SignIn
Kerala Kaumudi Online
Sunday, 13 September 2026 6.06 AM IST

കോളറ ഭീതിയിൽ മരിയുപോൾ

ukraine

കീവ് : റഷ്യ പിടിച്ചെടുത്ത യുക്രെയിനിലെ തുറമുഖ നഗരമായ മരിയുപോൾ കോളറ ഭീതിയിലെന്ന് മുന്നറിയിപ്പ്. മാലിന്യങ്ങളും മൃതദേഹങ്ങളും നഗരത്തിന്റെ പലഭാഗത്തായി അഴുകുന്നതായും ഇത് പ്രദേശത്തെ ശുദ്ധജലത്തെ മലിനമാക്കിയിരിക്കുകയാണെന്നും മരിയുപോൾ മേയറിന്റെ ഉപദേഷ്ടാവായ പെട്രോ ആൻഡ്ര്യുഷ്‌ചെൻകോ പറഞ്ഞു.

മരിയുപോളിലെ റഷ്യൻ സൈനികർക്കിടെയിൽ കോളറ പടരാമെന്ന ഭീതിയിൽ സമീപത്തുള്ള റഷ്യൻ നഗരത്തിൽ പകർച്ചവ്യാധി യൂണിറ്റുകൾ ഒരുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മരിയുപോളിൽ അസോവ് തുറമുഖത്ത് പകർച്ച വ്യാധികൾ പടർന്നുപിടിക്കുമെന്ന് പ്രാദേശിക ഭരണകൂടം കഴിഞ്ഞാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

നഗരം മലിനജലത്തിൽ മുങ്ങിയിരിക്കുകയാണെന്നും ഓവുചാൽ സംവിധാനങ്ങൾ തകർന്നെന്നുമാണ് റിപ്പോർട്ട്. താപനില ഉയർന്നതും പ്രതികൂലമായി. മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ ചെറുത്തുനില്പിനിടെ കൊല്ലപ്പെട്ട ഏതാനും യുക്രെയിൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ യുക്രെയിന് കൈമാറിയെന്ന് അധികൃതർ അറിയിച്ചു.

അതേ സമയം, പോരാട്ടം രൂക്ഷമായി തുടരുന്ന കിഴക്കൻ നഗരമായ സെവെറൊഡൊണെസ്കിന്റെ ഭാഗിക നിയന്ത്രണം പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു. നഗരത്തിലെ ജനവാസ മേഖലകൾ പിടിച്ചെടുത്തെന്നാണ് റഷ്യയുടെ അവകാശവാദം. ഇവിടുത്തെ വ്യാവസായിക കേന്ദ്രങ്ങൾ നിറഞ്ഞ മേഖലയിൽ യുക്രെയിൻ ചെറുത്തുനില്പ് തുടരുകയാണ്. നൂറുകണക്കിന് സിവിലിയൻമാർ സെവെറൊഡൊണെസ്കിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360