ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെ ചൊല്ലി ആശങ്ക വേണ്ടെന്നും രാജ്യത്തിന്റെ ഭരണാധികാരികളിൽ വിശ്വാസം അർപ്പിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.
സായുധസേനകളിൽ ചേരുന്നത് പണമുണ്ടാക്കാൻ മാത്രമല്ല. അത് രാജ്യസ്നേഹത്തിന്റെയും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനുള്ള ചിന്തയുടെയും ആവേശത്തിന്റെയും പ്രതീകവുമാണ്. സൈന്യത്തിൽ ചേരുന്നവർ രാജ്യത്തിനായി ജോലി ചെയ്യുകയാണ്. അവരുടെ ഊർജ്ജം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു.
അത്തരം വികാരങ്ങളില്ലാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല അഗ്നിപഥ് പദ്ധതി. അഗ്നിവീറുകൾക്ക് അവരുടെ പ്രായം വലിയൊരു അനുഗ്രഹമാകുമെന്നും ഡോവൽ ചൂണ്ടിക്കാട്ടി. അഗ്നിപഥിൽ ചേരുന്ന യുവാക്കളുടെ ഭാവി സുരക്ഷിതമാകും. മറ്റൊന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.
ശരിയായ കഴിവും പരിശീലനവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്നതാണ് പദ്ധതി. സൈന്യത്തിൽ ഒരു കരിയർ തേടാനുള്ള ചിന്താഗതിയാണ് ഏറ്റവും പ്രധാനം. അഗ്നിപഥിൽ ചേരുന്നവർ ശുഭാപ്തി വിശ്വാസമുള്ളവരും രാജ്യത്തിൽ വിശ്വാസമുള്ളവരുമായിരിക്കണം. രാഷ്ട്രത്തിന്റെ നേതൃത്വവും സമൂഹവും നിങ്ങൾക്കായുള്ളതാണ്. സ്വയം വിശ്വാസമില്ലാത്തവരാണ് പദ്ധതിയെ എതിർക്കുന്നതെന്നും ഡോവൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |