തിരുവനന്തപുരം: അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകൾ പിൻവലിച്ച് എൽ.ഡി.എഫ് നേതാക്കൾ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിച്ചത് കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും ആന്റണി രാജുവും എം.എം. മണിയുമാണ്. ഭരണകക്ഷിയിലെ പ്രമുഖർ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം അതിജീവിത കോടതിക്ക് മുന്നിൽ ഉന്നയിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും യു.ഡി.എഫ് അതിജീവിതയ്ക്കൊപ്പമാണെന്നും സതീശൻ പറഞ്ഞു.
കോടതിയുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് പി.സി. ജോർജ് ഇപ്പോൾ ജയിലിലായത്. ജോർജിന്റെ വിദ്വേഷപ്രസംഗവും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യവും നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
തൃക്കാക്കരയിൽ 20 മന്ത്രിമാരാണ് ഒരു മാസമായി വർഗീയവാദികളുടെ പിന്നാലെ നടക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും പി.സി. ജോർജും നടത്തിയ നാടകമാണ് കേരളം കണ്ടത്. ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചെത്തുന്നയാളെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്.
രണ്ട് കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന് പ്രകടനം നടത്താൻ അനുമതി കൊടുത്തതിനെക്കുറിച്ച് അന്വേഷിക്കണം. പാലക്കാട് സമാധാന സത്യഗ്രഹം നടത്താൻ കെ.പി.സി.സിക്ക് അനുമതി നൽകാത്ത സർക്കാരാണ് കൊലവിളി മുദ്രാവാക്യം വിളിക്കാൻ പോപ്പുലർ ഫ്രണ്ടിനെ അനുവദിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |