SignIn
Kerala Kaumudi Online
Saturday, 12 September 2026 9.21 PM IST

പണത്തിന് ലഹരിക്കടത്ത് ക്വട്ടേഷൻ

hashish-

തൃശൂർ: ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേർ പിടിയിലായതോടെ, ഗുണ്ടാമാഫിയ സാമ്പത്തിക ആവശ്യങ്ങൾക്ക് മയക്കുമരുന്ന് കടത്തും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. പിടിയിലായ ഷഫീക്ക്, മഹേഷ് എന്നിവർ ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ മുനീബ് എന്നയാളെ 2021ൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളാണ്. ക്രിമിനൽ കേസിന് നിയമസഹായത്തിനുള്ള പണം കണ്ടെത്താനാണ് ഹാഷിഷ് ഓയിൽ കടത്തിയതെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് പറയുന്നു.
കൊലപാതകക്കേസുകളിലടക്കം പണം വാരിയെറിഞ്ഞ് വൻകിട അഭിഭാഷകരെ തേടാനും പണം നൽകി സാക്ഷികളെ സ്വാധീനിക്കാനും ഇവർ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം. ചെറുപ്പക്കാരാണ് ലഹരിവലയിൽ കുടുങ്ങുന്നവരും പ്രതികളും. ഇന്നലെ പിടികൂടിയവരെല്ലാം 23 വയസിൽ താഴെയുള്ളവരാണ്. പ്‌ളസ്ടു പഠനം കഴിഞ്ഞ് ഗുണ്ടാസംഘങ്ങളിൽ അറിയാതെ ചെന്നുപെടുന്നവരുമുണ്ട്. ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാകുന്നതോടെ ഇവർ, സ്വാഭാവികമായും ലഹരിസംഘങ്ങളുടെ വലയിൽ പെടും. കേസിൽപെടുമ്പോൾ രക്ഷകരായെത്തുന്നതും ലഹരിമാഫിയകളാകും. അതുകൊണ്ട് ഒരുതവണ ഇത്തരം സംഘങ്ങളിൽ വീണവർ ആജീവനാന്തം ക്രിമിനലുകളായി തുടരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

ഹാഷിഷ് ചെറിയ ലഹരിയല്ല

കഞ്ചാവ് കടത്തിയാൽ കിട്ടുന്നതിന്റെ നിരവധി മടങ്ങ് ലാഭമായിരിക്കും ഹാഷിഷിന് കിട്ടുന്നത്. ഒരു കിലോഗ്രാമിന് ചില്ലറ വിപണിയിൽ ഒരു കോടിയിലധികം ലഭിക്കുന്നതിനാൽ ഇത് കൊണ്ടുനടക്കാനും ക്രയവിക്രയത്തിനും എളുപ്പമാണ്. ആറേഴ് മണിക്കൂർ നീളുന്ന ലഹരി കിട്ടാൻ ഒരു ബീഡിയിലോ സിഗരറ്റിലോ ഹാഷിഷ് ഓയിലിൽ മുക്കിയ സൂചിമുന കൊണ്ട് ഒന്നു വരഞ്ഞാൽ മതി. ഒരു ഇൻജക്ഷൻ കുപ്പിയിൽ ഇത് കൊണ്ടു നടക്കാനുമാകും. കഞ്ചാവ് പിടിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. അതുകൊണ്ടാണ് കഞ്ചാവ് കടത്തുകാരെല്ലാം ഹാഷിഷ് ഓയിലിലേക്ക് മാറുന്നത്. ആന്ധ്രയിലും ഒഡീഷയിലുമുള്ള നക്‌സലൈറ്റ് മേഖലകളിൽ നിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നും എത്തുന്നുണ്ട്. നാലോ അഞ്ചോ ഇടനിലക്കാരിലൂടെ കടന്നാണ് കേരളത്തിലെ സംഘങ്ങളിൽ എത്തുന്നത്.

ഷാമ്പൂ മുതൽ ഫ്രൂട്ട് ജ്യൂസ് വരെ

ഹാഷിഷ് ഓയിൽ കടത്തുന്നത് ഷാമ്പൂവിന്റെയും ഫ്രൂട്ട് ജ്യൂസിന്റെയുമെല്ലാം മറവിലാണ്. ഇന്നലെ പ്രതികളിൽ നിന്ന് പിടികൂടിയത്, ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്‌ളാസ്‌കുകൾ എന്നിവയാണ്. ഹാഷിഷ് ഓയിലിന് രൂക്ഷഗന്ധം ഉള്ളതിനാൽ, അത് മറികടക്കാനായി സുഗന്ധ തൈലങ്ങളും പുരട്ടാറുണ്ട്. 100 കിലോയിലധികം കഞ്ചാവ് വാറ്റുമ്പോഴാണ് വീര്യംകൂടിയ ഒരുകിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്.

കോടികൾ സമ്പാദിച്ചവരേറെ

നാലുവർഷം മുൻപ് തിരുവനന്തപുരത്ത് പിടിയിലായ അടിമാലി സ്വദേശി ഷാജി (48) പതിറ്റാണ്ടുകളോളം ഹാഷിഷ് വിൽപ്പനയിലൂടെ സമ്പാദിച്ചത് കോടികൾ. ആന്ധ്രയിലും ഒഡീഷയിലും ഏക്കർ കണക്കിന് കഞ്ചാവ് കൃഷി നടത്തിയും ഹാഷിഷ് വാറ്റിയും സമ്പാദിച്ച കോടീശ്വരനായ നിരവധി പേർ കേരളത്തിലുണ്ട്. കേരളത്തിനകത്തും പുറത്തും ബിനാമി പേരിൽ വസ്തുക്കളും റിസോർട്ടുകളും ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടാനായിരുന്നു ഇവർ പണം ഉപയോഗിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL