SignIn
Kerala Kaumudi Online
Saturday, 02 July 2022 4.57 PM IST

അച്യുതാനന്ദന്റെ കാലം മുതൽ പോപ്പുലർ ഫ്രണ്ട് റാലികൾക്ക് അനുമതി കൊടുത്തിട്ടില്ല; എന്നാൽ ഇപ്പോൾ റാലി നടത്താൻ അനുവാദം കിട്ടുന്നതിന് പിന്നിലെ കാരണങ്ങൾ ഇതൊക്കെയാണ്

rally

'അവലും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളൂ, കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളൂ, വരുന്നുണ്ട് വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ' പോപ്പുലർ ഫ്രണ്ടുകാരുടെ അനുപമമായ മുദ്രാവാക്യശൈലി കേട്ടു ശീലിച്ചവർക്ക് ഇതിലൊന്നും ഒരു അത്ഭുതവും തോന്നേണ്ടതില്ല. ഇതിലും മികച്ച മുദ്രാവാക്യങ്ങൾ മുഴക്കാൻ കഴിവും പ്രാപ്തിയും ഭാവനാസമ്പത്തും തന്റേടവും ചങ്കൂറ്റവും ഉള്ളവരാണ് ആ സംഘടനയുടെ പ്രവർത്തകർ. പൊതുവേ സമാധാനപരമായി കടന്നുപോയ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരകാലത്തു പോലും 'ഇരുപത്തിയൊന്നിൽ ഉൗരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്തു പോയിട്ടില്ല' എന്നൊക്കെ മുദ്രാവാക്യം വിളിച്ച് പ്രബുദ്ധ കേരളത്തെ കോരിത്തരിപ്പിച്ചവരാണ് അവർ.

തീവ്രവാദത്തിനെതിരെ വാർത്ത കൊടുത്ത പ്രമുഖ കോട്ടയം പത്രമോഫീസിനു മുന്നിൽ 'കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും' എന്ന് മുദ്രാവാക്യം മുഴക്കി നിലപാട് വ്യക്തമാക്കിയവരുമാണ്. അതിനുശേഷം ആ പത്രം തീവ്രവാദം എന്നു തികച്ചു പറഞ്ഞിട്ടില്ല എന്നുമുണ്ട് ചരിത്രം. 'കുരയ്ക്കും പട്ടി കടിക്കില്ല' എന്ന പഴഞ്ചൊല്ല് ഈ സംഘടനയ്‌ക്ക് ബാധകമല്ല. അവർ കുരയ്ക്കുക മാത്രമല്ല കടിച്ച് കുടയുകയും ചെയ്യും. എന്തും ചെയ്യാൻ മടിയില്ലാത്ത കൂട്ടരാണ്. കൈവെട്ടുമെന്ന് പറഞ്ഞാൽ കൈവെട്ടും. കാൽവെട്ടുമെന്നു പറഞ്ഞാൽ കാൽ വെട്ടും. തലവെട്ടുമെന്ന് പറഞ്ഞാൽ ഉടലും തലയും വെവ്വേറെയാക്കും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൊക്കെ അവരുടെ പ്രവർത്തകർ സജീവമാണ്. സമീപകാലത്ത് പൊലീസിലും ഫയർ ഫോഴ്‌സിലും വരെ ഇവരുടെ സാന്നിദ്ധ്യം ശക്തമാണ്.

'വർഗ്ഗീയത തുലയട്ടെ' എന്നു ചുമരെഴുതുന്ന വിദ്യാർത്ഥി - യുവജന സംഘടനകൾ ഒരിക്കലും ഈ സംഘടനയുടെ പേരു പറയില്ല. പ്രാണഭയം തന്നെ കാരണം. സാംസ്കാരിക നായകർക്കും നവോത്ഥാനകാല ബുദ്ധിജീവികൾക്കും ഇവരെ വലിയ മതിപ്പാണ്. സൈദ്ധാന്തിക തലത്തിൽ ചില വിയോജിപ്പുകൾ പ്രകടിപ്പിക്കുമെന്നല്ലാതെ പേരെടുത്തു പറഞ്ഞ് ആരും വിമർശിക്കുകയില്ല. 'മര്യാദയ്ക്ക് ജീവിച്ചില്ലേൽ ഞങ്ങൾക്കറിയാം പണിയറിയാം, ഞങ്ങൾക്കറിയാം ആസാദി ' എന്ന് ഇവർ മുദ്രാവാക്യം വിളിക്കുമ്പോൾ ആസാദിയുടെ അർത്ഥം കൂട്ടക്കൊലയെന്നും വംശഹത്യയെന്നുമാണ്. മാറാട് മായാത്ത മറയാത്ത ഓർമ്മയായി നമുക്ക് മുന്നിലുണ്ട്. റിപ്പബ്ളിക്കിനെ രക്ഷിക്കുകയെന്നു പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് ഇസ്ളാമിക റിപ്പബ്ളിക്കിനെയാണ്. അംബേദ്‌കർ എഴുതിയ ഭരണഘടനയല്ല അവരുടെ ഭരണഘടന ; അതു മറ്റൊരു കിത്താബ് ആണ്.

മേയ് 21 ന് ആലപ്പുഴയിൽ ജനമഹാസമ്മേളനത്തിലെ പ്രകോപനപരമായ പ്രസംഗങ്ങളോ അതിനു മുന്നോടിയായി നടന്ന റാലിയിൽ മുഴങ്ങിയ ഭയാനകമായ മുദ്രാവാക്യങ്ങളോ അല്ല വാർത്തയായത്. ചെറിയൊരു ആൺകുട്ടി ഒരു പ്രവർത്തന്റെ കഴുത്തിലിരുന്ന് മുദ്രാവാക്യങ്ങൾ മുഴക്കിയതും അതു സംഘാടകർ തന്നെ വീഡിയോയെടുത്ത് സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചതുമാണ് വിവാദത്തിന് തിരികൊളുത്തിയത്. മുഖ്യധാരാ മാദ്ധ്യമങ്ങളാരും ആ വാർത്ത കൊടുക്കാൻ ധൈര്യപ്പെട്ടില്ല. ടി.വി ചാനലുകൾ ആദ്യത്തെ രണ്ടുദിവസം ചർച്ചയും സംഘടിപ്പിച്ചില്ല. മുമ്പ് സൂചിപ്പിച്ച കോട്ടയം പത്രം അസമിൽ മൂന്നുപേരുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയ വാർത്തയാണ് ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. ആലപ്പുഴയിലെ കാര്യം അവർ അറിഞ്ഞതുമില്ല പറഞ്ഞതുമില്ല. നിയമപാലകരും ആദ്യഘട്ടത്തിൽ ഇങ്ങനെയൊരു സംഭവം അറിഞ്ഞതായി ഭാവിച്ചില്ല. പിന്നീട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിവാദം കത്തിക്കയറുകയും ചില ക്രിസ്ത്യൻ സംഘടനകൾ പരാതിയുമായി സമീപിക്കുകയും ചെയ്തപ്പോൾ മടിച്ചു മടിച്ചാണെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ നിർബന്ധിതമായി.

കുട്ടിയെ ചുമലിൽ കയറ്റിയ പ്രവർത്തകനെയും സംഘടനയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലും ആലപ്പുഴയിലും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സാധാരണഗതിയിൽ കസ്റ്റഡിയിൽ എടുത്തവരെ ഗുണദോഷിച്ചു പറഞ്ഞയക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ അവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യിക്കുകയുമാണ് ഉണ്ടായത്. സംഭവം നടന്ന് ആറാം ദിവസം കുറ്റവാളികളോടു വിട്ടുവീഴ്‌ചയില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി തട്ടിമൂളിച്ചു.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ പോപ്പുലർ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിനും യൂണിറ്റി മാർച്ചിനും ഒന്നും പൊലീസ് അനുമതി നൽകിയിരുന്നില്ല. പ്രകോപനവും സംഘർഷവും ഒഴിവാക്കാൻ വേണ്ടിയായിരുന്നു അത്. ഇക്കഴിഞ്ഞ ഡിസംബർ 18 ന് ഒരു പോപ്പുലർഫ്രണ്ട് പ്രവർത്തകൻ കൊലചെയ്യപ്പെടുകയും മണിക്കൂറുകൾക്കകം ഒരു ബി.ജെ.പി നേതാവിനെ വധിച്ച് പകരം വീട്ടുകയും ചെയ്ത സാഹചര്യത്തിൽ ആലപ്പുഴയിൽ ഒരു കാരണവശാലും പരേഡിനും റാലിക്കും പൊതുസമ്മേളനത്തിനും അനുമതി ലഭിക്കുമായിരുന്നില്ല. ഇവരുടെ റാലിയിൽ ഉയരാനിടയുള്ള മുദ്രാവാക്യങ്ങളും പൊതുയോഗത്തിൽ നടക്കാനിടയുള്ള പ്രസംഗങ്ങളും എത്രമാത്രം പ്രകോപനപരമാണെന്ന് ഈ നാട്ടിലെ ഏതു പൊലീസുകാരനും അറിയാം.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും തീവ്രവാദ പ്രവർത്തനത്തെക്കുറിച്ചു ഗവേഷണം നടത്തി അമേരിക്കൻ സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് എടുത്ത സംസ്ഥാനത്തെ ഇന്റലിജൻസ് എ.ഡി.ജി.പിക്കും നന്നായി അറിയാം. പക്ഷേ രാഷ്ട്രീയം അതാണല്ലോ എല്ലാം ? ആലപ്പുഴ ജില്ലക്കാരനായ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം, ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ എന്നിവരൊക്കെ വർഗ്ഗീയതയോടു വലിയ എതിർപ്പുള്ളവരാണെങ്കിലും പോപ്പുലർ ഫ്രണ്ടിനോട് സഹാനുഭൂതി ഉള്ളവരാണ്.

2018 ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു മുതൽ മതതീവ്രവാദികളും വിപ്ളവകാരികളും തമ്മിലുള്ള അധർധാര സജീവമാണ്. അങ്ങനെ റാലിക്കും പരേഡിനും അനുമതി ലഭിച്ചു. ഇതേസമയം ബദൽ റാലി നടത്തുമെന്ന് ഹിന്ദു തീവ്രവാദികൾ പ്രഖ്യാപിച്ചു. ബജ്‌രംഗദളിന്റെ ശൗര്യദിനാചരണവും റാലിയും തൽസമയം നടന്നു. പാവം പൊലീസുകാർ വല്ലാതെ ബുദ്ധിമുട്ടി. ഏതായാലും അടിപിടിയും കത്തിക്കുത്തുമില്ലാതെ രണ്ടു കലാപരിപാടികളും സമാപിച്ചു. അതിനുശേഷമാണ് വീഡിയോ പുറത്തു വന്നതും വിവാദം ആളിപ്പടർന്നതും. റാലിക്കും പരേഡിനും അനുമതി നൽകിയ കളക്ടറും പൊലീസ് മേധാവിയും അവർക്കു മേൽ സമ്മർദ്ദം ചെലുത്തിയ എം.എൽ.എമാരും മന്ത്രിയുമാണ് യഥാർത്ഥ പ്രതികളെങ്കിലും അവർക്കെതിരെ കേസെടുക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വ്യവസ്ഥയില്ലാത്തതുകൊണ്ട് അന്വേഷണം പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികളിലേക്കും കുട്ടിയെ ചുമലിലേന്തിയ പ്രവർത്തകനിലേക്കും ചുരുങ്ങി.

മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോൾ ലീഗ് മുൻകൈയെടുത്ത് മുസ്ളിം സംഘടനകളുടെ യോഗം കോട്ടക്കലിൽ വിളിച്ചു ചേർക്കുകയും ജമാ അത്തെ ഇസ്ളാമിയെയും പോപ്പുലർ ഫ്രണ്ടിനെയും തള്ളിപ്പറയുകയും ഉണ്ടായി. ഡോ. എം.കെ. മുനീറും കെ.എം. ഷാജിയും നാടൊട്ടുക്ക് സഞ്ചരിച്ച് തീവ്രവാദത്തെ അതിശക്തമായി അപലപിച്ചു. മിതവാദ സമീപനം പുലർത്തുന്ന, ഇന്ത്യൻ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മുസ്ളിം ലീഗ് അവരുടെ ചുമതല നിറവേറ്റിയതായി പൊതുസമൂഹം അന്ന് വിലയിരുത്തി. ലീഗിന്റെ മതനിരപേക്ഷ നിലപാടുകൾക്കുള്ള ഒരംഗീകാരം കൂടിയായി അതു മാറി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ലീഗിനും അതു ഗുണംചെയ്തു. ഇത്തവണ ലീഗ് നേതാക്കളും തീവ്രവാദത്തെ ഒരുതരത്തിലും അനുകൂലിക്കാത്ത സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ഇ.കെ, എ.പി വിഭാഗം ഉസ്താദുമാരും കോഴിക്കോട്ടു നിന്ന് പുറപ്പെടുന്ന പത്രങ്ങളും പ്രായേണ നിശബ്ദരാണ്. 'അമ്മായിയും കുടിച്ചു പാൽക്കഞ്ഞി' എന്ന മട്ടിലുള്ള പ്രതികരണങ്ങളേ ഉണ്ടായിട്ടുള്ളൂ. സാംസ്കാരിക നായികാ നായകന്മാരും വിപ്ളവ യുവജന സംഘടനകളും പതിവുപോല മൗനം പാലിച്ചു.

യു.ഡി.എഫും എൽ.ഡി.എഫും തൃക്കാക്കരയിൽ ജീവന്മരണ പോരാട്ടത്തിലാണ്. അവിടെ ഓരോ വോട്ടും നിർണായകമാണ്. പോപ്പുലർ ഫ്രണ്ടുകാർക്കും കുറച്ചു വോട്ടുണ്ടാകും. അതു നഷ്ടപ്പെടുത്താൻ ആരും തയ്യാറല്ല. മതനിരപേക്ഷതയും സമുദായ സൗഹാർദ്ദവുമൊക്കെ വേണ്ടതു തന്നെ. പക്ഷേ വോട്ടാണ് പരമപ്രധാനം. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഇടതുമുന്നണിക്ക് പിന്തുണ പ്ര്യഖ്യാപിച്ചിട്ടുണ്ട്. സി.പി.എം നേതാക്കൾക്ക് ഒപ്പം അവരും വീടുകയറി പ്രചാരണം നടത്തുന്നു. വെൽഫെയർ പാർട്ടിയും ജമാ അത്തെ ഇസ്ളാമിയും യു.ഡി.എഫിനോടാണ് ചായ്‌വ് പ്രകടിപ്പിക്കുന്നത്. എസ്.ഡി.പി.ഐയുടെ പിന്തുണ ഇടതുമുന്നണി ന്യായമായും പ്രതീക്ഷിക്കുന്നു. പ്രകോപനപരമായ റാലിക്കും പരേഡിനും അനുമതി നൽകിയതു തന്നെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഇടയ്‌ക്കിടെ അഭിപ്രായപ്പെടുന്നുണ്ട്. എസ്.എൻ.ഡി.പിയും എൻ.എസ്. എസുമടക്കമുള്ള ഹിന്ദു സമുദായ സംഘടനകൾ ആലപ്പുഴയിലെ 'അവലും മലരും' കേട്ടിട്ടും പേടിച്ചില്ല ; പ്രതികരിച്ചുമില്ല. എന്നാൽ കുന്തിരിക്കത്തിന്റെ ആന്തരാർത്ഥമോർത്ത് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ നടുങ്ങി. കത്തോലിക്ക മെത്രാൻ സമിതി അനുകരണീയമായ ശൈലിയിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. കൂട്ടത്തിൽ പി.സി ജോർജിനെ ഭംഗ്യന്തരേണ ന്യായീകരിക്കുകയും ചെയ്തു. സംഘപരിവാറും ക്രിസംഘി പരിവാറും ആവേശപൂർവം രംഗത്തുണ്ട്. ഇതൊരു സുവർണാവസരമാണെന്ന് അവർക്കറിയാം.

ഇതുകൊണ്ടൊന്നും കുലുങ്ങുന്നവരല്ല പോപ്പുലർ ഫ്രണ്ടുകാർ. ആർ. എസ്. എസിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകും, എട്ടുംപൊട്ടും തിരിയാത്ത ഒരു കൊച്ചുകുട്ടി ആത്മപ്രചോദിതനായി മുദ്രാവാക്യം മുഴക്കിയത് എങ്ങനെ തങ്ങളുടെ പാപമാകുമെന്നൊക്കെ അവർ ചോദിക്കുന്നു. ഈ മുദ്രാവാക്യം തെരുവുകൾ തോറും വിളിക്കാനാണ് സംഘടനയുടെ തീരുമാനം. എന്തു പ്രത്യാഘാതമുണ്ടായാലും അനുഭവിക്കാൻ തയ്യാറാണ്. കൈ വെട്ടാനോ കാൽ വെട്ടാനോ തല വെട്ടാനോ മടിക്കാത്ത ധർമ്മഭടന്മാർക്ക് ഇനി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ഒരു കേസു കൂടി വന്നാൽ അതത്ര വലിയ വിഷയമല്ല. മാത്രമല്ല ഇതുപോലുള്ള പ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്തി പരിശീലനം നൽകി ആവശ്യാനുസരണം സിറിയയിലേക്കോ അഫ്‌ഗാനിസ്ഥാനിലേക്കോ ജിഹാദിനു കയറ്റി അയയ്‌ക്കാനും ഉദ്ദേശിക്കുന്നു. 2014 ലും 2019 ലും നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സമുദായാംഗങ്ങൾ ചകിതരാണെന്ന് പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് അറിയാം. 2016 ൽ നഷ്ടപ്പെട്ട ഭരണം 2021 ൽ വീണ്ടെടുക്കാൻ കഴിയാത്ത ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന് തീവ്രവാദത്തിന്റെ കാര്യത്തിൽ പഴയ വീറും വാശിയുമൊന്നും പ്രകടിപ്പിക്കാൻ കഴിയില്ലെന്നും അവർ തിരിച്ചറിയുന്നു. സമസ്തയ്ക്ക് എന്നല്ല ഒരു സംഘടനയ്ക്കും ഇനി പോപ്പുലർ ഫ്രണ്ടിനെ അംഗീകരിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല. 2031 ൽ കേരള നിയമസഭയിൽ അംഗത്വം നേടാം, 2047 ൽ ഇന്ത്യ ഭരിക്കാം എന്നാണ് അവരുടെ വ്യാമോഹം. അതുകൊണ്ടു പുലി വരാൻ യാസീൻ ഓതുകയാണ് പോപ്പുലർ ഫ്രണ്ടുകാർ.

അഡ്വ. എ ജയശങ്കർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS360, NEWS360, KERALA, GENERAL, EXPLAINER, POLITICS, SDPI, SDPI BJP, CPM, LEFT, RALLY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.