SignIn
Kerala Kaumudi Online
Friday, 30 September 2022 9.35 PM IST

പ്രതിബദ്ധതയുടെ പുതിയ ചുവടുവയ്പ്

photo

കേരളത്തിലെ പത്തരലക്ഷത്തോളം സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ ഇരുപതുലക്ഷത്തോളം പേരും ഉൾപ്പെടുന്ന 30 ലക്ഷത്തിലധികം പേർക്ക് പ്രയോജനപ്പെടുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡി സെപ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്യപ്പെട്ട പദ്ധതിയാണ് ജനങ്ങളിലേക്കെത്തുന്നത്. ഇതോടെ എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം കൂടി പൂർണ്ണാർത്ഥത്തിൽ നടപ്പാവുകയാണ്. 42 ലക്ഷത്തിലധികം ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ സാദ്ധ്യമാക്കിയും 57 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകിയും നിരവധി സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കിയും എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് പോവുകയാണ്. ഇടത്തരം - മദ്ധ്യവരുമാനക്കാർക്ക് കുറഞ്ഞ പ്രീമിയത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മെഡിസെപിലൂടെ നേടാനാകുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും ചെലവ് കുറഞ്ഞ ചികിത്സയും ആരോഗ്യസുരക്ഷയും പ്രാപ്യമാക്കുക എന്ന സമഗ്രമായ ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.
മെഡിസെപിൽ എംപാനൽ ചെയ്തിട്ടുള്ള, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആശുപത്രികളിൽ ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യം നാളെ മുതൽ ലഭ്യമായിത്തുടങ്ങും. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേത് ഉൾപ്പടെ അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർ, സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ തുടങ്ങിയവരും അവരുടെ ആശ്രിതരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

പദ്ധതിയിൽ അംഗങ്ങളായവരുടെ ശമ്പളത്തിൽ നിന്നോ പെൻഷനിൽ നിന്നോ പ്രതിമാസം 500 രൂപ പ്രീമിയമായി സ്വീകരിച്ചുകൊണ്ട് ഒരു കുടുംബത്തിന് പ്രതിവർഷം മൂന്ന് ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് മെഡിസെപിലൂടെ നൽകുന്നത്. നിലവിൽ വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ തുടരുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. 12 മാരക രോഗങ്ങൾക്കും അവയവ മാറ്റ ചികിത്സാ പ്രക്രിയകൾക്കും അധിക പരിരക്ഷ നൽകുന്നതിനായി 35 കോടി രൂപയുടെ ഒരു കോർപ്പസ് ഫണ്ട് മെഡിസെപിന്റെ ഭാഗമായി രൂപീകരിക്കുന്നുണ്ട്.

നമ്മുടെ സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അവരുടെ ക്ഷേമവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്താനുള്ള പദ്ധതികൾ സംസ്ഥാന ബജറ്റിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മെഡിസെപിലൂടെ ഏറ്റവും പ്രയോജനം ലഭിക്കുന്നതും മുതിർന്ന പൗരന്മാർക്കാണ്.

പ്രീമെഡിക്കൽ പരിശോധനകൾ ഇല്ലാതെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു എന്നതാണ് മെഡിസെപിന്റെ ഏറ്റവും വലിയ പ്രത്യേകത. 40 വയസ്സായവർ പോലും നിരവധി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകേണ്ടിവരികയും ഉയർന്ന പ്രീമിയം ഒടുക്കേണ്ടിവരികയും ചെയ്യുന്ന സ്ഥിതിയാണ് പൊതുവേ മെഡിക്കൽ ഇൻഷുറൻസ് രംഗത്തുള്ളത്. എന്നാൽ താരമ്യേന കുറഞ്ഞ പ്രീമിയം തുക ഒടുക്കി 1920 ചികിത്സാ പ്രക്രിയകൾക്ക് അടിസ്ഥാന പരിരക്ഷ മെഡിസെപിലൂടെ നൽകുന്നു. മെഡിസെപ് ആരംഭിച്ച് മൂന്നു മാസത്തിനുള്ളിൽ പദ്ധതിയിൽ ഉൾപ്പെടാത്ത ഏതെങ്കിലും ചികിത്സാ പ്രക്രിയയുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകൾ വരികയാണെങ്കിൽ അതിനെ പുതിയ ചികിത്സാ പ്രക്രിയയായി അംഗീകരിച്ച് പരിരക്ഷയുടെ ഭാഗമാക്കുകയും ചെയ്യും.

ആരോഗ്യരംഗത്തെ വിദഗ്ദ്ധരെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ എക്‌സ്‌പെർട്സ് കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചികിത്സാ വ്യവസ്ഥകളും പട്ടികയും നിരക്കുകളും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലെ ഇൻ പേഷ്യന്റ് ചികിത്സകൾക്ക് മാത്രമേ ഈ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. എങ്കിലും അപകടം അല്ലെങ്കിൽ ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പദ്ധതിയുടെ കീഴിൽ പരിരക്ഷ ലഭിക്കും. മാത്രമല്ല, എല്ലാ സർക്കാർ ആശുപത്രികളിലെയും, റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നീ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെയും ഔട്ട് പേഷ്യന്റ് ചികിത്സയ്ക്ക് നിലവിൽ മെഡിക്കൽ റീ ഇംബേഴ്സ്‌മെന്റ് തുടരുകയും ചെയ്യും.

മെഡിസെപ് പദ്ധതിയിൽ അംഗങ്ങളായവർക്കെല്ലാം ഡിജിറ്റൽ ഐ.ഡി കാർഡ് ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഏത് പരാതിയും പരിഹരിക്കാൻ പരാതി പരിഹാര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. മെഡിസെപുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും https://www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. മെഡിസെപിൽ എംപാനൽ ചെയ്യപ്പെട്ട സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഉൾപ്പടെയുള്ള ആശുപത്രികളുടെ ലിസ്റ്റും മെഡിസെപ് വെബ് പോർട്ടലിൽ നല്കിയിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ ആരോഗ്യ പദ്ധതിയായി മെഡിസെപ് മാറും എന്നതിൽ സംശയമില്ല. പാർട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരും മുതിർന്ന പൗരൻമാരായ പെൻഷൻകാരും ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് പേർക്ക് ചെലവ് കുറഞ്ഞ ചികിത്സ നൽകുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യസുരക്ഷ വലിയൊരളവിൽ ഉറപ്പുവരുത്താൻ കഴിയും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും മെഡിസെപിന് സമാനമായ ആരോഗ്യ സുരക്ഷാ പദ്ധതികൾ സർക്കാർ മുൻകൈയ്യിൽ നിലവിലില്ല എന്നുതന്നെ പറയാം. ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ബദൽ വികസന സങ്കൽപ്പത്തിന്റെ ഫലശ്രുതി കൂടിയാണ് ഇത്തരം പദ്ധതികൾ. മെഡിസെപ് നടപ്പിലാക്കുന്നതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണ് ഒരിക്കൽക്കൂടി തെളിയിക്കപ്പെടുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MEDISEP
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.