SignIn
Kerala Kaumudi Online
Thursday, 24 September 2026 5.27 AM IST

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം വിളി; കുട്ടിയും കുടുംബവും ഒളിവിൽ; പിതാവിനെതിരെയും കേസെടുക്കും

pfi-rally

കൊച്ചി: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവിൽ. കുട്ടിയെ ഇന്ന് രാവിലെ തിരിച്ചറിഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം പള്ളുരുത്തി സ്വദേശിയായ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പറ‌ഞ്ഞു. കുട്ടിയെ സമ്മേളനത്തിന് കൊണ്ടുവന്നത് പിതാവ് തന്നെയാണെന്നും പൊലീസ് പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് വീടിരിക്കുന്ന തങ്ങൾ നഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു.അന്വേഷണ സംഘം തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നത് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വലിയ വാർത്തയായത്. ദൃശ്യങ്ങൾ പ്രചരിച്ച് നാല് ദിവസത്തോളം കഴിഞ്ഞാണ് കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞത്.

നിലവിൽ കേസിൽ മൂന്ന് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബാണ് രണ്ടാം പ്രതി. കുട്ടിയെ പരിപാടിയ്ക്ക് കൊണ്ടുവന്ന പിതാവിനെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിക്കാൻ കുട്ടിയ്ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മതവികാരം ആളിക്കത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബാബരി മസ്ജിദ്, ഗ്യാൻ വാപി സംഭവങ്ങളും മുദ്രാവാക്യങ്ങളിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. മറ്റ് പല സ്ഥലങ്ങളിൽ നടന്ന എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് റാലികളിലും കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. പിന്നാലെ ആലപ്പുഴയിലെ സംഭവം പൊലീസിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ്.

രണ്ടു ദിവസമായി ഒരു സംഘം പൊലീസ് ഈരാറ്റുപേട്ടയിൽ തമ്പടിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കുട്ടിയുടെ മുദ്രാവാക്യം വിളികളിൽ പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണശൈലി തോന്നിയതുകൊണ്ടാണ് ഇവിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. കുട്ടിയെ കണ്ടെത്തിയാൽ മാത്രമേ മുദ്രാവാക്യം വിളിയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POPULAR, PFI, KERALA, CASEDIARY, KERALAM, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY