SignIn
Kerala Kaumudi Online
Saturday, 03 December 2022 12.49 AM IST

മഴ അതിശക്തം; അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കാലാവസ്ഥാ വകുപ്പ്, ഇന്ന് ആറ് മരണം

rain

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ പ്രളയമുന്നൊരുക്കങ്ങൾ വേഗത്തിലാക്കി. കേരളത്തിൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഒരുക്കങ്ങൾ ദ്രുതഗതിയിലാക്കിയത്. അടുത്ത മൂന്ന് ദിവസങ്ങൾ നിർണായകമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ അതിതീവ്രമാകുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലും ഏഴ് ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. നാളെയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. മൂന്ന് നദികളിൽ പ്രളയമുന്നറിയിപ്പ് നൽകി. മണിമലയാർ, നെയ്യാർ, കരമനയാർ എന്നീ നദികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കണ്ണൂർ പേരാവൂരിൽ രണ്ടര വയസുകാരിയടക്കം രണ്ടുപേർ ഉരുൾപൊട്ടലിൽ മരിച്ചു. അമ്മയുടെ പിടിവിട്ട് നുമ തസ്ളീം ആണ് മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചത്. കൂട്ടിക്കൽ, കോതമംഗലം, ചേരാനല്ലൂർ, വൈക്കം എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

അതിശക്തമായ മഴയുടെ സാഹചര്യത്തിൽ മലയോര മേഖലകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. ആൾനാശവും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ചില കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്. പരിസരവാസികളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മണ്ണിനടിയിൽ പെട്ട ചന്ദ്രൻ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്.

നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് നാലാം തീയതിവരെ വിനോദയാത്രകൾക്ക് വിലക്കേർപ്പെടുത്തി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അട്ടപ്പാടിയിലേക്കും യാത്രയ്ക്ക് വിലക്കുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 757 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 94 വീടുകളിൽ നിന്നാണ് ആളുകളെ മാറ്റിയത്. കോട്ടയത്ത് മാത്രം 15 ക്യാമ്പുകളാണ് തുറന്നത്. എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ പ്രദേശത്ത് രണ്ട് ക്യാമ്പുകൾ തുറന്നു. പത്തനംതിട്ടയിൽ പത്ത് ക്യാമ്പുകളാണ് തുറന്നത്. ചാലക്കുടിയിൽ അഞ്ച് ക്യാമ്പുകളും ആരംഭിച്ചു. അതേസമയം, മഴ കുറഞ്ഞതോടെ തിരുവനന്തപുരത്ത് റെഡ് അലർട്ട് പിൻവലിച്ചു. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ വീതം തുറന്നിരിക്കുകയാണ്. ഇതിനിടെ നാളെ തിരുവനന്തപുരം നിശാഗന്ധിയിൽ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങ് അതിതീവ്ര മഴയുടെ സാഹചര്യത്തിൽ മാറ്റിവച്ചതായി സാസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, HEAVY, RAIN, CAMPS, SIX, DEATHS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.