കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ക്രൂരമായ മർദ്ദനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ക്വട്ടേഷൻ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയത്. അയ്യായിരം അടിയെങ്കിലും ഏറ്റ നിലയിലായിരുന്നു കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങൾ. കാൽപാദത്തിലും പിൻഭാഗത്തുമേറ്റ അടിയിൽ മാംസം അടർന്ന അവസ്ഥയിലായിരുന്നു. വെള്ളം പോലെ ആയ അവസ്ഥയിലായിരുന്നു ശരീരത്തിലെ പേശികളെന്നത് ക്രൂരമായ മർദ്ദനം നേരിട്ടു എന്നതിന്റെ തെളിവാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. നാല് മണിക്കൂറെടുത്താണ് എടുത്താണ് അബൂബക്കർ സിദ്ദിഖിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മുപ്പത്തിയൊന്നുകാരനായ അബൂബക്കർ സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ക്രൂരമർദ്ദനത്തിന് ഇരയായ യുവാവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നുകളഞ്ഞ ക്വട്ടേഷൻ സംഘത്തിൽ പത്തു പേരുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പൈവളികെയിലെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. രക്ഷപ്പെട്ട പ്രതികളിൽ പലരും കർണ്ണാടകയിലേക്ക് കടക്കുകയായിരുന്നു.
ദുബായിലേക്കു കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദിഖിനെ ഏൽപിച്ച അരക്കോടിയോളം രൂപ വില വരുന്ന ഡോളർ കാണാതായതാണ് കൊലപാതകത്തിനു കാരണം. തട്ടിക്കൊണ്ടുപാകാൻ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയെന്നു സംശയിക്കുന്ന ഉപ്പളയിലെ ട്രാവൽസ് ഉടമയെ കണ്ടെത്താനായില്ല. ട്രാവൽസ് ഉടമ 50 ലക്ഷം രൂപയുടെ ഡോളർ ഗൾഫിലുള്ള അബൂബക്കർ സിദ്ദിഖിനെ ഏൽപ്പിക്കാൻ സഹോദരൻ അൻവർ, സുഹൃത്ത് അൻസാർ എന്നിവർക്ക് കൈമാറിയിരുന്നു. അൻവർ ഡോളർ അടങ്ങിയ ബാഗ് ഗൾഫിൽ സിദ്ദിഖിനെ ഏൽപ്പിച്ചു.
രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണ് സിദ്ദിഖ് പറഞ്ഞത്. എന്നാൽ പണം അവിടെ ലഭിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ സിദ്ദിഖിനെ സംഘം ദുബായിൽനിന്ന് നാട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. പണം ഇടപാടിനെ ചൊല്ലി ട്രാവൽസ് ഉടമയും സിദ്ദിഖും പരസ്പരം ഫോണിൽ കൊലവിളി നടത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഡോളർ വാങ്ങിത്തന്നാൽ നല്ലൊരു തുക പ്രതിഫലംനൽകാമെന്ന് ക്വട്ടേഷൻ സംഘത്തോട് ട്രാവൽസ് ഉടമ പറഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്.
കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ 14 അംഗ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൊലയ്ക്കുശേഷം ട്രാവൽസ് ഉടമ സഞ്ചരിച്ച ഗോവ രജിസ്‌ട്രേഷനുള്ള കാർ കണ്വതീർത്ഥയിലെ വീട്ടിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പൈവളിഗെയിൽ നിന്ന് അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയുടെ ഉപ്പളയിലെ ഫ്ളാറ്റിൽ നിന്ന് പൊലീസ് നാല് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |