ചാലക്കുടി: തെങ്ങുകളുടെ കൂമ്പുകൾ മാത്രം തീറ്റയാക്കിയ കാട്ടാന കോർമലക്കാർക്ക് ഭീഷണിയാകുന്നു. വ്യാഴാഴ്ച രാത്രിയിൽ കരിക്കാട്ടോളിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ 39 കുട്ടിത്തെങ്ങുകളാണ് കൊമ്പൻ കൂമ്പ് തിന്ന് നശിപ്പിച്ചത്. നാലു വർഷം മൂപ്പുള്ള തെങ്ങുകളായതിനാൽ ആറടിയായിരുന്നു ഉയരം. തേങ്ങകളെ ഒഴിവാക്കി കൂമ്പുകളുടെ കഥ കഴിക്കുകയായിരുന്നു. കളമ്പാടൻ ജോസഫിന്റെ തോട്ടത്തിലെ തെങ്ങുകളാണിത്. കഴിഞ്ഞയാഴ്ചയും ഇതേ ആന മറ്റു പറമ്പുകളിലെ തെങ്ങുകളുടെ കൂമ്പുകൾ തിന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഓണം ഖാദി മേള 2022 ജില്ലാതല ഉദ്ഘാടനം
തൃശൂർ : ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാതല 'ഓണം ഖാദി മേള 2022' ന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ആദ്യ വിൽപ്പന നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ സമ്മാന കൂപ്പൺ വിതരണം നടത്തും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള പാവറട്ടിയിലെ നവീകരിച്ച ഖാദി സൗഭാഗ്യയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിക്കും. മുരളി പെരുന്നെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ ആദ്യ വിൽപ്പനയും സമ്മാന കൂപ്പൺ വിതരണവും നിർവഹിക്കും. ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്തംബർ ഏഴ് വരെ ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം ഗവ.റിബേറ്റ് ഉണ്ടാകും.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ
ത്രിസപ്തതി ആഘോഷം ഇന്ന്
തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്തതി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൃശൂർ കൗസ്തുഭം ഹാളിൽ രാവിലെ 10ന് നടക്കുന്ന ആഘോഷ പരിപാടിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷനാകും. ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും തന്ത്രവിദ്യാപീഠത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.രാജനും വാദ്യകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും നിർവഹിക്കും. മേയർ എം.കെ.വർഗീസ്, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, എന്നിവർ വിശിഷ്ടാതിഥികളാകും. മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും ബോർഡ് അംഗങ്ങളെയും ആദരിക്കും.
ക്യാമ്പിൽ 1650 കുടുംബങ്ങൾ
തൃശൂർ : ജില്ലയിൽ മഴക്കെടുതിയിൽ 4298 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 92 ക്യാമ്പുകളിലായി 1650 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |