തിരുവനന്തപുരം: കൊവിഡ് തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കർക്കടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളുമായി തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. ഒരേസമയം മൂവായിരം പേർക്ക് ബലിയിടാവുന്ന തരത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ശംഖുംമുഖം തീരത്ത് ബലിയിടൽ നിരോധിച്ചതിനാൽ നാൽപതിനായിരത്തോളം പേരെ ബലിതർപ്പണത്തിന് പ്രതീക്ഷിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 2.30 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. 12.30 ഓടെ പൂർത്തിയാകും.ഒമ്പത് മണ്ഡപങ്ങളാണ് ക്ഷേത്രത്തിന് അകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നത്. 35 പുരോഹിതർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.മുന്നൂറോളം താത്കാലിക ജീവനക്കാരെ പൂജാദ്രവ്യങ്ങളുടെ വിതരണത്തിനും പരിസര ശുചീകരണത്തിനും ചുമതലപ്പെടുത്തിയിട്ടുണ്ട്.നിലവിൽ ക്ഷേത്രത്തിലെ പെയിന്റിംഗ്,പന്തൽ,താത്കാലിക പാലം എന്നിവയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഇത് രണ്ടുദിവസത്തിനകം പൂർത്തിയാകും. ബലിതർപ്പണത്തിനുള്ള ടിക്കറ്റിനായി ക്ഷേത്രത്തിന് പുറത്ത് ആറ് താത്കാലിക സ്‌പോട്ട് ബുക്കിംഗ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.മന്ത്രി വി.ശിവൻകുട്ടി ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
ടിക്കറ്റ് ബുക്കിംഗ്
ബലിതർപ്പണത്തിന് 75 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഉള്ളൂർ നെയ്യാറ്റിൻകര ഗ്രൂപ്പുകൾക്ക് കീഴിലുള്ള 15 ക്ഷേത്രങ്ങളിൽ നേരിട്ടെത്തി ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാനാവും. തിരക്കൊഴിവാക്കാനാണ് ഈ സംവിധാനം.സ്‌പോട്ട് ബുക്കിംഗ് ചെയ്യുന്നവർക്കും മുൻകൂർ ബുക്കിംഗ് ചെയ്യുന്നവർക്കും പ്രത്യേകം ക്യൂവഴിയാണ് ബലിതർപ്പണത്തിന് അവസരം.
വിപുലമായ സൗകര്യങ്ങൾ
കിള്ളിയാറിന്റെ തീരത്ത് മൂന്ന് താത്കാലിക പാലങ്ങളും ക്ഷേത്രാങ്കണത്തിൽ രണ്ടു താത്കാലിക മേൽപ്പാലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.ഇ.ടോയ്‌ലെറ്റ് അടക്കമുള്ളവയുടെ നിർമ്മാണവും പുരോഗമിക്കുന്നു.കടവുകളിൽ ഷവറുകളും പ്രവർത്തനസജ്ജം.ക്ഷേത്രത്തിന് അകത്തും പുറത്തുമായി നാല്പതോളം സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഫോർട്ട് എ.സി എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരക്ഷയൊരുക്കും.
പാർക്കിംഗ്
ബി.എൻ.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണിത്തിലും അർച്ചന പാർക്കിംഗ് എതിർവശത്തുള്ള സർവീസ് റോഡിലുമാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ബലിതർപ്പണത്തിന് ക്ഷേത്രം സജ്ജമാണ്. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിൽ.കൂടുതൽ ഭക്തരെ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.
പ്രജിത്കുമാർ .എസ്.പി, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ
കർക്കടകവാവിന് നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും. എങ്ങനെയാകുമെന്ന് ഉടനെ അറിയിക്കും.
ഡി.സി.പി അജിത്കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |