തിരുവനന്തപുരം :പൊലീസ് സ്റ്റേഷൻ വല്ലാത്തൊരു അധികാര കേന്ദ്രമല്ലെന്നും ,സേവന കേന്ദ്രമെന്ന നിലയിൽ മാറ്റുണ്ടാക്കാനുള്ള മനോഭാവമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ പൊലീസിനെ ഭയക്കുമ്പോഴല്ല, അവർക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാനും ആശ്രയിക്കാനും കഴിയുമ്പോഴാണ് സേനയ്ക്ക് കൂടുതൽ മാന്യത കൈവരുക . ഇത്തരമൊരു സംസ്കാരം ഉൾച്ചേർക്കാനുള്ള ബോധപൂർവമായ ശ്രമം പൊലീസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പൊലീസ് സേനയിൽ കാര്യമായ മാറ്റം വന്നപോഴും പഴയ ശീലങ്ങളിൽ നിന്ന് മാറാൻ തയ്യാറാകാത്ത ഒറ്റപ്പെട്ട ചെറിയ വിഭാഗമുണ്ട്. സേനയ്ക്ക് ചേരാത്ത വിധം പെരുമാറുന്നവർക്ക് ഒരു സംരക്ഷണവും ലഭിക്കില്ല. ഒരാളുടെ മോശം പ്രവൃത്തി സേനയെ ആകെയാണ് ബാധിക്കുന്നത്.ഇത്തരക്കാരെ തിരുത്താൻ സംഘടനയ്ക്ക് കഴിയണം.
മനപൂർവം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി മറ്റൊരു ചിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ശക്തികളുണ്ട്. ഇതിന്റെ ഭാഗമായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നു.
ബോധപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ സമചിത്തതയോടെ നേരിടാൻ പൊലീസിനായി. ആ സഹനശക്തിയും ക്രമസമാധാനം നിലനിർത്തുന്നതിൽ പ്രധാനമാണ്. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിനുള്ളത്.ഇന്റലിജന്റസ് സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ചില ശക്തികൾ രാജ്യത്തുണ്ട്. മഹാരാഷ്ട്രയിൽ എം.എൽ.എമാരെ കടത്തിക്കൊണ്ടു പോയതു വരെ ഇന്റലിജൻസ് അറിഞ്ഞിരുന്നില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടില്ല.പ്രൊഫഷണൽ യോഗ്യതയുള്ളവർ പൊലീസിലേക്ക് കടന്നു വരുന്നത് ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.പി.എ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് എസ് .ആർ അദ്ധ്യക്ഷനായി. ഡി.ജി.പി അനിൽ കാന്ത് ,ഒ .എസ് .അംബിക എം.എൽ.എ ,എ.ഡി.ജി.പിമാരായ കെ.പത്മകുമാർ ,വിജയ് സാക്കറെ ,ജില്ലാ പൊലീസ് മേധാവി ഡോ .ദിവ്യ വി.ഗോപിനാഥ്,കെ.പി.എസ് .ഒ .എ സംസ്ഥാന പ്രസിഡന്റ് ഇ.എസ് .ബിജുമോൻ,കെ.പി.ഒ .എ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത് എന്നിവർ സംസാരിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജി.എസ് .കൃഷ്ണലാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |