SignIn
Kerala Kaumudi Online
Thursday, 19 September 2024 1.05 AM IST

ശ്രീലങ്കൻ കൊടുങ്കാറ്റ് ; ശാന്തതീരത്തേക്ക് ഇനിയെത്ര ദൂരം ?​

Increase Font Size Decrease Font Size Print Page

photo

ശ്രീലങ്ക ഇന്ന് നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി 1948-ൽ അവർ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാഹചര്യമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഏറ്റവും പ്രസക്തമായ ചോദ്യം മാദ്ധ്യമങ്ങൾ ഉൾപ്പെടെ ആരും ചോദിക്കുന്നില്ല. ഈ സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിക്കപ്പെട്ടത് എവിടെ നിന്നാണ് ?


2019 ലെ തിരഞ്ഞെടുപ്പിൽ ജയിച്ച രാജപക്‌സെ സഹോദരന്മാരുടെ തെറ്റായ ഭരണമാണ് സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനകാരണം എന്നതിൽ തർക്കമില്ല. വാസ്തവത്തിൽ, 'സഹോദരാധിപത്യം' കാര്യങ്ങൾ മാറ്റിമറിച്ച 2019 വരെ ശ്രീലങ്ക ഒരു ജനാധിപത്യ രാജ്യമായി നിലനിന്നു. ഈ സഹോദരന്മാർ ഭരണത്തിൽവന്ന ശേഷം രാഷ്ട്രീയ നേതൃത്വത്തിന്റെ പരിഗണനയ്‌ക്കുള്ള പേപ്പറുകൾ തയ്യാറാക്കുന്നതിൽ നിന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഉപദേശം പ്രയോജനപ്പെടുത്തേണ്ടെന്നും സഹോദരന്മാർ തീരുമാനിച്ചു. രാജ്യത്തെ പരിതാപകരമായ സ്ഥിതിയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് ഇതാണ്. ഈ ലേഖകൻ കൊളംബോയിൽ ഡെപ്യൂട്ടി ഹൈക്കമ്മിഷണറായിരുന്ന 1979-1982 കാലത്ത് അവിടെ നിലനിന്നത് മികച്ച സിവിൽ സർവീസുകളിലൊന്നായിരുന്നു.


സമ്പന്നരുടെ ആദായനികുതി നിരക്ക് കുറച്ചത് തെറ്റായ നയതീരുമാനങ്ങൾക്ക് ഒരു ഉദാഹരണമാണ്. ഇതടക്കമുള്ള നടപടികളെ തുടർന്ന് വളം ഇറക്കുമതിക്കുള്ള പണം കണ്ടെത്താൻ പോലും ആ രാജ്യത്തിന് കഴിയുന്നില്ല. ജൈവകൃഷി അവതരിപ്പിക്കാൻ സഹോദരന്മാർ ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനം പ്രവചനാതീതവും വിനാശകരവുമായ പ്രത്യാഘാതങ്ങളാണ് സൃഷ്‌ടിച്ചത്.


പ്രതിസന്ധികൾ ആകാശം മുട്ടെ വളർന്നപ്പോൾ പ്രസിഡന്റ് രാജപക്‌സ ഒളിച്ചോടുകയും ചെയ്‌തു. യഥാർത്ഥത്തിൽ രാജിക്കായി ആളുകൾ അലമുറയിട്ട സമയത്ത് അദ്ദേഹം രാജ്യത്തെ അഭിസംബോധനചെയ്ത് ക്ഷമ യാചിക്കണമായിരുന്നു; സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ആഗ്രഹം പ്രഖ്യാപിക്കണമായിരുന്നു; സമ്പദ്‌വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതുവരെ തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിക്കില്ലെന്നും തുടർന്ന് പാർലമെന്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ, കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച സ്വന്തം പൗരന്മാരെ ഭയന്ന് പ്രസിഡന്റിന് കൊട്ടാരംവിട്ട് ഓടിപ്പോകേണ്ടി വരില്ലായിരുന്നു. യഥാർത്ഥത്തിൽ, ശ്രീലങ്കയിൽ ഒരു വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ശ്രീലങ്കയിൽ ജൂലായ് ഒൻപതിന് നടന്നതും ഫ്രഞ്ച് ചരിത്രത്തിൽ ബാസ്റ്റിൽ ദിനത്തിൽ(ജൂലായ് 14) സംഭവിച്ചതുമായ കാര്യങ്ങൾ തമ്മിൽ ഏറെ സമാനതകളുണ്ട്.

എന്താണ് പരിഹാരം ?​
ഈ ദുരന്തത്തിന് പരിഹാരം കാണാനുള്ള ഏറ്റവും നല്ല മാർഗമെന്താണ്? ശ്രീലങ്കൻ രാഷ്‌ട്രീയത്തിൽ നിന്ന് പുറത്താക്കപ്പെട്ട ദുശാഠ്യക്കാരനായ പ്രസിഡന്റിനോട് ഒരു സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് എം.പിമാർക്ക് നേരത്തെ ആവശ്യപ്പെടാമായിരുന്നു. ധാർമ്മിക അധികാരവും നിയമസാധുതയും നഷ്ടപ്പെട്ട ഒരു പ്രസിഡന്റ് വാഗ്‌ദാനം ചെയ്‌ത പ്രധാനമന്ത്രിപദം സ്വീകരിക്കുമ്പോൾ റെനിൽ വിക്രമസിംഗെയും ജാഗ്രത പാലിക്കണമായിരുന്നു. സർവകക്ഷി സർക്കാർ വേണമെന്ന് അദ്ദേഹം ആവശ്യപ്പെടേണ്ടതായിരുന്നു. എന്നാൽ പൗരന്മാർ തന്റെ സ്വകാര്യ വസതിക്ക് തീയിടുന്നത് വരെ, ദേശീയ ഐക്യത്തിനായുള്ള ഒരു സർക്കാരിന്റെ ആവശ്യകത റെനിൽ തിരിച്ചറിഞ്ഞില്ല. വസതിക്ക് തീയിട്ടതിനെ കുറ്റപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആരും ചെവികൊടുക്കുന്നില്ല. കാരണം ജനങ്ങളുടെ ഉച്ചത്തിലുള്ള വിവിധ ആവശ്യങ്ങളെ അദ്ദേഹം ഒരിക്കൽ പോലും ചെവിക്കൊണ്ടിരുന്നില്ല.

ജൂലായ് 20-നകം പാർലമെന്റ് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ പ്രസിഡന്റിനൊപ്പം ശ്രീലങ്കയ്ക്ക് സങ്കീർണതകളിൽ നിന്ന് വിവേകത്തിലേക്കുള്ള യാത്ര ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയുടെ ഇടപെടൽ
ശ്രീലങ്കൻ വിഷയത്തിൽ ഇന്ത്യയ്ക്ക് ഇതിലും നന്നായി ഇടപെടാൻ കഴിയുമായിരുന്നോ? യഥാർത്ഥത്തിൽ ഇന്ത്യക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കാനാകുന്ന ഈ ഉത്തരവാദിത്തമല്ല ശ്രീലങ്കൻ വിഷയം. പ്രതിസന്ധിയിലായ ശ്രീലങ്കയ്‌ക്ക് ഇന്ത്യ ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും നൽകിയത് പ്രതിസന്ധിയിലായ അയൽരാജ്യത്തിന് നൽകാവുന്ന ഏറ്റവും മാതൃകാപരമായ സഹായമാണ്.
ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ജി-20 രാജ്യങ്ങൾ, ചൈന, അന്താരാഷ്‌ട്ര നാണയ നിധി(ഐ.എം.എഫ്), ലോകബാങ്ക് എന്നിവയെ ക്ഷണിച്ച് 2022 ഏപ്രിലിൽ ഇന്ത്യ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിക്കേണ്ടതായിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ അന്താരാഷ്‌ട്ര ഏജൻസികൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ഈ സമ്മേളനത്തിന് കഴിയുമായിരുന്നു.

ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി-20 സമ്മേളനത്തിൽ ശ്രീലങ്കൻ വിഷയം അവതരിപ്പിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയെ കുറ്റം പറഞ്ഞ് ബാലി യോഗത്തിന്റെ സമയം പാഴാക്കി. റഷ്യൻ വിദേശകാര്യ മന്ത്രി വാക്കൗട്ട് നടത്തുകയും ചെയ്‌തു.

ഇപ്പോഴും വൈകിയിട്ടില്ല. ദ്വീപ് രാഷ്ട്രത്തിന്റെ പുതിയ പ്രസിഡന്റുമായി വിവേകപൂർവമായ കൂടിയാലോചനകൾ നടത്തിയ ശേഷം ഡൽഹിയിൽ ഒരു സമ്മേളനം വിളിച്ചുകൂട്ടാനും സാമ്പത്തിക പ്രതിസന്ധികൾക്കടക്കം പരിഹാരം കാണാനും സാധിക്കും.

(ശ്രീലങ്കയിലെ മുൻ ഇന്ത്യൻ അംബാസഡർ ആയിരുന്ന ലേഖകൻ രചിച്ച The ARAB SPRING THAT WAS AND WASN't' എന്ന പുസ്തകം മാക്മില്ലൻ എഡ്യൂക്കേഷൻ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചു.)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SRI LANKAN CRISIS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.