മുംബയ്: വനിതാ എംപിക്ക് നേരെ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിലായി. എൻസിപി എംപിയായ സുപ്രിയ സുലെയോടാണ് അദ്ദേഹം മോശമായി പ്രതികരിച്ചത്. രാഷ്ട്രീയം മനസിലായില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്തിരിക്കൂ എന്നായിരുന്നു വിവാദ പ്രസ്താവന.
കഴിഞ്ഞ ദിവസം നടന്ന പാർട്ടിയോഗത്തിൽ ഒബിസി സംവരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സുപ്രിയ. ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിന് ഒബിസി സംവരണത്തിൽ സുപ്രീംകോടതിയിൽ നിന്ന് എങ്ങനെ ഇളവ് ലഭിച്ചുവെന്നാണ് അവർ ചോദിച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡൽഹിയിൽ വന്ന് ഒരാളെ കണ്ടു, പിന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. രണ്ടു ദിവസത്തിനുള്ളിൽ ഒബിസി സംവരണത്തിന് അനുമതിയും ലഭിച്ചു. സുപ്രിയയുടെ ഈ പ്രസ്താവനയായിരുന്നു ചന്ദ്രകാന്ത് പാട്ടിലീന് പ്രകോപനം സൃഷ്ടിച്ചത്.
നിങ്ങൾ എന്തിനാണ് രാഷ്ട്രീയത്തിൽ നിൽക്കുന്നത്, വീട്ടിൽ പോയി പാചകം ചെയ്യൂ. നിങ്ങൾ രാഷ്ട്രീയ പ്രവർത്തകയായിട്ടും എങ്ങനെയാണ് മുഖ്യമന്ത്രിയെ കാണേണ്ടതെന്ന് അറിയില്ല. നിങ്ങൾ ഡൽഹിക്ക് പോവുകയോ നരകത്തിൽ പോവുകയോ എവിടെ വേണമെങ്കിലും പോവുക. പക്ഷേ സംവരണം നൽകൂ എന്നാണ് പാട്ടീൽ മറ്റൊരു യോഗത്തിൽ സുപ്രിയയെ ലക്ഷ്യം വച്ച് പ്രതികരിച്ചത്.
അതേസമയം, രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ബിജെപി എപ്പോഴും സ്ത്രീ വിരുദ്ധരും കഴിയുമ്പോഴെല്ലാം സ്ത്രീകളെ അപമാനിക്കുന്നവരുമാണ്. ഇന്ത്യയിലെ നിരവധി സ്ത്രീകളെ പോലെ എന്റെ ഭാര്യ ഒരു വീട്ടമ്മയും അമ്മയും വിജയിച്ച ഒരു രാഷ്ട്രീയക്കാരിയായതിലും ഞാൻ അഭിമാനിക്കുന്നു. ആ പ്രസ്താവന സ്ത്രീകൾക്ക് അപമാനമാണ്. അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |