തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതികളെ കിട്ടാത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നും അവർ ഗൗരവത്തോടെ അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ വേഗത്തിൽ കിട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ എ കെ ജി സെന്റർ ആക്രമണത്തെകുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സംഭവമായിരുന്നു എ കെ ജി സെന്ററിലെ ആക്രമണം. പൊലീസ് കാവലിൽ ഉണ്ടായിരുന്ന ഭരണകക്ഷിയുടെ ആസ്ഥാനത്ത് നടന്ന ആക്രമണമത്തിൽ ഒരു തുമ്പും കിട്ടാതെ അലയുകയായിരുന്നു പൊലീസ് ഇതുവരെ. ആക്രമണം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സംഭവത്തിന് പിന്നിലുള്ളവരെയോ പ്രതികളെയോ കണ്ടെത്താൻ പോലും പൊലീസിന് കഴിയാത്തത് മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് വൻ നാണക്കേടായി തീരുകയായിരുന്നു.
ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. പൊലീസ് കാവലിലുള്ള കെട്ടടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഉടനെ ലഭിച്ചെങ്കിലും പ്രതിയെ മാത്രം പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനോടകം പൊലീസ് അമ്പതോളം സി സി ടി വി ദൃശ്യങ്ങളും ആയിരത്തോളം ഫോൺ രേഖകളും പരിശോധിച്ചു കഴിഞ്ഞു.
അതേസമയം ഉഗ്ര സ്ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഫോറൻസിക്ക് വിദഗ്‌ദ്ധരുടെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ലോഹചീളുകളോ, കുപ്പിച്ചില്ലുകളോ ഒന്നു ലഭിച്ചിട്ടില്ല. കുറച്ച് ഗൺപൗഡറിന്റെ അംശം മാത്രമാണ് ഫോറൻസിക്ക് വിദഗ്‌ദ്ധർക്ക് ഇതുവരെയായും ലഭിച്ചിട്ടുള്ളത്. നാടൻ പടക്കിന് സമാനമായ ഏതോ വസ്തു ഉപയോഗിച്ചാണ് സംഭവം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |