വലിയ സന്തോഷത്തിലാണ് ആസിഫ് അലി.സിനിമയിലെ പതിമൂന്നു വർഷ യാത്ര മനോഹരമായി കടന്നുപോകുന്നു. ആസിഫ് അലി സിനിമയേയും സിനിമ ആസിഫ് അലിയേയും ഒരേ പോലെ സ് നേഹിക്കുന്നു.നല്ല കട്ടി മീശയിൽ സർക്കിൾ ഇൻസ് പെക്ടർ സാജൻ ഫിലിപ്പായി ആസിഫ് അലി ഇപ്പോൾ തിയേറ്ററിലുണ്ട്. ഈ വർഷം എത്തുന്ന മൂന്നാമത്തെ ആസിഫ് അലി ചിത്രമാണ് കുറ്റവും ശിക്ഷയും.അഭിനയ യാത്രയിലെ വിശേഷങ്ങൾ ആസിഫ് അലി 'വാരാന്ത്യ കൗമുദി"യോട് പങ്കുവയ്ക്കുന്നു.
കുറ്റവും ശിക്ഷയിലെ പൊലീസ് കഥാപാത്രം നൽകുന്ന പ്രത്യേകതയും പ്രതീക്ഷയും?
ആക്ഷൻ ഒാറിയന്റഡ് പൊലീസ് കഥാപാത്രം ചെയ്യാനുള്ള വലിപ്പം എനിക്കില്ല എന്ന തോന്നലാണ് അധികം പൊലീസ് വേഷം അവതരിപ്പിക്കാത്തതിന് കാരണം. കുറ്റവും ശിക്ഷയും സിനിമയുടെ കഥയും കഥാപാത്രങ്ങളും എല്ലാം യഥാർത്ഥ ജീവിതത്തിൽനിന്ന് രൂപപ്പെട്ടതാണ്. സിബി തോമസ് എന്ന നടനും തിരക്കഥാകൃത്തുമായ പൊലീസ് ഉദ്യോഗസ്ഥനും ഞാനും കാണാൻ ഏകദേശം ഒരേപോലെയാണ്. അദ്ദേഹത്തിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. രാജീവ് രവി എന്ന മികച്ച സംവിധായകന് സിനിമയോടുള്ള കാഴ്ചപ്പാടും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന അനുഭവ സമ്പത്തും ഞാൻ എന്ന നടനെ ആകർഷിച്ചിട്ടുണ്ട്.
മറ്റു യുവനടൻമാരിൽനിന്ന് വ്യത്യസ്തമായി കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ എങ്ങനെ സാധിക്കുന്നു?
ഒരുപാട് ആഗ്രഹിച്ച് സിനിമയിൽ വന്ന ആളാണ് ഞാൻ. നല്ല സിനിമകളുടെ ഭാഗമാകാൻ ലഭിക്കുന്ന ഒരു അവസരവും നഷ്ടപ്പെടുത്തില്ല. സിനിമകൾ കൃത്യമായി പ്ളാൻ ചെയ്യാതെ ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ എപ്പോഴും എന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. സിനിമകളുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ആവേശം കാരണം കഴിയുന്നില്ല. സഹപ്രവർത്തകരിൽനിന്ന് വ്യത്യസ്തമായി തുടർച്ചയായി എന്റെ സിനിമകൾ പുറത്തിറങ്ങുന്നതും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്നതും ഒരുതരത്തിൽ വളരെ നല്ലതും മോശവുമാണ്. നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിലേക്ക് എത്തുകയും അതിന്റെ ഭാഗമാകാൻ ശ്രമിക്കുകയുമാണ്.
നവാഗതരുടെ സിനിമകളിലാണല്ലോ കുടുതൽ അഭിനയിക്കുന്നത്?
പരിചയസമ്പത്തുള്ള സംവിധായകർ വിളിക്കുന്നത് കുറവാണ്.അതാണ് അവരോടൊപ്പം സിനിമകൾ കുറയുന്നത്. കരിയറിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് പുതുമുഖ സംവിധായകരുടെ കൂടെയാണ് . പുതുമുഖ സംവിധായകൻ സിനിമ ചെയ്യുമ്പോൾ ആദ്യസിനിമയ്ക്ക് നൽകുന്ന ഊർജവും അദ്ധ്വാനവും വ്യത്യസ്തമായിരിക്കും. എന്റെ സിനിമകളിൽ പ്രവർത്തിച്ചവരുടെ ആദ്യത്തെ സിനിമയുടെ ഭാഗമാകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ചിലസമയത്ത് വിലയിരുത്തൽ തെറ്റിപോവാറുണ്ട്.മലയാളികൾക്ക് മികച്ച സിനിമകൾ ഒരുക്കിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ലഭിക്കുന്ന ഒരവസരവും ഞാൻ നഷ്ടപ്പെടുത്തില്ല.
അന്യഭാഷ സിനിമകൾ അടുപ്പം കാണിക്കുന്നില്ലേ ?
എന്നെ ആകർഷിക്കുന്ന സിനിമ ഇതുവരെ വന്നില്ല. അന്യഭാഷയിലേക്കാൾ മികച്ച സിനിമകളിലാണ് ഞാൻ മലയാളത്തിൽ അഭിനയിച്ചത്. സുരക്ഷിതമായ ഇടത്ത് ജോലി ചെയ്യുന്നു.മലയാള സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹവും താത്പര്യവും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |