SignIn
Kerala Kaumudi Online
Saturday, 24 January 2026 11.18 AM IST

എണ്ണയില്ലാതെ ജനത്തെ പൊരിച്ച് ആനവണ്ടി

Increase Font Size Decrease Font Size Print Page
ksrtc

തിരുവനന്തപുരം:ഏത് പ്രതിസന്ധിയിലും പൊതുഗതാഗതം മുടങ്ങാതെ നോക്കേണ്ട കെ.എസ്.ആർ.ടി.സിയും സർക്കാരും കടമ മറന്നപ്പോൾ നികുതി നൽകുന്ന ജനം ഇന്നലെ ട്രാൻസ്‌പോർട്ട് ബസുകൾ കിട്ടാതെ വലഞ്ഞു.

ഡീസൽ ക്ഷാമം മൂലം ദീർഘദൂര സർവീസുകളും 75 % ഓർഡിനറി സർവീസുകളും വെട്ടിക്കുറച്ചു. ഇന്ന് ഒരു ഓർഡിനറി സർവീസും നടത്താനിടയില്ല.നാളെയും ഇത് തുടർന്നാൽ സ്ഥിതി രൂക്ഷമാകും. വിദ്യാർത്ഥികൾ ഉൾപ്പെടെ വലയും. ഇന്ന് പരമാവധി സർവീസ് കുറച്ച് തിങ്കളാഴ്ചത്തേക്ക് ഇന്ധനം കരുതണമെന്നാണ് ഡിപ്പോ മേധാവികൾക്കുള്ള നിർദ്ദേശം. പല ഡിപ്പോകളിലും ഇന്ധനം കാലിയാണ്. പിന്നെ എന്തു കരുതും?​

ഇന്നലെ നിയോഗിച്ച ഓർഡിനറിയിൽ പകുതിയും പേരിന് മാത്രമാണ് ഓടിയത്. തെക്കൻ ജില്ലകളിലാണ് യാത്രാക്ളേശം രൂക്ഷമായത്.

പെട്ടെന്നുണ്ടായ പ്രതിസന്ധിയല്ലിത്. ജൂണിലെ ശമ്പളക്കുടിശിക ആഗസ്റ്റിലും നീണ്ടപ്പോൾ എണ്ണ കമ്പനികൾക്ക് നൽകാനുള്ള പണമെടുത്ത് ശമ്പളം നൽകി. ജൂലായിലെ ശമ്പളം ആർക്കും നൽകിയിട്ടുമില്ല. സർക്കാർ ഇന്നലെ 20 കോടി അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കാൻ ബുധനാഴ്ചയെങ്കിലും ആകും. 20 കോടി അധികം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി മൂന്നാഴ്ച മുമ്പ് ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഈ സഹായം വൈകിപ്പിച്ചതാണ് കാര്യങ്ങൾ വഷളാക്കിയത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ വരുമാനം ഭൂരിഭാഗവും എണ്ണക്കമ്പനികൾക്ക് നൽകാനാണ് തീരുമാനം. 13 കോടിയാണ് എണ്ണക്കമ്പനികൾക്ക് കുടിശികയുള്ളത്.

അതിനിടെ ഡിപ്പോകളിലെ കളക്ഷൻ പണം ഉപയോഗിച്ച് സ്വകാര്യപമ്പുകളിൽ നിന്നും ഡീസൽ നിറയ്ക്കണമെന്ന നിർദേശവും ഇന്നലെ രാത്രി മാനേജ്മെന്റ് നൽകിയിട്ടുണ്ട്.

രക്ഷപ്പെടാതെ രക്ഷാപാക്കേജ്

ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്കു സമർപ്പിച്ച രക്ഷാപാക്കേജിൽ തീരുമാനം ആയില്ല. ഒറ്റത്തവണ സഹായമായി 250 കോടി നൽകുക,​ എസ്.ബി.ഐ കൺസോർഷ്യം വായ്പാ തിരിച്ചടവ് (മാസം 30 കോടി)​ സർക്കാർ ഏറ്റെടുക്കക,​ ആറ് മാസം 20 കോടി വീതം നൽകുക എന്നിവയാണ് പാക്കേജിലെ നിർദ്ദേശങ്ങൾ. ഇന്നലെയും മന്ത്രി ആന്റണി രാജുവും കെ.എസ്.ആർ.ടി.സി മേധാവി ബിജുപ്രഭാകറും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പാക്കേജിലെ കാര്യങ്ങൾ വിശദീകരിച്ചു. രണ്ടാം വട്ടമാണ് ഇവർ മുഖ്യമന്ത്രിയുമായി പാക്കേജ് ചർച്ച ചെയ്യുന്നത്.

TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY