SignIn
Kerala Kaumudi Online
Thursday, 19 September 2024 1.10 PM IST

വരുതിയിലായെന്ന് ആര് പറഞ്ഞു?

Increase Font Size Decrease Font Size Print Page

photo

കൊവിഡ് വരുതിയിലായിക്കഴിഞ്ഞു, ഇനി പേടിക്കാനില്ല, വെറും ജലദോഷം പോലെ വന്നുപോകും എന്നീ തെറ്റായ ധാരണകൾ പരത്തിയും സൗകര്യം പോലെ വ്യാഖ്യാനിച്ചും കണ്ണടച്ച് ഇരുട്ട് പരത്തരുത്. രണ്ടു വർഷമാകുമ്പോഴും ഇനിയും പിടിതരാത്ത വൈറസാണിത്. ഓരോ ദിവസം കഴിയുമ്പോഴും പുതിയ അനുഭവങ്ങളാണ് അത് നൽകുന്നത്. ജലദോഷത്തിനപ്പുറം ഹൃദയം, രക്തക്കുഴലുകൾ, തലച്ചോറ് ,​ പേശികൾ മുതലായവയിൽ കേടുപാടുണ്ടാക്കാൻ ഈ വൈറസിന് കഴിവുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വൈറസ് നിറസാന്നിദ്ധ്യമായിരിക്കുന്ന സമൂഹത്തിൽ മനുഷ്യർ കരുതലില്ലാതെ വിഹരിക്കുന്നത് അപകടമാണ്. അമിത ആത്മവിശ്വാസത്തിന്റെ ഫലം പല പാശ്ചാത്യരാജ്യങ്ങളും ഇന്ന് അനുഭവിക്കുന്നുണ്ട്.


കൊവിഡിനെ പേടിച്ച് എത്രനാൾ അടച്ചിടും ?​ അങ്ങനയെങ്കിൽ ജനജീവിതം എങ്ങനെ മുന്നോട്ടുപോകും? എന്നീ ചോദ്യങ്ങൾ സ്വാഭാവികമായി ഉയരുന്നുണ്ട്. ഉത്തരം വ്യക്തമാണ് : ഇനിയും അടച്ചിടാൻ കഴിയില്ല, നമുക്ക് ജീവിച്ചേ തീരൂ. പക്ഷേ ഇനിയങ്ങോട്ടുള്ളത് വൈറസുള്ള ലോകമാണ്. പഴയ ലോകം ഇനിയില്ലെന്ന് തിരിച്ചറിയണം. ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷാ കവചത്തിനുള്ളിൽ ജീവിക്കുന്ന വ്യക്തികളിലൊരാളാണ് അമേരിക്കൻ ഹെൽത്ത് സെക്രട്ടറി ഹാവിയേർ ബെസേര. അദ്ദേഹത്തിന് കഴിഞ്ഞ ഒരു മാസത്തിൽ രണ്ട് തവണ കൊവിഡ് റിപ്പോർട്ട് ചെയ്തു എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.


കൊവിഡ് തുടർച്ചയായി മനുഷ്യനെ വേട്ടയാടുകയാണ്. മാത്രമല്ല, വന്നു പോയവരിൽ പലരിലും പലതരം ആരോഗ്യപ്രശ്‌നങ്ങൾ ഉത്തരം കിട്ടാതെ തുടരുന്നു. ബൂസ്റ്റർ ഡോസ് ഏറ്റവുമധികം എടുത്തിട്ടുള്ള പോർച്ചുഗലിൽ പോലും ഒമിക്രോൺ ഇപ്പോൾ താണ്ഡവമാടുകയാണ്, അവിടെ മരണ നിരക്കും കൂടുതലാണെന്നത് ഞെട്ടലുളവാക്കുന്നു.

ഇനിയങ്ങോട്ട്

എന്തെല്ലാം ചെയ്യാം?

രോഗവ്യാപനം കൂടി നിൽക്കുന്ന മാസങ്ങളിൽ വൈറസ് പടരാനുള്ള സാദ്ധ്യതകൾ പരമാവധി ഒഴിവാക്കണം. മാസ്‌ക് ധാരണവും സാമൂഹ്യ അകലം പാലിക്കലും തുടരാൻ ഒരുകാരണവശാലും മടിക്കരുത്.

ഓരോ വ്യക്തിയിലും കൊവിഡ് പലതവണ വന്നുപോയാൽ എന്താണ് സംഭവിക്കുന്നതെന്ന് ഇനി ലോകം മനസിലാക്കാൻ പോകുന്നതേയുള്ളൂ. ഏതായാലും വൈറസ് ആവർത്തിച്ച് ഒരാളിൽ രോഗമുണ്ടാക്കുന്നത് നല്ല ഫലം ഉണ്ടാക്കില്ലെന്നുറപ്പാണ്.

മാസ്‌ക് വലിച്ചെറിയാൻ കൊതിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. നിർഭാഗ്യവശാൽ നിരന്തര ജനിതകമാറ്റത്തിലൂടെ, മുൻപ് രോഗം വന്നവരിലും വാക്‌സിൻ എടുത്തവരിലും വീണ്ടുംവീണ്ടും ബാധിക്കാൻ കഴിവുള്ളതാണ് ഈ വൈറസ്. വായുവിലൂടെയാണ് ഇതു പകരുന്നത്, അതിനാൽ വൈറസിനെ ഫലപ്രദമായി ചെറുക്കാൻ ശരിയായ മാസ്‌ക് ഉപയോഗം കൊണ്ടു സാധിക്കും.

സർക്കാർ സംവിധാനങ്ങൾക്കും ആരോഗ്യസുരക്ഷാ സംവിധാനങ്ങൾക്കും പരിമിതികളുണ്ട്. മഹാമാരിയുടെ തുടക്കത്തിൽ എല്ലാ സംവിധാനങ്ങളും കൂട്ടായി പ്രവർത്തിച്ച് പരമാവധി ജീവൻ രക്ഷിച്ചു. ഇനി അവരവരുടെ സുരക്ഷയുടെ ചുമതല തികഞ്ഞ ഉത്തരവാദിത്വത്തോടെ സ്വയം ഏറ്റെടുത്തേ മതിയാകൂ.

അവനവനു സൗകര്യപ്രദം എന്നു തോന്നുന്ന കാര്യങ്ങൾ ആവണമെന്നില്ല ശരിയായ നടപടികൾ എന്നു പാശ്ചാത്യ രാജ്യങ്ങളുടെ തുടർച്ചയായ പരാജയം നമുക്കു കാട്ടിത്തന്നു. അതേസമയം അച്ചടക്കത്തോടെ മാസ്‌ക് ധരിക്കുകയും പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്ത ജപ്പാൻ ഇന്ന് ലോകത്തിനു മാതൃകയാണ്.

കൊവിഡിന്റെ നാലാം വരവിൽ നമ്മുടെ സുരക്ഷ മറ്റൊരാളുടെയോ സർക്കാരിന്റെയോ മാത്രം ചുമതലയാണെന്ന തോന്നൽ ഉണ്ടാവരുത്. കാരണം ഒരു പുതിയ വൈറസിന്റെ ലോകത്തിലാണ് ഇനി നാം ജീവിക്കേണ്ടത്. ഇനിയും തരംഗങ്ങളുണ്ടാവും.
കുട്ടികൾ സ്‌കൂളിലേക്ക് പോകുകയാണ്. നല്ല ശീലങ്ങൾ വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്. കൃത്യമായി മാസ്‌ക് ധരിക്കാനും കൈകൾ ശുചിയായി സൂക്ഷിക്കാനും പഠിപ്പിക്കണം. സ്‌കൂളിൽ നിന്നെത്തിയാൽ ഉടൻ കുളിക്കാൻ പഠിപ്പിക്കണം. വ്യക്തിശുചിത്വമാണ് വൈറസ് പ്രതിരോധത്തിനുള്ള ഏറ്റവും മികച്ച മാർഗം.


മൂന്ന് ഡോസ് വാക്സിൻ

എടുത്തില്ലേ എന്നിട്ടും ?​

സംശയം ന്യായമാണ്. ഇന്ന് കൊവിഡിനെതിരായി ഉപയോഗിക്കുന്നത്, മനുഷ്യൻ മരിച്ചുവീഴാതിരിക്കാൻ ആരോഗ്യ ഗവേഷകർ അക്ഷീണം പ്രയത്‌നിച്ച് കണ്ടെത്തിയ വാക്സിനാണ്. വൈറസ് ബാധയിൽ നിന്നും വാക്സിൻ ഒരു പരിധിവരെ സുരക്ഷ ഉറപ്പാക്കുമെന്നതിൽ തർക്കമില്ല. എന്നാൽ മാസങ്ങൾ കഴിയുന്തോറും ഇൻഫെക്‌ഷൻ തടുക്കാനുള്ള ഫലപ്രാപ്തി കുറയും. പുതിയ വകഭേദങ്ങൾ വന്നുകൊണ്ടിരിക്കെ അവ എപ്പോൾ വേണമെങ്കിലും നിലവിലുള്ള വാക്സിൻ പ്രതിരോധത്തെ മറികടക്കാം. അതിനാൽ സൂക്ഷിച്ചില്ലെങ്കിൽ അണുബാധയുണ്ടാവാം. പക്ഷേ വാക്‌സിൻ എടുത്തവരിൽ അണുബാധയെ തുടർന്നുള്ള ഗുരുതര രോഗസാദ്ധ്യത കുറവു തന്നെ എന്നത് പ്രത്യാശ നൽകുന്നു.


അതിനാൽ ഓരോരുത്തരും സ്വയം സുരക്ഷാഭടൻമാരാകണം. എന്റെ സുരക്ഷ എനിക്ക് വലുതെന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. കാരണം അതിലൂടെ നമ്മൾ സമൂഹത്തിനൊന്നാകെ സുരക്ഷയൊരുക്കുകയാണ്. വൈറസ് ബാധ കൂടിനിൽക്കുന്ന മാസങ്ങളിൽ ആരെങ്കിലും അടച്ചിട്ട മുറിയിൽ ഒത്തുചേരലിനു ക്ഷണിച്ചാൽ 'പോയേ തീരൂ, അല്ലെങ്കിൽ അവരെന്തു വിചാരിക്കും?' എന്ന് വാശിപിടിക്കേണ്ട കാര്യമില്ല. വ്യക്തി നന്നായാൽ നാട് നന്നാകും എന്ന പഴമൊഴി കൊവിഡ് വ്യാപനം ചെറുക്കുന്നതിൽ അർത്ഥവത്താണ്.

ഐ.എം.എ റിസർച്ച് വിഭാഗം വൈസ് ചെയർമാനാണ് ലേഖകൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COVID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.