കൊച്ചി: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്ളറുമായി വ്യക്തമായ കരാറുണ്ടായിരുന്നോയെന്നും രോഗികളുടെ ഡേറ്റ സ്‌പ്രിംഗ്ളർ മറ്റാർക്കെങ്കിലും കൈമാറിയോയെന്നും വ്യക്തമാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഹൈക്കോടതിയിൽ ഉപഹർജി നൽകി.
2020ൽ കൊവിഡ് രോഗികളുടെ വിവരങ്ങൾ സ്‌പ്രിംഗ്ളറിന് കൈമാറുന്നതു തടയണമെന്നാവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തികളെ തിരിച്ചറിയാനാവാത്ത വിധം ഡേറ്റ മാറ്റിയ ശേഷമേ സ്‌പ്രിംഗ്ളറിന് നൽകാവൂ എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഈ ഹർജികളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവായി നൽകിയിരുന്നു. തുടർന്ന് സ്‌പ്രിംഗ്ളറുമായുള്ള കരാറിൽ വീഴ്‌ചയുണ്ടോയെന്നു പരിശോധിക്കാൻ സർക്കാർ എം. മാധവൻ നമ്പ്യാർ കമ്മിറ്റിയെയും കെ. ശശിധരൻ നായർ കമ്മിറ്റിയെയും നിയോഗിച്ചു. ഈ കമ്മിറ്റികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജ്യോതികുമാറിന്റെ ഉപഹർജി.
സ്‌പ്രിംഗ്ളറിന് കൈമാറിയ ഡേറ്റ വൻ തുകയ്‌ക്ക് വിറ്റതായി സ്വർണക്കടത്തു പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. രോഗികളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ആമസോൺ വെബ് സർവീസിൽ നിന്ന് ചില സ്വകാര്യ ഐ.പി അഡ്രസിലുള്ളവർ വിവരങ്ങൾ പരിശോധിച്ചതായും കമ്മിറ്റി റിപ്പോർട്ടിലുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ശരിവയ്ക്കുന്ന നിഗമനമാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സ്‌പ്രിംഗ്ളറുമായി നിയമസാധുതയുള്ള കരാർ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. ഇതു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച വിവരങ്ങൾക്കു വിരുദ്ധമാണെന്നും ഇക്കാര്യങ്ങൾ ഹർജിയിൽ പരിഗണിക്കണമെന്നും ജ്യോതികുമാറിന്റെ ഉപഹർജിയിൽ പറയുന്നു.