SignIn
Kerala Kaumudi Online
Friday, 15 May 2026 6.37 AM IST

രാഹുലിന്റെ ഓഫീസ് ആക്രമണം: കറുപ്പണിഞ്ഞ്, സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

p

തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് അടിച്ചുതകർത്ത എസ്.എഫ്.ഐ അക്രമത്തിനെതിരെ പ്രതിപക്ഷം ഉയർത്തിയ അതിശക്തമായ പ്രതിഷേധത്തിൽ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ നിയമസഭ നിശ്ചലമായി.

കറുത്ത ഉടുപ്പും മാസ്ക്കും അണിഞ്ഞ് പ്ളക്കാർഡുകും ബാനറുകളുമായി എത്തിയ പ്രതിപക്ഷം സഭ അൽപ്പനേരം പോലും നടത്താൻ അനുവദിച്ചില്ല. മുദ്രാവാക്യമുയർത്തി മന്ത്രിമാരുൾപ്പെടെ എതിരിട്ടതോടെ പരസ്പരം വെല്ലുവിളിയും കൂക്കിവിളിയുമായി.

മുഖ്യമന്ത്രി സംസാരിക്കാൻ പോലുമാകാതെ നിസ്സാഹായനായി നിന്നപ്പോൾ ആദ്യം ഒരുമണിക്കൂർ സഭ നിറുത്തിവച്ച സ്പീക്കർ എം.ബി. രാജേഷ് പിന്നീട് നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി പത്തേകാലോടെ ഇന്നലത്തേക്ക് പിരിഞ്ഞു. ചരമോപചാരം മാത്രമാണ് ബഹളമില്ലാതെ നടന്നത്. ബഹളങ്ങൾക്കിടെ മന്ത്രി വി.എൻ. വാസവൻ അവതരിപ്പിച്ച സഹകരണബിൽ ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

രാവിലെ ഒൻപതിന് സഭ ചേർന്നപ്പോൾ പ്രതിപക്ഷാംഗങ്ങൾ ഒരുമിച്ചാണെത്തിയത്. യുവാക്കൾ കറുപ്പ് ഉടുപ്പണിഞ്ഞപ്പോൾ, മുതിർന്നവർ കറുത്ത മാസ്ക് ധരിച്ചിരുന്നു. ചോദ്യത്തരവേളയിൽ എം. മുകേഷിന് മറുപടി പറയാൻ മന്ത്രി എം.വി. ഗോവിന്ദൻ എഴുന്നേറ്റതോടെ പ്രതിപക്ഷം ഡെസ്കിലിടിച്ച് പ്രതിഷേധം തുടങ്ങി. പ്രതിഷേധം, പ്രതിഷേധം എന്നുറക്കെ വിളിച്ചു. പിന്നാലെ പ്രതിപക്ഷ ബെഞ്ചുകളിൽ പ്ളക്കാർഡുകളും ബാനറുകളും നിരന്നു. ബഹളമുണ്ടാക്കരുതെന്നും, സഭ നടത്തിക്കൊണ്ടുപോകാൻ അനുവദിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചിട്ടും നിരസിച്ചു. പ്ളക്കാർഡുകളും ബാനറുകളും സഭയിൽ അനുവദനീയമല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും വഴങ്ങിയില്ല. ഇതോടെ ഭരണപക്ഷാംഗങ്ങൾ കൂട്ടത്തോടെ മുദ്രാവാക്യം വിളി തുടങ്ങി.

ചെയറിൽ നിന്ന് എഴുന്നേറ്റ എം.ബി.രാജേഷ്, സ്പീക്കർ എഴുന്നേറ്റാൽ അംഗങ്ങൾ ഇരിക്കണമെന്നാണ് കീഴ്വഴക്കമെന്ന് ഔർമ്മിപ്പിച്ചു. എന്നാൽ തങ്ങൾ മാത്രമല്ല, ഭരണപക്ഷത്തെ എം.നൗഷാദും നിൽക്കുന്നുണ്ടെന്ന് പറഞ്ഞ് എൽദോസ് കുന്നപ്പള്ളിയും മാത്യു കുഴൽനാടനും പ്രതിഷേധം തുടർന്നു.

ബഹളം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ സഭ അൽപ്പ സമയത്തേക്ക് നിറുത്തി വയ്ക്കുന്നതായി അറിയിച്ച് സ്പീക്കർ എഴുന്നേറ്റ് പോയി. പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ സീറ്റിന് മുന്നിലും ഭരണപക്ഷാംഗങ്ങൾ നടുത്തളത്തിന് തൊട്ടുമുകളിലും നിരന്ന് മുഖാമുഖം നോക്കി കൂക്കിവിളിക്കുകയായിരുന്നു. കളിയാക്കലും വെല്ലുവിളിയും ഒരു മണിക്കൂറോളം നീണ്ടു.

പത്തു മണിയോടെ സ്പീക്കർ വീണ്ടും സഭയിലെത്തി നടപടികൾ തുടങ്ങി. കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച അംഗങ്ങൾക്ക് സഭ ആദരാഞ്ജലിയർപ്പിച്ചപ്പോൾ മാത്രം സഹകരിച്ച പ്രതിപക്ഷം ശ്രദ്ധക്ഷണിക്കൽ തുടങ്ങിയതോടെ വീണ്ടും ബഹളവുമായി എഴുന്നേറ്റു.

രാഹുൽ ഗാന്ധിയുടെ ഔഫീസ് ആക്രമിച്ചതിനെതിരായ അടിയന്തര പ്രമേയം ചട്ടം 50 പ്രകാരം പരിഗണിക്കാമെന്ന് സ്പീക്കർ പറഞ്ഞിട്ടും വഴങ്ങിയില്ല. ഇതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും ഭേദഗതി ബിൽ മാറ്റിവച്ചു. മിനിട്ടുകൾക്കകം സഭ പിരിഞ്ഞതോടെ പ്രതിപക്ഷം ജാഥയായി മുൻവാതിലിലൂടെ പുറത്തേക്ക്.

Add as a preferred source on Google
TAGS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA