SignIn
Kerala Kaumudi Online
Thursday, 19 September 2024 9.49 AM IST

പേവിഷ ബാധയിൽ പരിഭ്രാന്തരായി നാട്

Increase Font Size Decrease Font Size Print Page

photo

പേവിഷബാധയേറ്റ് സംസ്ഥാനത്ത് ആറുമാസത്തിനിടെ 14 പേർ മരിക്കാനിടയായത് ആരോഗ്യവകുപ്പിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. റാബീസ് വാക്‌സിനെടുത്തവർ പോലും മരണത്തിന് കീഴടങ്ങേണ്ടി വന്നത് ആശങ്കവർദ്ധിപ്പിക്കുന്നു. ഇതോടെ ആരോഗ്യവകുപ്പും കൂടുതൽ ജാഗ്രതയിലാണ്. എന്താണ് പേവിഷം, ഏത് ഘട്ടത്തിലാണ് ഇത് അപകടരമാകുന്നത്. തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കും വ്യക്തത അനിവാര്യമാണ്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏൽക്കുകയോ ഇവയുമായി നേരിട്ട് സമ്പർക്കത്തിൽ വരികയോ ചെയ്താൽ നിർബന്ധമായും പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പായ ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ എടുക്കണം. സൂക്ഷിച്ചാൽ പേവിഷബാധ പൂർണമായി ഒഴിവാക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷമായാൽ മരണം ഉറപ്പായ രോഗമായതിനാൽ തികഞ്ഞ സൂക്ഷ്മത പുലർത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണിത്. വളർത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോൾ അവയുടെ കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടിയേറ്റാൽ ഈ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയശേഷം വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടയ്ക്കണം. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.

സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, ജില്ല ആശുപത്രി, ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സൗജന്യമായി വാക്സിൻ ലഭിക്കും. കടിയേറ്റ മുറിവിൽനിന്ന് രക്തം പൊടിയുന്നുണ്ടെങ്കിൽ ആദ്യ ഡോസ് വാക്സിനോടൊപ്പം ആന്റി റാബീസ് സിറമായ ഇമ്യൂണോ ഗ്ലോബുലിൻ കൂടി എടുക്കണം. രോഗബാധ പ്രതിരോധിക്കാൻ കുട്ടികൾക്ക് പ്രത്യേക ബോധവത്കരണം നൽകുന്നതിനൊപ്പം മൃഗങ്ങളുമായി ഇടപഴകുന്ന കുട്ടികളെ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. മൃഗങ്ങളിൽ നിന്ന് കടിയോ പോറലോ ഏൽക്കുമ്പോഴാണ് ഉമിനീരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ചിലപ്പോൾ മാസങ്ങളോളം രോഗലക്ഷണം പ്രകടമാകില്ല. നായ്, പൂച്ച എന്നിവയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും പന്നി, കുരങ്ങ്, അണ്ണാൻ, കീരി, കുതിര, കഴുത, കുറുക്കൻ, ചെന്നായ തുടങ്ങിയ മൃഗങ്ങളിലൂടെയും മറ്റു വന്യമൃഗങ്ങളിലൂടെയും പേവിഷ രോഗബാധ ഉണ്ടാകാം.

വർഷത്തിൽ ശരാശരി രണ്ടു ഡസനോളം പേർ മരണമടയുന്നു എന്നതാണ് കണക്ക്. രാജ്യത്ത് പ്രതിവർഷം 18000ൽപ്പരം പേരാണ് പേവിഷബാധമൂലം മരണമടയുന്നത്. പേവിഷബാധയുടെ നിരക്ക് കേരളത്തിൽ കുറവാണെങ്കിലും അടുത്തിടെ ഇതിൽ വർദ്ധനവുണ്ട്.

തെരുവുനായ്ക്കളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് കേരളത്തിൽ. ഇവയുടെ എണ്ണം കുറയ്ക്കാനുള്ള വന്ധ്യംകരണ ശസ്ത്രക്രിയ ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. പേവിഷബാധയേറ്റ നായ്കളുടെയോ, കുറുക്കന്റെയോ കടിയേറ്റാണ് തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളിലേക്കു രോഗം പരത്തുന്നത്. ഏറെ മാരകവും ഭയാനകവുമായ വൈറസ് രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുമ്പോൾ ഉമിനീരിലൂടെയാണ് രോഗം മനുഷ്യരിലും മറ്റു മൃഗങ്ങളിലുമെത്തുന്നത്. രോഗം ബാധിച്ച പൂച്ചകളിലൂടെയും രോഗം പകരാം. പൂച്ച മാന്തുന്നതും ഗൗരവമായെടുക്കണം. പൂച്ചയ്ക്ക് മുൻകാലിലെ പാദം ഉപയോഗിച്ച് മുഖം തുടയ്ക്കുന്ന ശീലമുള്ളതിനാൽ രോഗം ബാധിച്ച പൂച്ച മാന്തിയാലും പാദത്തിലെ നഖങ്ങളിലൂടെ രോഗം പകരാം. അടുത്തവീട്ടിലെ നായകടിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാടുള്ള വിദ്യാർത്ഥിനി പേവിഷബാധ മൂലം മരിച്ചത്. തൃശ്ശൂരിൽ ഒരാൾ മരിച്ചത് വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റാണ്. രോഗബാധ സംശയിക്കുന്ന മൃഗങ്ങൾ കടിച്ചാൽ കടിയുടെ തീവ്രത മനസ്സിലാക്കി പ്രതിരോധ കുത്തിവയ്‌പ്പെടുക്കണം. കൈകാലുകൾ, മുഖം, തല എന്നിവയിലേൽക്കുന്ന കടി തീവ്രതയേറിയതാണ്. ഉമിനീരിലൂടെ വൈറസ് കടിയേറ്റവരിലെത്തി നാഡീഞരമ്പുകളിലൂടെ തലച്ചോറിലെത്തി ഒരു മാസത്തിനകം രോഗലക്ഷണമുളവാക്കും. നായ, പൂച്ച എന്നിവയെ വളർത്തുന്നവർ നിർബന്ധമായും മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് അവയ്ക്ക് പേവിഷബാധയ്‌ക്കെതിരായുള്ള കുത്തിവയ്പ്പ് വർഷം തോറും നൽകണം. എട്ടാഴ്ച പ്രായത്തിൽ ആദ്യ ഡോസും, ഒരു മാസത്തിനുശേഷം ബൂസ്റ്റർ ഡോസും നൽകണം. വർഷം തോറും തുടർ കുത്തിവയ്പ്പും നൽകണം.

വാക്‌സിൻ സൂക്ഷിക്കണം കരുതലോടെ

സംസ്ഥാന ആരോഗ്യവകുപ്പ് വാങ്ങുന്നത് നിലവാരമുള്ള വാക്‌സിനാണെങ്കിലും, അത് സൂക്ഷിക്കുന്നത് കൃത്യതയോടെയാണോ എന്നതിൽ സംശയമുണ്ട്. ഫ്രിഡ്‌ജിൽ രണ്ടു മുതൽ എട്ടു സെന്റീഗ്രേഡിലാണ് സൂക്ഷിക്കേണ്ടത്. വാക്‌സിൻ പൊട്ടിക്കുന്നതു വരെ കോൾഡ് ചെയിനിൽ സൂക്ഷിക്കണം. സംസ്ഥാനത്തെ താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രികളിലെല്ലാം വാക്‌സിൻ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ട്. വൈദ്യുതിയില്ലാതായാൽ തണുപ്പ് നഷ്ടമാകും വാക്‌സിൻ ഉപയോഗശൂന്യമാകും. കൃത്യമായ അളവിൽ വാക്‌സിൻ കുത്തിവച്ചില്ലെങ്കിലും ഗുണമില്ല. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം 2.5 മി.ല്ലി ഡോസാണ് കുത്തിവയ്ക്കേണ്ടത്. ഇതിൽ കുറവ് വന്നാൽ ശരീരത്തിൽ ആന്റിബോഡി രൂപപ്പെടില്ല. നെഞ്ചിന് മുകളിൽ പരിക്കേൽക്കുന്നവർക്ക് വാക്‌സിനൊപ്പം ഇമ്യൂണോ ഗ്ലോബുലിൻ നൽകിയാലേ ഫലം കാണൂ.

വാക്‌സിനേഷൻ

0,3,7,21 എന്നീ ദിവസങ്ങളിൽ നാല് കുത്തിവയ്പ്പാണ് എടുക്കേണ്ടത്. ആദ്യദിവസം രണ്ടു കൈയിൽ തൊലിക്കടിയിൽ കുത്തിവയ്പ്പും പരിക്കേറ്റ ഭാഗത്ത് മുറിവുണ്ടെങ്കിൽ ഇമ്മ്യൂണോഗ്ലോബുലിൻ ഇൻജക്‌ഷനും. 3,7,21 എന്നീ ദിവസങ്ങളിൽ ഓരോന്നു വീതവും. ഇതിനുശേഷം മൂന്നു മാസത്തിനകം കടിയേറ്റാൽ വീണ്ടും കുത്തിവയ്പ്പിന്റെ ആവശ്യമില്ല. ആറ് മാസത്തിനകം കടിയേറ്റാൽ 0,3 ദിവസ ഡോസ് മതി. അതിനുശേഷം കടിയേറ്റാൽ നാല് ഡോസ് നിർബന്ധമായും എടുത്തിരിക്കണം.

ഈ ലക്ഷണങ്ങൾ

അപകടം

ആദ്യഘട്ടം- പരിക്കേറ്റ ഭാഗത്ത് ചൊറിച്ചിൽ, മരവിപ്പ്, തലവേദന, തൊണ്ടവേദന

രണ്ടാംഘട്ടം- വിറയൽ, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ഉറക്കമില്ലായ്മ ശബ്ദവ്യത്യാസം കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോട് പേടി

മൂന്നാംഘട്ടം - തളർന്നു കിടക്കും, ശ്വാസതടസം, ശബ്ദവ്യത്യാസം മരണം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RABIES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.