പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായി ആരംഭിക്കും. ഷൈനും ഷെയ്നും പ്രിയദർശൻ സിനിമയുടെ ഭാഗമാകുന്നത് ആദ്യമാണ്.ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. പ്രിയദർശൻ സിനിമ ഉടൻ ഉണ്ടാവുമെന്നതിന്റെ സൂചന ഷൈൻ ടോം ചാക്കോ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. നിർമ്മാതാവ് ബാദുഷയ്ക്കൊപ്പം പ്രിയദർശൻ പങ്കാളിയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിനുശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതേസമയം സണ്ണി വയ്നൊപ്പം അഭിനയിച്ച അടിത്തട്ട് ആണ് റിലീസിന് ഒരുങ്ങുന്ന ഷൈൻ ടോം ചിത്രം. ജിജോ ആന്റണി ആണ് സംവിധാനം. പൂർണമായി നടുക്കടലിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് അടിത്തട്ട്. ഉല്ലാസം ആണ് റിലീസിന് ഒരുങ്ങുന്ന ഷെയ്ൻ നിഗം ചിത്രം.നവാഗതനായ ജീവൻ ജിജോ സംവിധാനം ചെയ്യുന്ന ഉല്ലാസത്തിൽ പുതുമുഖം പവിത്ര ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |