ആലപ്പുഴ : മൂന്നര പതിറ്റാണ്ടായി ആലപ്പുഴയുടെ ആരോഗ്യ രംഗത്തിന്റെ സ്പന്ദനമറിയാവുന്ന ഡോ.ടി.കെ.സുമ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി എത്തിയതോടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ ഉദ്ഘാടനം വേഗത്തിലാകുമോയെന്ന് കാത്തിരിക്കുകയാണ് രോഗികളും ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരും.
സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ ബ്ളോക്കിന്റെ നിർമ്മാണ ചുമതല വഹിച്ചിരുന്ന നോഡൽ ഓഫീസർ കൂടിയാണ് സുമ. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ തസ്തികകൾക്ക് ധനവകുപ്പ് അംഗീകാരം നൽകിയിട്ടില്ല. ആദ്യം നൽകിയ ജീവനക്കാരുടെ പട്ടിക ധനവകുപ്പിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ എണ്ണം കുറച്ച് വീണ്ടും സമർപ്പിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 200 പേരെ നിയമിക്കാനാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ആവശ്യപ്പെട്ടത്.
അധിക സാമ്പത്തിക ബാദ്ധ്യതയുടെ പേരിലാണ് ധനവകുപ്പ് തസ്തിക അനുവദിക്കാത്തത്. സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ ബ്ളോക്ക് തുറക്കുന്നതോടെ മികച്ച ആശുപത്രിയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മാറും. ഇപ്പോൾ ആശുപത്രിയിൽ വേണ്ടത്ര സൗകര്യം ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റഫർ ചെയ്യുന്നതാണ് പതിവ്. പുതിയ കെട്ടിടത്തിൽ 250 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയും. ഓരോ നിലയിലും ഐ.സി.യുവും തിയേറ്ററും പ്രത്യേക വാർഡുകളുമുണ്ട്. ഏഴ് ഡിപ്പാർട്ട്മെന്റുകളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 50 കിടക്കകളും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള മുറികളും സജ്ജമാക്കി. എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികൾ, സെമിനാർ ഹാളുകൾ, പി.ജി പരീക്ഷകൾക്കും മറ്റുമായി പൊതുപരീക്ഷാ ഹാൾ എന്നിവയുമുണ്ട്.
കേന്ദ്രപദ്ധതി
കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രം യോഗിമാൻ ധൻ (പി.എം.എസ്.വൈ.എം) പദ്ധതി പ്രകാരം അനുവദിച്ച 150 കോടി ചിലവഴിച്ചാണ് കേന്ദ്രീകൃത ഐ.സി.യുവും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളും ഉൾപ്പെടുന്ന ആറു നില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ജീവനക്കാരെ നിയമിക്കാത്തതിനാൽ ഉദ്ഘാടനം വൈകുകയായിരുന്നു. ആശുപത്രിയിലേക്ക് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലിയും പൂർത്തിയായി.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ
ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോതെറാപ്പി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി, നെഫ്രോളജി
തീവ്രപരിചരണ വിഭാഗങ്ങൾ
കാർഡിയോളജി, മെഡിസിൻ, സർജറി, ന്യൂറോ, കാർഡിയോതെറാപ്പി, ട്രാൻസ് പ്ളാന്റേഷൻ, പോസ്റ്റ് കാത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |