ഓൺലൈൻ തട്ടിപ്പുകാരെ തടയുകയെന്നത് സൈബർ ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു വഴി സുരക്ഷാ ഉദ്യോഗസ്ഥർ അടയ്ക്കുമ്പോൾ തട്ടിപ്പുകാർ മറ്റ് പല വഴികളും കണ്ടെത്തുകയാണ്. അത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ വിദ്യയാണ് ഫേസ്ബുക്ക് ചാറ്റുകൾ. ഇത്തരം ചാറ്റുകളിൽ തലവച്ചാൽ വ്യക്തിപരമായ വിവരങ്ങൾ ചോരുന്നത് മുതൽ സാമ്പത്തിക നഷ്ടം വരെയുണ്ടാകാം.
ഫേസ്ബുക്ക് തന്നെ അയയ്ക്കുന്ന സന്ദേശങ്ങൾ എന്ന രീതിയിലായിരിക്കും ഇത്തരം ചാറ്റുകൾ സാധാരണ മെസെഞ്ചറിൽ എത്തുക. പൊതുവെ ഫേസ്ബുക്ക് ഉപഭോക്താവ് ചെയ്ത ഒരു പോസ്റ്റ് ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് ലംഘിക്കുന്നതാണെന്നും അതിനാൽ ആ പോസ്റ്റ് ഡീലീറ്റ് ചെയ്യുകയാണെന്നും കാണിച്ചായിരിക്കും സന്ദേശം വരിക. ഫേസ്ബുക്കിന്റെ ഈ തീരുമാനത്തിനെതിരെ അപ്പീൽ ചെയ്യുന്നതിന് ഒരു ലിങ്ക് കൂടി നൽകിയിരിക്കും. ഈ ലിങ്കിലാണ് ചതി ഒളിഞ്ഞിരിക്കുന്നത്.
ഗൂഗിളിന്റെ സെക്ക്യൂരിറ്റി കടക്കുന്നതിന് വേണ്ടി ലിങ്കിൽ പല തവണ ക്ലിക്ക് ചെയ്യണമെന്ന സന്ദേശം കൂടി ഇതിനൊപ്പം തട്ടിപ്പുകാർ അയയ്ക്കും. നിരവധി തവണ ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഫേസ്ബുക്ക് യൂസറിന്റെ ധാരണ താൻ ഒരേ ലിങ്കിൽ തന്നെയാണ് ക്ലിക്ക് ചെയ്യുന്നതെന്നാണ്. എന്നാൽ തുടർച്ചയായി ക്ലിക്ക് ചെയ്യുന്നതിനിടെ യു ആർ എൽ മാറുന്നത് ഇവർ ശ്രദ്ധിക്കണമെന്നില്ല. ഇങ്ങനെ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് യൂസർ എത്തുന്നത് ചാറ്റ്ബോക്സ് എന്ന സൈറ്റിലായിരിക്കും. ഈ സൈറ്റിൽ എത്തിയാൽ പിന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നിമിഷങ്ങൾക്കകം തട്ടിപ്പുകാർ ചോർത്തും.
ഇത്തരം തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടാൻ ചില മാർഗ്ഗങ്ങളുണ്ട്. സാധാരണഗതിയിൽ ഫേസ്ബുക്ക് അയയ്ക്കുന്ന സന്ദേശങ്ങളിൽ നിന്ന് ചെറിയ ചില വ്യത്യാസങ്ങൾ തട്ടിപ്പുകാർ അയയ്ക്കുന്ന സന്ദേശങ്ങളിൽ ഉണ്ടായിരിക്കും. ഉദാഹരണത്തിന് ഭൂരിഭാഗം തട്ടിപ്പ് സന്ദേശങ്ങളിലും സന്ദേശം ലഭിക്കുന്ന ആളിന്റെ പേരിന്റെ കൂടെ 'പോളിസി ഇഷ്യുവർ' എന്നായിരിക്കും കാണുക. ഫേസ്ബുക്ക് ഒരിക്കലും തങ്ങളുടെ ഔദ്യോഗിക മെയിലിൽ ഇങ്ങനെ ചേർക്കില്ല. മറ്റൊരു വഴിയെന്ന് പറയുന്നത് തട്ടിപ്പ് സന്ദേശങ്ങളിൽ നിരവധി അക്ഷരതെറ്റുകളും വ്യാകരണ പിശക്കുകളും ഉണ്ടാകും. മൂന്നാമതായി സന്ദേശം അയയ്ക്കുന്ന അക്കൗണ്ടിൽ മിക്കവാറും ഫോളോവേഴ്സോ പോസ്റ്റുകളോ ഒന്നും തന്നെ കാണില്ല. ഇത്തരം ചില മാർഗ്ഗങ്ങളിലൂടെ തട്ടിപ്പ്കാരെ കണ്ടെത്താൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |