തൃശൂർ : കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തള്ളിക്കളഞ്ഞ കള്ളപ്രചാരണം വീണ്ടും കുത്തിപ്പൊക്കി യു.ഡി.എഫ് ആയുധമാക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ. കുപ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫ് തൃശൂരിൽ സംഘടിപ്പിച്ച ജില്ലാ ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ പ്രതികൂല കാലാവസ്ഥയിലും എൽ.ഡി.എഫ് സർക്കാരിന് പോറലേൽപ്പിക്കാൻ കേരള ജനത അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന എല്ലാ കള്ളപ്രചാരണങ്ങളും ജനം തള്ളിയതോടെ, കുതന്ത്രങ്ങളിലൂടെ സർക്കാരിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. ഇപ്പോൾ കൊട്ടിഘോഷിക്കുന്ന സ്വർണക്കടത്ത് അന്വേഷിക്കാൻ കേന്ദ്രസർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര ഏജൻസികളായ ഇ.ഡി, എൻ.ഐ.എ, സി.ബി.ഐ, കസ്റ്റംസ് എന്നിവർ രണ്ട് വർഷം സമയമെടുത്ത് അന്വേഷിച്ച് ഒരു തെളിവുപോലും ലഭിക്കാത്ത കേസാണിത്. 14ാം പഞ്ചവത്സര പദ്ധതിയോടെ ദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് ജില്ലാ കൺവീനർ എം.എം.വർഗീസ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ഘടകകക്ഷി നേതാക്കളായ അഡ്വ.ജോസ് ജോസഫ്, എ.വി.വല്ലഭൻ, അഡ്വ.സി.ടി.ജോഫി, എം.കെ.ഭാസ്ക്കരൻ, സി.ആർ.വത്സൻ, റോയ് വാരിയത്ത്കാട്, പോൾസൻ മാത്യൂ, ബിനോയ് ജോസഫ്, എം.എ.ലത്തീഫ്, പി.ബാലചന്ദ്രൻ എം.എൽ.എ, പി.കെ.ഷാജൻ എന്നിവർ സംസാരിച്ചു.
ഫയൽ തീർപ്പാക്കൽ യജ്ഞം: 85 ശതമാനം ഹാജർ
തൃശൂർ: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളിൽ 85 ശതമാനം പേർ ഹാജരായി. പൊതുജനങ്ങൾക്ക് മറ്റ് സേവനം ലഭ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ്, ഭൂമി ഏറ്റെടുക്കൽ ഓഫീസ് തുടങ്ങി ചില ഓഫീസുകൾ തുറന്നെങ്കിലും പദ്ധതി പ്രവർത്തനം നടന്നുവരുന്ന ഫയലുകൾ തീർപ്പാക്കാനായില്ല. ജൂൺ 15 മുതൽ സെപ്തംബർ 20 വരെയാണ് തീർപ്പാക്കൽ യജ്ഞം.
സ്ത്രീ ശാക്തീകരണ പ്രസക്തി: പ്രഭാഷണം
തൃശൂർ: സ്ത്രീ ശാക്തീകരണത്തിന്റെ കാലിക പ്രസക്തി വിളിച്ചോതി സാംസ്കാരിക വകുപ്പും സാഹിത്യ അക്കാഡമിയും സംയുക്തമായി നടത്തിയ ' സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം' പരിപാടിയുടെ ഭാഗമായി പ്രഭാഷണം നടത്തി. 'സ്ത്രീ ശാക്തീകരണത്തിന്റെ അവതരണ ശൈലി സാഹിത്യത്തിൽ' എന്ന വിഷയത്തിൽ ഡോ.എം.എ.സിദ്ധിഖും, 'ഫെമിനിസത്തിന് കൈവരേണ്ട പുതിയ മുഖം' എന്ന വിഷയത്തിൽ സോണിയ ഇ.പിയും പ്രഭാഷണം നടത്തി. അഡ്വ.ആശ ഉണ്ണിത്താൻ, ശീതൾ ശ്യാം എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |