SignIn
Kerala Kaumudi Online
Friday, 22 May 2026 2.49 AM IST

കുഞ്ഞിനെ വയറ്റിൽ നിന്നും വലിച്ച് പുറത്തെടുത്തതിൽ തന്നെ വീഴ്ച പറ്റി, ഗർഭപാത്രം ഉൾപ്പെടെയാണ് പുറത്തേക്ക് വന്നത്; ഐശ്വര്യയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

aiswarya

പാലക്കാട്; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സംഭവിച്ചുവെന്ന് ആവ‌‌‌ർത്തിച്ച് ബന്ധുക്കൾ. മകളുടെ ഗർഭപാത്രം നീക്കം ചെയ്ത ശേഷമാണ് തങ്ങളെ അറിയിച്ചതെന്നും ഐശ്വര്യയ്‌ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും കുടുംബം പറഞ്ഞു.

ഞങ്ങളുടെ കുട്ടിയെ ഇത്രയും നാൾ ചികിത്സിച്ചിരുന്ന പ്രധാന ഡോക്‌ടർ പ്രസവ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഒരു നഴ്സ് വന്ന് കുഞ്ഞിനെ എന്റെ കൈയിൽ തന്നു. പേരക്കുട്ടിയാണെന്ന് പറഞ്ഞു. ഒരുപാട് സന്തോഷിച്ചു. നെറ്റിയിൽ ഉമ്മ കൊടുത്തു. അപ്പോഴാണ് നഴ്സ് പറയുന്നത് കുഞ്ഞ് മരിച്ചുവെന്ന്. പ്രസവത്തിന് ശേഷം ഞാനും ഭാര്യയും മകളെ കേറി കണ്ടപ്പോൾ അവളുടെ കണ്ണ് ചെറുതായി തുറന്നിരുന്നു. ഒരു മാദ്ധ്യമത്തോട് ഐശ്വര്യയുടെ അച്ഛൻ പറഞ്ഞതിങ്ങനെയാണ്.

മകളുടെ ഗർഭപാത്രം നീക്കിയത് ആരോടും പറഞ്ഞിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. ഐശ്വര്യയുടെ വയറ്റിൽ നിന്നും കുഞ്ഞിനെ വലിച്ച് പുറത്തെടുത്തതിൽ തന്നെ വീഴ്ച പറ്റി. സ്കാൻ ചെയ്ത് കുഞ്ഞിന്റെ പൊസിഷൻ നോക്കാതെയാണ് പുറത്തെടുക്കാൻ ശ്രമിച്ചത്. ഗർഭപാത്രം ഉൾപ്പെടെയാണ് പുറത്തേക്ക് വന്നതെന്നാണ് അവിടെയുണ്ടായിരുന്ന ഒരാൾ പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്.

ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE DIARY, AISWARYA, DOCTOR, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY