അമരാവതി: എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ ആന്ധ്രാപ്രദേശിൽ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ജഗൻമോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈ.എസ്.ആർ കോൺഗ്രസിന് മികച്ച മുന്നേറ്റം. സംസ്ഥാനത്തെ 141 നിയോജക മണ്ഡലങ്ങളിലും വൈ.എസ്.ആർ സ്ഥാനാർത്ഥികളാണ് മുന്നിൽ. 32 സീറ്റുകളിൽ മാത്രമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി മുന്നിട്ട് നിൽക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൈ.എസ്.ആർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
എക്‌സിറ്റ് പോളിൽ ആന്ധ്രാ ഭരണം ജഗൻ മോഹൻ റെഡ്ഡി ഈസിയായി നേടിയെടുക്കുമെന്നും ലോക്‌സഭാ സീറ്റുകളിൽ മിന്നുന്ന വിജയം നേടുമെന്നുമാണ് കണ്ടത്. പ്രദേശികമായ സർവേ ഫലത്തിൽ മാത്രമാണ് നായിഡുവിന് സാദ്ധ്യത കൽപ്പിച്ചിട്ടുള്ളത്. ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിലെ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ജഗനു നൽകാഞ്ഞതതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ജഗൻ വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചത്.
ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തെലുങ്കു ദേശത്തിനൊപ്പം കോൺഗ്രസും ജഗന് ശത്രുക്കളായിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ ജഗൻ സ്വാഗതം ചെയ്‌തിരുന്നു. പഴയതൊക്കെ ക്ഷമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനുപ്പുറത്തേക്ക് ഒരു ചുവടു പോലും മുന്നോട്ടു വച്ചിട്ടില്ല. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടി ജഗനെ കോൺഗ്രസിനോട് അടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടതുമില്ല. ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോൺഗ്രസ് നാമാവശേഷമാകുന്ന സൂചനകളാണ് എക്‌സിറ്റ് പോൾ ഫലങ്ങളും കാണിക്കുന്നത്. ജഗനെ അന്നു പിണക്കിയതിന്റെ ഫലം ഇന്ന് അനുഭവിക്കുന്നത് കോൺഗ്രസ് ആണെന്നു ചുരുക്കം. എതിരാളിയായ നായിഡു കോൺഗ്രസ് പക്ഷത്തേക്കും മഹാസഖ്യത്തിലേക്കുമൊക്കെ പോയ സാഹചര്യത്തിൽ ജഗനെ ഒപ്പം നിറുത്താൻ ബി.ജെ.പി ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അതിനൊന്നും സ്ഥീരികരണമില്ല. ചിലപ്പോൾ ശരിക്കും കിംഗ് മേക്കർ ജഗൻ ആയാലോ?
കേസുകളിൽ പ്രതി, കോടീശ്വരൻ
ഇങ്ങനെയാക്കെയാണെങ്കിലും ജഗൻ മോഹൻ റെഡ്ഡി മിസ്റ്റർ ക്ളീൻ അല്ലേയല്ല. നിരവധി കേസുകളിൽ പ്രതി. സി.ബി.ഐ അന്വേഷണം വരെ നടക്കുന്നു. അഴിമതി കേസിൽ ജയിലിലായിട്ടുണ്ട്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് 368 കോടിയുടെ കള്ളപ്പണം. പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്ക് ഇങ്ങനെ. ആസ്തി 375 കോടി രൂപ. ക്രിമിനൽ കേസ് 31. ഭാര്യയുടെയും (124 കോടി) രണ്ട് പെൺമക്കളുടേയും കണക്കു കൂടിയാകുമ്പോൾ 416 കോടിയാകും ആസ്‌തി. ഭാര്യയുടെ ആസ്‌തിയിൽ 3.5 കോടിയിലേറെ വില വരുന്ന 5.86 കിലോ സ്വർണ്ണവും വജ്രവും ഉൾപ്പെടുന്നു.
പണികിട്ടിയത് നായിഡുവിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കുവാനും കേന്ദ്രത്തിൽ പ്രതിപക്ഷ മുന്നണിയുണ്ടാക്കാനും ഓടി നടന്ന ചന്ദ്രബാബു നായിഡുവിന് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |