ബ്രേക്കപ്പോ, മരണമോ എന്തുമാകട്ടെ, ആത്മാർത്ഥമായി സ്‌നേഹിച്ചയാൾ വിട്ടുപോകുകയെന്ന് പറഞ്ഞാൽ സഹിക്കാൻ കഴിയാത്ത വേദന തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ നമുക്ക് ചില ബന്ധങ്ങൾ വേണ്ടെന്ന് വയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം.
എപ്പോഴും മാനസികമായും ശാരീരികമായും വേദനപ്പിക്കുന്നൊരാളുമായുള്ള ബന്ധം എത്ര കാലം തുടരാനാകും. അത്തരം സാഹചര്യങ്ങളിൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതാകും നല്ലത്. അങ്ങനെ ഉണ്ടാകുമ്പോഴും അസഹനീയമായ മാനസിക വേദന അനുഭവിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് ലൈഫ് കോച്ചും ജ്യോതിഷിയുമായ ശീതൾ ഷപ്പരിയ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ഇഷ്ടപ്പെടുന്ന ഒരാളെ മിക്കവർക്കും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വളരെ സമയമെടുത്ത് ആലോചിച്ച ശേഷമായിരിക്കും അങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുക. ഇത് വേദനാജനകമാണ്. എന്നിരുന്നാലും, നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും വേദനയുണ്ടാക്കുന്ന (സന്തോഷമില്ലാത്ത) ഒരു ബന്ധത്തിൽ തുടരുന്നത് ക്രൂരമായിരിക്കും.'- അവർ പറഞ്ഞു.
ഇഷ്ടപ്പെടുന്ന ഒരാളെ അധികം വേദനിക്കാതെ ഉപേക്ഷിക്കാൻ സഹായിക്കുന്ന മൂന്ന് ടിപ്സും അവർ പങ്കുവച്ചു. ഏതൊക്കെയെന്ന് നോക്കാം...
അവരെ നന്നാക്കുന്നത് നിങ്ങളുടെ ജോലിയല്ല: പ്രിയപ്പെട്ടയാളുടെ സ്വാഭാവം മാറ്റി, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തനിക്കുകഴിയുമെന്ന് കരുതിയാണ് പലരും ബന്ധങ്ങളിൽ കടിച്ചുതൂങ്ങുന്നത്. ഒരു കാര്യം മനസിലാക്കുക. നിങ്ങൾക്കുള്ള ആത്മാർത്ഥ സ്‌നേഹം അവർക്ക് തിരിച്ചുമുണ്ടെങ്കിൽ, അല്ലെങ്കിൽ നഷ്ടപ്പെടുമോയെന്ന പേടി ആ വ്യക്തിയ്ക്കുണ്ടെങ്കിൽ ഒരിക്കലും അയാൾ/ അവൾ നിങ്ങളോട് മോശമായി പെരുമാറില്ലെന്ന് ചിന്തിക്കുക.
നിങ്ങളുടെ സന്തോഷത്തിനായി കൂടുതൽ സമയം മാറ്റിവയ്ക്കുക. ഉദാഹരണത്തിന് വായന ഇഷ്ടപ്പെടുന്നയൊരാളാണ് നിങ്ങളെങ്കിൽ നല്ല, നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുക. ഒട്ടും കംഫർട്ടല്ലാത്ത ആ ബന്ധം പോയത് നന്നായെന്ന് പിന്നീട് നിങ്ങൾക്ക് തോന്നും. ആ വ്യക്തിയെ പിന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത്.
ലൈഫിൽ ഒരുപാട് കാര്യങ്ങളിൽ ഒന്നുമാത്രമായിരിക്കണം ബന്ധങ്ങൾ. ഒരു വ്യക്തിയിൽ മാത്രം ചുറ്റിപ്പറ്റിയാകരുത് ജീവിതം. നിങ്ങൾക്ക് ചെയ്യാൻ വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട്. തന്റെ ലക്ഷ്യങ്ങളെ നിയന്ത്രിക്കുന്നയാളല്ല, പിന്തുണയ്ക്കുന്നയാളെയാണ് കൂടെക്കൂട്ടേണ്ടത് എന്ന് തിരിച്ചറിയുക. ഇപ്പോൾ അനുഭവിക്കുന്ന സങ്കടം ഭാവിയിലെ വലിയ സന്തോഷത്തിന് വേണ്ടിയാണെന്ന് ഓർക്കുക.
ദേഷ്യത്തിന് പകരം നന്ദി പറയൂ: ആ വ്യക്തിയോടുള്ള ദേഷ്യവും നിരാശയും കൊണ്ട് കളയാനുള്ളതല്ല നിങ്ങളുടെ ജീവിതം. അയാൾ സന്തോഷിക്കരുത്, എനിക്ക് പ്രതികാരം ചെയ്യണം എന്ന മനോഭാവം ഗുണത്തേക്കാൾ നിങ്ങൾക്ക് ദോഷമേ ചെയ്യൂ. ദേഷ്യത്തിന് പകരം ആ വ്യക്തിയ്‌ക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങൾക്ക് നന്ദി പറയൂ. അത് അടഞ്ഞ അദ്ധ്യായമായി കണ്ട് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പറക്കൂ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |