SignIn
Kerala Kaumudi Online
Thursday, 19 September 2024 3.55 AM IST

പ്രതീക്ഷയുടെ പ്രഭയുമായി ക്ളാസ് മുറികൾ

Increase Font Size Decrease Font Size Print Page

photo

മാനവരാശിയെ കടുത്ത പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരിയെ മറികടക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഇക്കൊല്ലം അദ്ധ്യയനവർഷം ആരംഭിക്കുന്നത്. പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന എല്ലാ വിദ്യാർത്ഥികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. രണ്ടുവർഷത്തിന് ശേഷമാണ് കുട്ടികൾ സ്‌കൂളുകളിലെത്തുന്നത്. കുട്ടികൾക്ക് സുരക്ഷിത വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത് .

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കർശനനിർദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി. ശൗചാലയങ്ങൾ വൃത്തിയാക്കി. പാഠപുസ്തകങ്ങൾ സ്‌കൂളുകളിലെത്തിച്ചു. പൊതുജന സഹകരണത്തോടെ സ്‌കൂളും പരിസരവും ശുചിയാക്കി. കുഞ്ഞുങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി വർണശബളമായ അലങ്കാരങ്ങളും സജ്ജീകരിക്കുന്നുണ്ട്. അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഉത്സവച്ഛായയോടെയാണ് കുട്ടികളെ വരവേൽക്കുന്നത്.

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിതനയം. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്. ആറ് വർഷത്തിനുള്ളിൽ പത്തരലക്ഷം കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം തേടി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായതന്നെ മാറ്റി.
നവോത്ഥാന കേരളം വിജ്ഞാനസമൂഹമായി കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള അടിത്തറയൊരുക്കേണ്ടത് സ്‌കൂളുകളിലാണെന്ന് വിസ്മരിക്കരുത്. അന്താരാഷ്ട്രതലത്തിലെ മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ മുന്നിലെത്തണം. അതിനാവശ്യമായ വിദഗ്ദ്ധപരിശീലനം പള്ളിക്കൂടങ്ങളിൽനിന്നും ലഭിക്കണം.

പഠനം കേവലം പരീക്ഷാവിജയം മാത്രമല്ല. കുട്ടികൾക്ക് കടുത്ത മാനസികസമ്മർദ്ദം നൽകി പരീക്ഷകളിൽ ഒന്നാമതാക്കുക എന്നതല്ല പൊതുവിദ്യാഭ്യാസനയം. അതിസങ്കീർണവും പ്രശ്നാധിഷ്ഠിതവുമായ സമൂഹത്തിൽ അതിജീവിക്കാൻ പ്രാപ്തിനേടുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. പരിസ്ഥിതിബോധം, ലിംഗാവബോധം, ശുചിത്വബോധം തുടങ്ങിയവ കുട്ടികളിൽ വളർത്തിയെടുക്കാനും വിദ്യാഭ്യാസത്തിന് കഴിയണം.

രണ്ടുവർഷം വീടുകളിൽമാത്രം കഴിഞ്ഞ കുട്ടികൾക്ക് ക്ളാസ് മുറികളിലേക്കുള്ള വരവ് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്‌ടിച്ചേക്കാം. അവർക്ക് കൂട്ടംകൂടാനോ കൂട്ടത്തിൽ ജീവിക്കാനോ ഉള്ള അറിവുണ്ടാവില്ല. സ്‌ക്രീൻ അഡിക്‌ഷന് പല കുട്ടികൾക്കും ചികിത്സ പോലും ആവശ്യമായി വന്നിരുന്നു. സന്തോഷകരമല്ലാത്ത കുടുംബാന്തരീക്ഷത്തിൽ നിന്നുള്ള കുട്ടികൾ വൈകാരികമായി ഏറെ ദുർബലരായിരിക്കും. ഇക്കാരണങ്ങളാൽ അവരുടെ വൈകാരിക, സാമൂഹ്യ , മാനസിക പ്രശ്നങ്ങൾ കൂടി അദ്ധ്യാപകർ അനുതാപത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാൽ ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് സർക്കാർ അദ്ധ്യാപകർക്ക് ഇക്കൊല്ലം പരിശീലനം നൽകിയത്.
അദ്ധ്യാപക പരിശീലനം റെസിഡൻഷ്യൽ മാതൃകയിൽ ആക്കുന്നതിനു പരീക്ഷണാടിസ്ഥാനത്തിൽ ഇക്കൊല്ലം ഒരു ശ്രമം തുടങ്ങിയിട്ടുണ്ട്. വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ സർക്കാർ മുൻഗണന നൽകുന്നു. കടലോര, ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട് .

2018 - 19 അദ്ധ്യയന വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാഡമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നുണ്ട് . സ്‌കൂൾ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള അടിസ്ഥാന രേഖയാണിത്. ഇക്കൊല്ലം അക്കാഡമിക മാസ്റ്റർ പ്ലാൻ ഘട്ടം രണ്ടാണ് തയാറാക്കുന്നത് . അദ്ധ്യാപകരെയും രക്ഷിതാക്കളെയും സജ്ജരാക്കാനുള്ള പരിവർത്തന പദ്ധതിയാണിത്.

നവകേരള സൃഷ്ടിക്ക് ഉതകുന്ന കരുത്തുറ്റ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. ജനാധിപത്യ കാഴ്ചപ്പാടും പൗരബോധവുമുള്ള തലമുറയെ വാർത്തെടുക്കാനുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ രക്ഷാകർത്താക്കളും അദ്ധ്യാപകരും പൊതുസമൂഹവും സർക്കാരിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SCHOOL OPENING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.