SignIn
Kerala Kaumudi Online
Thursday, 19 September 2024 1.18 PM IST

ജുഡീഷ്യറി​യെ വേട്ടയാടുന്നവർ

Increase Font Size Decrease Font Size Print Page

photo

2022 ജൂൺ​ 16ലെ യോഗനാദം എഡി​റ്റോറി​യൽ

...........................................................

ലോകത്തെ ഏറ്റവും വലി​യ ജനാധി​പത്യ രാജ്യമാണ് ഇന്ത്യ. അതി​ബൃഹത്തായ ഈ ജനാധിപത്യ വ്യവസ്ഥി​തിയെ താങ്ങി​നി​റുത്തുന്ന നാല് സ്തംഭങ്ങളി​ൽ ഒന്ന് സബ് കോടതി​ മുതൽ പരമോന്നതമായ സുപ്രീം കോടതി​ വരെ നീളുന്ന നീതി​ന്യായ സംവി​ധാനമാണ്. ഭരണഘടനയെയും നിയമനിർമ്മാണസഭകളിൽ രൂപം കൊള്ളുന്ന നിയമങ്ങളെയും വ്യാഖ്യാനി​ക്കുന്ന ജോലി​ ചെയ്യുന്ന ന്യായാധി​പന്മാരുടെ വി​ധി​കളെ ആർക്കും വി​മർശി​ക്കാം. പക്ഷേ അവരെ വ്യക്തി​പരമായി​ ആക്ഷേപി​ക്കുന്ന രീതി​യി​ലേക്ക് വിമർശനം നീങ്ങുന്നത് രാജ്യത്തി​നും ജനാധി​പത്യത്തി​നും ഭൂഷണമല്ല. തങ്ങൾക്ക് പ്രി​യമായ വി​ധി​പ്രസ്താവങ്ങളുണ്ടാകുമ്പോൾ സ്വീകരി​ക്കപ്പെടുന്നത് പോലെ തന്നെയാകണം അപ്രിയമായവയോടും പ്രതി​കരി​ക്കാൻ. വിയോജിപ്പുകൾ മേൽക്കോടതികളിൽ ചോദ്യം ചെയ്യുകയാണ് വേണ്ടത്. പരമോന്നത കോടതിയുടെ അന്തിമവിധി അംഗീകരിക്കുകയും വേണം. അതാണ് ജനാധി​പത്യമര്യാദ. അല്ലാതെ ന്യായാധിപന്മാരെ പൊതുവേദികളിൽ അപഹസിക്കുകയല്ല.

കഴിഞ്ഞദിവസം തങ്ങൾക്കെതിരായ ഹൈക്കോടതി ഇടപെടലിന്റെ പേരിൽ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ച് പറഞ്ഞ് ജഡ്ജിയെ ഒരു വിവാദ സംഘടനയുടെ നേതാവ് മതപരമായി ആക്ഷേപിച്ചതാണ് ഈ വിഷയത്തിലേക്ക് നയിച്ചത്. പരിഷ്കൃതരെന്നും വി​ദ്യാസമ്പന്നരെന്നും പുരോഗമനവാദികളെന്നും അഭിമാനിക്കുന്ന മലയാളികൾക്ക് ചേർന്ന പ്രവൃത്തി ആയിരുന്നില്ല ഇത്. തികച്ചും അപലപനീയമാണ് ഈ പ്രസ്താവന.

കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണഘടനയെയും നിയമങ്ങളെയും രാഷ്ട്രീയ താത്‌പര്യങ്ങളുടെ പേരിൽ വ്യാഖ്യാനിച്ച് വളച്ചൊടിച്ച് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിനെയെല്ലാം തടഞ്ഞുനിറുത്തി യഥാർത്ഥ നീതി ജനങ്ങൾക്ക് നൽകുന്നത് കോടതികളാണ്. ഇക്കാര്യം സാധൂകരിക്കാൻ ഇന്ത്യൻ സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും എത്രയോ ചരിത്രപ്രസിദ്ധമായ വിധികളുണ്ട്. ഇടപെടലുകളുണ്ട്. ഇന്ത്യൻ ഭരണസംവിധാനം നിലനിൽക്കുന്നത് തന്നെ സുശക്തമായ നീതിന്യായ വ്യവസ്ഥയിലാണ്. നീതി നിർവചിക്കുന്ന കോടതികളും അത് നടപ്പാക്കാൻ ബാദ്ധ്യതപ്പെട്ട എക്സിക്യൂട്ടീവുമാണ് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതെന്നു പറഞ്ഞാലും അതിശയോക്തിയല്ല. അനീതികൾക്കെതിരെ പോരാടാനും ചോദ്യം ചെയ്യാനുമുള്ള ആത്മവിശ്വാസം ജനങ്ങളിൽ വളർത്തുന്നത് കോടതികളാണ്. സാധാരണ ജനങ്ങളുടെ ആശ്രയമാണ് കോടതികൾ. കാലതാമസമെന്ന കുറവൊഴികെ ഇന്ത്യൻ നീതിന്യായ സംവിധാനത്തെക്കുറിച്ച് വലിയ കുറ്റങ്ങളൊന്നും പറയാനുമില്ല. ഇത്രയും വിശാലമായ രാജ്യത്ത് 130 കോടി ജനങ്ങളുടെ അവകാശങ്ങളെയും അധികാരങ്ങളെയും ആത്മാഭിമാനത്തെയും കാത്തുസൂക്ഷിക്കുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് സമാനമായി ലോകത്ത് മറ്റൊന്നില്ല. കാര്യക്ഷമവും നിഷ്പക്ഷവും സജീവവുമായ കോടതികൾ ഇല്ലെങ്കിൽ ജനാധിപത്യം പുലരുക അസാദ്ധ്യമാണ്. അതിനാൽത്തന്നെ നീതിപീഠങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവരാണ് നാം.

എന്തിന്റെ പേരിലായാലും ന്യായാധിപന്മാരെ മതപരമായി ആക്ഷേപിക്കുന്നവർ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുവേദിയിൽ അവർക്ക് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മഹത്തായ കാഴ്ചപ്പാടുകളുള്ള ഭരണഘടനയാണ്. അതിന് നാം ഡോ.ബാബാസാഹിബ് അംബേദ്കറെന്ന മഹാപ്രതിഭയോട് കടപ്പെട്ടിരിക്കുന്നു. ഉന്നതമായ ജനാധിപത്യ ബോധവും അസാധാരണമായ അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഇഴുകിചേർന്നതാണ് നമ്മുടെ ഭരണഘടന. ലോകത്തെ തന്നെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. അത് നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ചില തത്പരകക്ഷികളും സംഘടനകളും ആസൂത്രിതമായി ഇത്തരം അവഹേളനങ്ങൾ നടത്തുന്നത്. രാജ്യം നമുക്ക് നൽകുന്ന സ്വാതന്ത്ര്യം ഇങ്ങനെ ദുർവിനിയോഗം ചെയ്യപ്പെടുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്ന മഹാന്മാർ മാതൃകയാക്കുന്നത് സ്വേച്ഛാധിപത്യവും മതാധിപത്യവുമാണെന്നതാണ് കൗതുകം. പൗരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കേട്ടുകേൾവി പോലുമില്ലാത്ത ഈയിടങ്ങളിൽ അനിഷ്ടകരമായ അഭിപ്രായം പറഞ്ഞാൽ തല പോകും. കൈകാലുകൾ വെട്ടിയെറിയപ്പെടും.

എന്തൊക്കെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയാൽ പോലും ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു ജനത ജനാധിപത്യം പിറന്ന പാശ്ചാത്യലോകത്ത് പോലുമില്ല. ഈ സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ പൊതുവേദികളിലെ അഭിപ്രായ പ്രകടനങ്ങൾ മാന്യതയോടെയും നീതിബോധത്തോടെയും ഉത്തരവാദിത്വബോധത്തോടെയുമാകണം. വിശേഷിച്ച് നീതിന്യായ, നീതിനിർവഹണ സംവിധാനങ്ങളെക്കുറിച്ച് പറയുമ്പോൾ. അല്ലാതെ ജനങ്ങളുടെ മനസിൽ വിഷവിത്തുക്കൾ വിതയ്ക്കും രീതിയിൽ ന്യായാധിപരെയും നീതിപാലകരെയും അവഹേളിക്കുകയും ഇകഴ്ത്തുകയും ചെയ്ത് പ്രമാണികളാകാനും ജനശ്രദ്ധ നേടാനും ശ്രമിക്കുന്നവർ രാജ്യത്തിന്റെ പുരോഗതിക്ക് നന്മ ചെയ്യുന്നവരല്ല. സ്വന്തം മതത്തിന്റെ പേരിൽ അഹിതമായതെല്ലാം ചെയ്ത ശേഷമാണ് ഇവർ മറ്റുള്ളവരുടെ അടിവസ്ത്രത്തിന്റെ നിറം തേടുന്നത്. നമ്മുടെ മതേതര മൂല്യങ്ങൾക്ക് തന്നെ വെല്ലുവിളിയാണ് ഇവരുടെ നിലപാടുകളും.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, വഴിതെറ്റിച്ച് സ്വാർത്ഥലാഭത്തിന് വേണ്ടി വിഭാഗീയചിന്ത വളർത്താൻ ശ്രമിക്കുന്നവരുടെ ഈ സമീപനത്തിന് പിന്നിൽ ഭീഷണിയുടെ തന്ത്രവുമുണ്ട്. വിധി പറയുന്നവരെയും വിധി നടപ്പാക്കുന്നവരെയും ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമം. ഇത്തരം തന്ത്രങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും ധൈര്യവും പ്രോത്സാഹനവും നൽകുന്നവരെയും വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്.

നിയമത്തിന്റെ ഒൗദാര്യങ്ങളും പഴുതുകളും കൗശലപൂർവം ഉപയോഗപ്പെടുത്തിയാണ് ഈ സാമൂഹ്യവിരുദ്ധ നടപടികളെ മുന്നോട്ടുകൊണ്ടുപോകുന്നത്.

രാജ്യത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരം നീതിന്യായ വ്യവസ്ഥയുടെയും നീതിനിർവഹണ സംവിധാനങ്ങളുടെയും സംയോജിച്ചുള്ള പ്രവർത്തനമാണ്. അതുണർത്തുന്ന സുരക്ഷിത ബോധമാണ്, ധൈര്യമാണ്. ദരിദ്രനും ധനികനും പണ്ഡിതനും പാമരനും ഈ ഭാരതഭൂമിയിൽ സ്വതന്ത്രമായി, സ്വച്ഛമായി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതും മറ്റൊന്നല്ല. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച് സംരക്ഷിക്കേണ്ടതുണ്ട്. ആ സൗഭാഗ്യത്തെ തല്ലിക്കെടുത്താൻ ശ്രമിക്കുന്ന ഒരു ശക്തികളെയും പ്രോത്സാഹിപ്പിക്കരുത്. വെറുതേ വിടരുത്. മൂകസാക്ഷികളാകരുത്. ഈ ഛിദ്രശക്തികൾക്കെതിരെ കർക്കശമായ, മാതൃകാപരമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. അതിനെ വെല്ലുവിളിക്കുകയും പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനങ്ങൾ അഭികാമ്യമല്ല, മാന്യതയല്ല, മര്യാദയല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YOGANADHAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.