വർക്കല: വീട്ടിലേക്കുള്ള നടവഴിയിൽ പോത്തിനെ കെട്ടുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയ ആളെ മർദ്ദിച്ച കേസിൽ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. ഇടവ പാലക്കാവ് ക്ഷേത്രത്തിന് സമീപം കൊച്ചുവയലിൽ വീട്ടിൽ താജുദ്ദീനാണ് (46) അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 26ന് രാത്രി 7ഓടെ ലോട്ടറി കച്ചവടം നടത്തിയശേഷം വീട്ടിലേക്ക് നടന്നുവന്ന അയൽവാസി കരിക്കകം വീട്ടിൽ രാജുവിനെ കല്ലുകൊണ്ട് മർദ്ദിച്ച കേസിലാണ് അറസ്റ്റ്. രാജുവിന്റെ വീട്ടിലേക്കുള്ള വഴിയിൽ താജുദ്ദീൻ സ്ഥിരമായി പോത്തിനെ കെട്ടുന്നതിനെ സംബന്ധിച്ച് രാജു പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അയിരൂർ സി.ഐ ശ്രീജേഷ്, എസ്.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |