SignIn
Kerala Kaumudi Online
Thursday, 19 September 2024 1.03 PM IST

ഉചിതമായ തീരുമാനം

Increase Font Size Decrease Font Size Print Page

saji-cherian

കൂടുതൽ വിമർശനങ്ങളിലേക്ക് കടക്കാൻ അവസരം നൽകാതെ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ നടപടി ഉചിതമായി. ഓരോ പദവിക്കും അതിന്റേതായ സാദ്ധ്യതയും പരിമിതിയുമുണ്ട്. മാന്യമായ ഭാഷയിൽ ഭരണഘടനയെ വിമർശിക്കാൻ പാർട്ടി സെക്രട്ടറിക്ക് സ്വാതന്ത്ര്യ‌‌മുണ്ട്. പക്ഷേ ആ വിമർശനം അതേപടി ഏറ്റുപറയാൻ പാർട്ടി നിയോഗിച്ച മുഖ്യമന്ത്രിക്ക് കഴിയില്ല. പാർട്ടിയല്ല ഭരണഘടനയാണ് മുഖ്യമന്ത്രിയെ ഭരണത്തിൽ മുന്നോട്ട് നയിക്കുന്നത്. പ്രതിപക്ഷത്തുള്ളവരും നമ്മുടെ മുഖ്യമന്ത്രി എന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. സജി ചെറിയാൻ എന്ന വ്യക്തിക്ക് ഭരണഘടനയെ വിമർശിക്കാം. പക്ഷേ മന്ത്രി സജി ചെറിയാന് അതിനുള്ള ധാർമ്മികവും നിയമപരവുമായ അവകാശമില്ല. ഭരണഘടനയെ ആരും വിമർശിക്കാൻ പാടില്ലെന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഇന്ത്യൻ പാർലമെന്റിൽ തന്നെ ഭരണഘടനയിലെ ചില വകുപ്പുകളുടെ തെറ്റുകുറ്റങ്ങൾ ബഹുമാന്യരും അഗാധ പാണ്ഡിത്യമുള്ളവരുമായ പല ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ അതെല്ലാം ഭരണഘടനയെ ആദരപൂർവം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ വിമർശനങ്ങളായിരുന്നു. നിരവധി തവണ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത് തന്നെ ഇത് ജീവനുള്ള സംഹിതയാണ് എന്നതിന്റെ തെളിവാണ്. ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതി അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ജനതാ സർക്കാർ എടുത്തുകളഞ്ഞത് ചില ദോഷങ്ങളും കാലക്രമത്തിൽ ഭരണഘടനയുടെ ഭാഗമായി വന്നുകൂടാം എന്നതിന്റെ ദൃഷ്ടാന്തമായി കണക്കാക്കാം. പരിശുദ്ധമായ ജലാശയങ്ങളിൽ പോലും കാലക്രമത്തിൽ അഴുക്കുചാലുകൾ വന്നുചേരാം. അതു തടഞ്ഞ് ശുദ്ധമായി പരിപാലിക്കേണ്ടത് അതിന് നിയുക്തരായ പ്രതിനിധികളുടെ ചുമതലയാണ്. ഭരണഘടനയുടെ ഭേദഗതിക്കുള്ള നിയമ നിർമ്മാണത്തിലൂടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ അതാണ് നിർവഹിക്കുന്നത്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് മന്ത്രിപദവിയിൽ ഇരിക്കുന്ന ഒരു വ്യക്തി ഒരു കാരണവശാലും പറയാൻ പാടില്ലാത്തതാണ് സജി ചെറിയാൻ പറഞ്ഞത്. ഇവിടെ അദ്ദേഹം മാന്യമായ വിമർശനമല്ല, നിന്ദ്യമായ തരംതാണ വാക്കുകൾ ഉപയോഗിച്ച് ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാർ പറഞ്ഞത് പകർത്തിയെഴുതി ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി എഴുതിവച്ചിരിക്കുന്നതാണ് ഭരണഘടന എന്നാണ് സജി ചെറിയാൻ മല്ലപ്പള്ളിയിൽ പറഞ്ഞതിന്റെ ചുരുക്കം. വസ്തുതാപരമായും അത് ശരിയല്ല. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത് എഴുതി എടുത്തതല്ല ഇന്ത്യൻ ഭരണഘടന എന്നത് ഒരു അഭിഭാഷകൻ കൂടിയായ സജി ചെറിയാന് അറിയാൻ പാടില്ലാത്തതല്ല. അപ്പോൾ മനഃപ്പൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറഞ്ഞ അസത്യമാണതെന്ന് കരുതേണ്ടിവരും. ഇത്രയും സുശക്തമായ ഒരു ഭരണഘടന ഉണ്ടായിട്ടുപോലും ഇവിടെ ഭരണത്തിൽ കയറിയ ചിലരെങ്കിലും കൊള്ളയടിക്ക് പിറകോട്ടായിരുന്നില്ല എന്നതും നമ്മൾ മറക്കരുത്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ നയിക്കുന്നവർ പുലർത്തുന്ന തത്വാധിഷ്ഠിത നിലപാടുകളും വ്യക്തിശുദ്ധിയും മറ്റുമാണ് ഭരണഘടനയുടെ നന്മ കൂടുതൽ പ്രകാശമാനമാക്കാൻ ഇടയാക്കുന്നത്.

ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും ഭരണകൂട സംവിധാനങ്ങളെയാണ് വിമർശിച്ചതെന്നും മറ്റുള്ളതെല്ലാം ദുർവ്യാഖ്യാനമാണെന്നുമാണ് മന്ത്രി പിന്നീട് നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ ഈ വിശദീകരണം മതിയാകും അദ്ദേഹത്തിന്റെ പാർട്ടിക്ക് ക്ഷമിക്കാൻ. എന്നാൽ നിയമ നടപടികളിലേക്ക് നീങ്ങിയാൽ കോടതിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. പഞ്ചാബ് മോഡൽ പോരാട്ടമൊന്നും നടത്താൻ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞതല്ലെങ്കിലും അത്തരം പരാമർശം നടത്തിയതിന്റെ പേരിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നാടാണിത്.

സജി ചെറിയാന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. നാക്കുപിഴ, ഓണാട്ടുകര ഭാഷ എന്നൊക്കെ പറഞ്ഞത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യമായിരുന്നു. തെറ്റ് ആർക്കും സംഭവിക്കാം. അത് തിരുത്തപ്പെട്ടു എന്ന് ജനങ്ങൾക്ക് ബോദ്ധ്യമാവുന്നത് തെറ്റുകാണിച്ച വ്യക്തി അതിനുള്ള ശിക്ഷ ഏറ്റുവാങ്ങുമ്പോഴാണ്. മന്ത്രിപദവിയിൽ കടിച്ചു തൂങ്ങാൻ നിൽക്കാതെ രാജി സമർപ്പിച്ചത് നന്നായി

എന്നേ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസം പുലർത്തുന്ന ഏവരും കരുതുകയുള്ളൂ. അതിന് അദ്ദേഹത്തിന്റെ പാർട്ടി നിർദ്ദേശം നൽകിയതും കൂടുതൽ പ്രതിസന്ധി ഒഴിവാക്കാൻ സഹായകമായി.

മൗലികാവകാശ ലംഘനങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പോലും ഉണ്ടാകുമ്പോൾ ഒരു ഇന്ത്യൻ പൗരന് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ജുഡിഷ്യറിയെ സമീപിക്കാൻ കഴിയുന്നത്. ഭരണഘടന എന്ന സുശക്തമായ അസ്തിവാരത്തിലാണ് രാജ്യം നിലനിൽക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരുന്നുകൊണ്ട് തന്നെ അതിനെ അവഹേളിക്കുന്നത് സ്വന്തം വീടിനുള്ളിലിരുന്ന് തീവയ്ക്കുന്നതുപോലെയുള്ള പ്രവൃത്തിയാണ്. രാജി സമർപ്പിച്ചതിലൂടെ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞുവെന്നു വേണം കരുതാൻ. വായിൽത്തോന്നുന്നതൊക്കെ വിളിച്ചുപറയും മുമ്പ് താൻ വഹിക്കുന്ന പദവിയുടെ ഉത്തരവാദിത്വവും മഹത്വവും ഓരോരുത്തരും ഓർക്കുന്നത് നന്നായിരിക്കും. സജി ചെറിയാന്റെ അനുഭവം അധികാര പദവി വഹിക്കുന്നവർക്കു മാത്രമല്ല, പൊതുപ്രവർത്തകർക്കെല്ലാം പാഠമാകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.