തിരുവല്ല: കോളേജ് വിദ്യാർത്ഥിനിയുടെ മാലമോഷ്ടിച്ച് കടന്ന കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. തിരുവല്ല വളളംകുളം രജി ഭവനിൽ സുജിത്ത് ചന്ദ്രൻ (39) ആണ് പൊലീസ് പിടിയിലായത്.കുറ്റപ്പുഴ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനിയുടെ 10 ഗ്രാം തൂക്കമുള്ള മാല പൊട്ടിച്ചു സ്കൂട്ടറിൽ കടന്ന കേസിലാണ് അറസ്റ്റ്. സി.സി ടി.വി.യും മൊബൈൽ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷന് മുമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇവിടുത്തെ എ.ടി.എം കൗണ്ടറിൽനിന്നും പണമെടുക്കാനായി ഓട്ടോറിക്ഷയിലെത്തിയ പെൺകുട്ടിയുടെ മാല പൊട്ടിച്ചശേഷം സുജിത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മാല പിന്നീട് ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇയാൾ പണയംവച്ചത് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെടുത്തു. മോഷണവും വഴിയാത്രക്കാരായ സ്ത്രീകളെ കടന്നുപിടിച്ചതുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുജിത്തെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി. ടി.രാജപ്പന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ അനീഷ് ഏബ്രഹാം, എസ്.ഐ.സന്തോഷ്, സിനിയർ സി.പി.ഒ.മാരായ കെ.ആർ.ജയകുമാർ, പ്രബോധ് ചന്ദ്രൻ, സജീവ്, മാത്യു പി.ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |