കായംകുളം: കായംകുളത്ത് എൻ.സി.എസ് ടാറ്റാ കാർ ഷോറൂമിൽ നിന്നും പണം മോഷ്ടിച്ച ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ അഡ്മിൻ എക്സിക്യൂട്ടീവായി ജോലി ചെയ്തു വരുന്ന നൂറനാട് പാലമേൽ പണയിൽ സരിനാലയം വീട്ടിൽ സരിൻ (37), പണയിൽ ചരൂർ വീട്ടിൽഭുവനേഷ് കുമാർ (29, കണ്ണൻ ) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21 ന് രാത്രി ഓഫീസ് മുറിയിലെ അലമാര കുത്തിത്തുറന്ന് ഡ്രോയിൽ സൂക്ഷിച്ചിരുന്ന 14,4600 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. രാത്രി 7മണിക്കും രാവിലെ 9 നും ഇടയിലാണ് മോഷണം നടന്നത്. അഡ്മിൻ എക്സിക്യൂട്ടീവ് സരിൻ രണ്ടാം പ്രതിയെ പുറത്ത് നിർത്തിയ ശേഷം ഷോറൂമിന്റെ പിറക് വശത്തെ വാതിൽ തള്ളി തുറന്ന് അകത്ത് കയറി സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഷോറൂമിലെ സി.സി.ടി.വി കാമറ ഒഫ് ചെയ്ത ശേഷമാണ് പ്രതി മോഷണം നടത്തിയത്. 21. തീയതി രാത്രി ഒഫ് ചെയ്ത കാമറ പിറ്റേ ദിവസം രാവിലെ ഒന്നാം പ്രതി ഷോറൂമിലെത്തിയ ശേഷമാണ് ഓൺ ചെയ്യുന്നത്.
മോഷണം ചെയ്തെടുത്ത പണത്തിൽ നിന്നും ഒരു വിഹിതം രണ്ടാം പ്രതിക്ക് നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ഉദയകുമാർ, എസ്.ഐ. ശ്രീകുമാർ , പൊലീസുകാരായ ദീപക്, വിഷ്ണു, ശരത്, ശ്രീരാജ് , ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |