തിരുവനന്തപുരം: അഗ്നിപഥിനെതിരായ സമരത്തിൽ നിന്ന് ചെറുപ്പക്കാർ പിന്മാറണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കെ.യു.ഡബ്ലിയു.ജെ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് യുവാക്കൾ സമരം ചെയ്യുന്നത്. യുവാക്കളുടെ ഭാവിയിലും രാജ്യസുരക്ഷയിലും മോദി സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അഗ്നിപഥിനെ സൈന്യത്തിൽ കയറാനുളള പരിശീലനമായി കണ്ടാൽ മതി. നിരവധി രാജ്യങ്ങളിൽ ഈ സംവിധാനമുണ്ട്.. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയായി എന്ന് ബി.ജെ.പിക്ക് സംശയിക്കാൻ തെളിവുകളുണ്ട്. മോദി ഇന്ത്യ ഭരിക്കുന്ന കാലത്തോളം ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അന്വേഷണം തടസപ്പെടുത്താൻ നിരവിധി തവണ സംസ്ഥാന സർക്കാർ ശ്രമിച്ചു. കേസിൽ ഇ.ഡിക്ക് വേറെ താത്പര്യങ്ങളൊന്നുമില്ല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറയുന്നവരുടെ സാമാന്യബുദ്ധിക്ക് കുഴപ്പമുണ്ടെന്ന് സംശയിക്കേണ്ടി വരും. സ്വപ്ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. ഇന്ന് പ്രഖ്യാപിച്ച രീതിയിൽ സിൽവർലൈൻ നടപ്പാകികില്ലെന്നും മുരളീധരൻ പറഞ്ഞു.
ഭാരത് ബന്ദ്: എല്ലായിടത്തും പൊലീസ് നിരീക്ഷണം, ഉടൻ അറസ്റ്റ്
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ബീഹാറിലെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും അക്രമങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മുന്നറിയപ്പിൻെറ അടിസ്ഥാനത്തിൽ എല്ലായിടത്തും പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തി,അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പി അനിൽകാന്ത് മാർഗനിർദ്ദേശം പുറത്തിറക്കി.
അറിയപ്പെടുന്ന സംഘടനകളൊന്നും പരസ്യമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നതിനാൽ പെട്ടന്ന് ഏതെങ്കിലും കൂട്ടായ്മകൾ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള സാദ്ധ്യത മുൻനിറുത്തിയാണ് പൊലീസിന്റെ കരുതൽ നടപടി. മുഴുവൻ പൊലീസ് സേനയും ഇന്ന് ഡ്യൂട്ടിയ്ക്ക് സജ്ജരായിരിക്കും. കോടതികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജില്ലാ പൊലീസ് മേധാവിമാർ സംരക്ഷണം ഒരുക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് സുരക്ഷ നൽകും. പ്രധാന സ്ഥലങ്ങളിൽ ഇന്നലെ രാത്രിമുതൽ പിക്കറ്റിംഗും പട്രോളിംഗും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |