SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.21 AM IST

ധനുവച്ചപുരം സ്കൂളിന് ഭീഷണിയായി ഭൂമാഫിയ ഓട അടച്ചതായി പരാതി

x1

ഉദിയൻകുളങ്ങര: കൊല്ലയിൽ ധനുവച്ചപുരം വാർഡിലെ ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് മഴവെള്ളം പുറത്തേക്ക് പോകുന്നതിന് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച ഓട റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങൾ കോൺക്രീറ്റ് ചെയ്ത് അടച്ചതായി പരാതി. ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവിടങ്ങളിലെ വെള്ളം ഈ ഓട വഴിയാണ് ഒഴുകിയിരുന്നത്. ഇപ്പോൾ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളം കെട്ടുന്നതു കാരണം സ്കൂളിന്റെ കെട്ടിടങ്ങളും മതിലും ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടെന്നും അടുത്തിടെ ലക്ഷങ്ങൾ ചെലവാക്കി സ്കൂളിൽ മാനസ എന്ന പേരിൽ പെൺകുട്ടികൾക്കായി നിർമ്മിച്ച ടോയ്‌‌ലെറ്റ് തകർച്ചാഭീഷണിയിലാണെന്നും രക്ഷാകർത്താക്കൾ പറയുന്നു.

ഇതിനെതിരെ സ്കൂൾ അധികൃതർ പൊലീസിനും, പഞ്ചായത്തിനും, പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഹെഡ്മാസ്റ്റർ ബാഹുലേയൻ ആരോപിച്ചു. പാപ്പനംകോട് സ്വദേശി സ്കൂളിന് സമീപം ഒരേക്കർ വസ്തു വാങ്ങി പ്ലോട്ട് തിരിച്ച് വില്പനയ്ക്കൊരുക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾ പഴക്കമുള്ള ഓട നികത്തിയത്. രണ്ടാഴ്ച മുൻപ് ഭൂമാഫിയയെ എതിർത്ത സമീപവാസിയായ ധനുവച്ചപുരം ലക്ഷ്മി നിവാസിൽ ജോൺകുട്ടിയെ ഒരുസംഘം കൈയേറ്റം ചെയ്യുകയും, അതിൽ പാറശാല പൊലീസിൽ പരാതിപ്പെട്ടതിന് ശേഷം ഞായറാഴ്ച സ്കൂൾ പരിസരത്തു വച്ച് അജ്ഞാത വാഹനമിടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഭൂമാഫിയാ സംഘമാണെന്ന് കൈയിൽ ഒടിവുമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോൺ ആരോപിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് വീടുകൾക്ക് ഭീഷണിയായി ഭൂമാഫിയ നടത്തുന്ന അശാസ്ത്രീയ നിർമ്മാണങ്ങൾ അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL