തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കാേടതി തള്ളി. സി ബി ഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയും ചെയ്തു. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തൽ. കേസിലെ ഏക പ്രതിയായ ഡ്രൈവർ അർജുനോട് ഒക്ടോബർ ഒന്നിനു ഹാജരാകാൻ കോടതി നിർദേശിക്കുകയും ചെയ്തു.സി. ബി ഐ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് ബാലഭാസ്കറിന്റെ കുടുംബം ഹർജി നൽകിയത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ ശ്രമം നടന്നു എന്നും അപകടം ഉണ്ടാക്കിയത് സ്വർണക്കടത്ത് സംഘമാണെന്ന് വിശ്വസിക്കുന്നുവെന്നും ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് ദേശീയപാതയിൽ പള്ളിപ്പുറത്തുവച്ച് 2018 സെപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്.കുഞ്ഞ് അപ്പോൾത്തന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ബാലഭാസ്കർ മരിച്ചത്. വിമാനത്താവളത്തിലെ സ്വർണക്കടത്തുകേസിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പ്രതിയായതോടെയാണ് അപകടത്തിൽ ബന്ധുക്കൾക്ക് സംശയം ഉണ്ടായതും കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അപകടത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായില്ല. തുടർന്നാണ് ബന്ധുക്കൾ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |