. അഞ്ച് മിനിട്ട് നിന്നാൽ ശ്വാസംമുട്ടുന്ന അവസ്ഥ. ചിലപ്പോൾ തെരുവുനായ്ക്കളുടെ കടിയും കിട്ടും.

സൗത്ത് ബീച്ചിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് ലോറി സ്റ്റാൻഡിന് സമീപമാണ് മാലിന്യം പരന്നുകിടക്കുന്നത്. ചെരിപ്പ്, കുപ്പി, പ്ലാസ്റ്റിക് മാലിന്യം, അറവുശാലകളിലെ അവശിഷ്ടം തുടങ്ങി പലതരം മാലിന്യം തള്ളുന്ന ചവറ്റുകൊട്ടയായിട്ടുണ്ട് കടൽത്തീരം. ഇരുട്ടിന്റെ മറവിലാണ് മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നത്. നാറ്റം കാരണം സഞ്ചാരികൾ കൈയൊഴിഞ്ഞതോടെ ഇവിടെ മയക്കുമരുന്ന് വിൽപ്പനയുടെയും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുടെയും കേന്ദ്രമായിട്ടുണ്ട്. വലിയങ്ങാടിയിലേയ്ക്കും മറ്റും ചരക്കുമായി എത്തുന്ന അന്യ സംസ്ഥാന ലോറികൾ നിർത്തിയിടുന്നതും ചരക്കിറക്കാൻ വരുന്ന പോർട്ടർമാർ വിശ്രമിക്കുന്നതും ബീച്ച് പരിസരത്താണ്. സാമൂഹ്യ വിരുദ്ധർ താവളമാക്കിയതോടെ ഇവരുടെ ജീവന് ഭീഷണിയായിട്ടുണ്ട്. ലോറികൾ നിർത്തിയിടുന്ന ഭാഗം ചെളി നിറഞ്ഞിരിക്കുന്നതിനാൽ റോഡിലേക്ക് കയറ്റിയിടുന്ന സ്ഥിതിയുമുണ്ട്.

സഞ്ചികളിലാക്കി വലിച്ചെറിയുന്ന മാലിന്യം കാക്ക കൊത്തി വലിച്ചും പട്ടികൾ കടിച്ചുകീറിയും മലിനമാക്കുന്നത് കണ്ട് സഹികെടുന്ന പോർട്ടർമാരാണ് പലപ്പോഴും തീയിട്ടും കുഴിച്ചുമൂടിയും പരിസരം വൃത്തിയാക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ എല്ലാം പഴയപടിയാകും. മഴപെയ്താൽ മാലിന്യം കടലിൽ ചേരുന്നത് സഞ്ചാരികളുടെ കടൽകുളിക്ക് തടസമാവുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ പകുതി മാലിന്യവും കടൽ കൊണ്ടുപോയി. ഇവിടെ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർക്ക് കേട്ട ഭാവമില്ല.

2019ൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ) രാജ്യത്തുടനീളം നടത്തിയ കടൽത്തീര ശുചിത്വ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ മാലിന്യം കോഴിക്കോട് സൗത്ത് ബീച്ചിലാണെന്ന് വ്യക്തമാക്കിയിരുന്നു.

@ മാലിന്യത്തിൽ വിശ്രമിക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തുമ്പോൾ മാലിന്യം കുഴിച്ച് മൂടുകയോ തീയിടുകയോ ചെയ്യാറാണ്. പലതവണ അധികൃതരോട് ആവശ്യപ്പെട്ടതാണ് ഇവിടെ ഒരു കാമറ സ്ഥാപിക്കാൻ. അന്യ സംസ്ഥാനത്ത് നിന്ന് ചരക്ക് ലോറിയുമായി വരുന്നവരും വിശ്രമിക്കുന്നത് ഇവിടെയാണ്. ടി.ടി റാഷിദ്, പോർട്ടർ

@ നഗരത്തിലേയ്ക്ക് വരുന്ന ലോറികൾ മുഴുവൻ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ലോറികളിലെ മാലിന്യവും കടലിൽ നിന്നുള്ള ബോട്ട് മാലിന്യവും ഇവിടെയാണ് തള്ളുന്നത്. ആളുകൾ മാലിന്യം തള്ളുന്നത് വേറെയും. രാത്രിയിൽ മയക്കുമരുന്ന് സംഘം ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ലോറി സ്റ്റാൻഡ് മാറ്റിയാൽത്തന്നെ മാലിന്യപ്രശ്നം പരിഹരിക്കാം.

ഫൈസൽ പള്ളിക്കണ്ടി, കോ ഓർഡിനേറ്റർ, ലോറി പാർക്കിംഗ് വിരുദ്ധ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL