തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട പരാജയത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. 'തോറ്റത് ഇഷ്ടമായതുകൊണ്ടല്ല, തോറ്റാലും കൈവിടില്ല, കൂടെ നിൽക്കും എന്നൊരുറപ്പാണത്. ആ സമയം കഴിഞ്ഞു.
ഓടാൻ വേഗതയുള്ള മുയലുകളായിട്ടു കാര്യമില്ല ഇടക്കിടക്ക് ആത്മവിശ്വാസത്തിലും അഹങ്കാരത്തിലും ഉറങ്ങിപ്പോകുമെങ്കിൽ. ജനാധിപത്യമെന്നാൽ നിത്യമായ ഉണർന്നിരിക്കലാണ്. കൃത്യമായ ജാഗ്രതയാണ്'- ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു കുട്ടി പരീക്ഷയിൽ തോറ്റാൽ വീട്ടിലെ സ്നേഹമുള്ളവർ, അധ്യാപകർ ഒക്കെ ആ കുട്ടിയോട് ചേർന്നു നിന്ന് തോൽവിയെ വിജയമായി കാണണമെന്നും ജയിച്ചവർക്കെല്ലാം എല്ലാക്കാലവും ജയമൊന്നുമുണ്ടാവില്ലെന്നും ന്യായീകരിച്ചുവെന്നിരിക്കും. അത് തോൽവിയെ ഉൾക്കൊള്ളാനുള്ള ഒരു മാനസിക ശക്തി കൈവരിക്കാൻ തോറ്റവർക്കൊപ്പം നിൽക്കുന്ന ആരോഗ്യകരമായ ആദ്യപ്രതികരണരീതി മാത്രമാണ്. ശാന്തമായി സിറ്റുവേഷൻ കൈകാര്യം ചെയ്യൽ മാത്രമാണത്. തോറ്റത് ഇഷ്ടമായതുകൊണ്ടല്ല, തോറ്റാലും കൈവിടില്ല, കൂടെ നിൽക്കും എന്നൊരുറപ്പാണത്. ആ സമയം കഴിഞ്ഞു.
ഓടാൻ വേഗതയുള്ള മുയലുകളായിട്ടു കാര്യമില്ല ഇടക്കിടക്ക് ആത്മവിശ്വാസത്തിലും അഹങ്കാരത്തിലും ഉറങ്ങിപ്പോകുമെങ്കിൽ. ജനാധിപത്യമെന്നാൽ നിത്യമായ ഉണർന്നിരിക്കലാണ്. കൃത്യമായ ജാഗ്രതയാണ്.
NS മാധവൻ മുൻപൊരിക്കൽ ആരോടോ പറഞ്ഞതുപോലെ, 'കണാകുണാ പറച്ചിലുകൾ' കൊണ്ടു കാര്യമില്ല. ജനാധിപത്യത്തിൽ വിധാതാക്കൾ ജനങ്ങളാണ്.
സന്താനഗോപാലം കഥകളിയിലെ ഒരു രംഗമുണ്ട്. തന്നെ ആശ്രയിച്ച സാധു ബ്രാഹ്മണനു വേണ്ടി താൻ തന്നെ നിർമ്മിച്ച ശരകൂടത്തിന്റെ സുരക്ഷ പരിശോധിക്കാൻ അർജുനൻ അതിനുള്ളിലേക്കു കയറുകയാണ്. സ്വതേ അഹങ്കാരിയായ അർജുനനോട്, 'വാതിലിന് ഉയരക്കുറവാണ്, തല കുനിച്ചു കയറൂ' എന്നൊരു മുദ്ര സാധുവെങ്കിലും ബ്രാഹ്മണൻ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. കൃഷ്ണൻ നായരാശാനായാലും ഗോപിയാശാനായാലും അവിടെ ആ സാധുവിനു മുന്നിൽ, കിരീടത്തിൽ കൈ പിടിച്ചു കൊണ്ടു തന്നെ, തല കുനിച്ചു കയറുന്ന ആ ഭാഗം വലിയൊരു ജീവിതപാഠമായാണ് ഞാൻ കണ്ടിട്ടുള്ളത്. കിരീടത്തിൽ പിടിക്കുന്നുവെങ്കിലും തല കുനിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ വാതിലാണത്.
ഒരു കുഞ്ഞു കഥ കൂടി. കുടുംബത്തിലേക്ക് ഒരു പാടു നന്മകൾ ചെയ്ത കാരണവരുടെ കയ്യിൽ നിന്ന് വയസ്സുകാലത്ത് ഒരു ഭരണി താഴെ വീണു പൊട്ടി. 'ഭരണി പൊട്ടിച്ചയമ്മാവൻ ' എന്നാണദ്ദേഹത്തെ പിന്നെയുള്ള കാലം മുഴുവൻ പിൻതലമുറ വിളിച്ചത്. ബംഗാളിലെ സ്ഥിതി, ബംഗാളിലെ സ്ഥിതി എന്ന ഓർമ്മപ്പെടുത്തൽ അങ്ങനെയൊന്നാണ്. കേരളത്തിലെ പാർട്ടി സഖാക്കൾ, നേതാക്കൾ വലിയ അനുഭവ പരിജ്ഞാനമൊക്കെ ഉള്ളവരെങ്കിലും ഇതൊക്കെ ഇടക്കിടെ ഓർമ്മിപ്പിക്കാൻ ഇവിടെ ജനങ്ങളുണ്ടെന്ന കാര്യം മറക്കരുത്. അവർ നിസ്സാരക്കാരല്ല.
എസ്.ശാരദക്കുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |