SignIn
Kerala Kaumudi Online
Friday, 07 October 2022 1.00 PM IST

കമോൺ,വെൽത്ത്

cwg-2022

കോമൺവെൽത്തിലെ ഇന്ത്യൻ തിളക്കം

ഇന്ത്യൻ കായിക രംഗത്തിന് ഏറെ അഭിമാനം പകർന്നാണ് ബർമ്മിംഗ്ഹാമിൽ 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീല വീണത്. കഴിഞ്ഞ ഗെയിംസിൽ 16 മെഡലുകൾ നേടിത്തന്ന ഷൂട്ടിംഗ് ഇത്തണ മത്സര ഇനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുപോലും 22 സ്വർണവും 16 വെള്ളിയും 23വെങ്കലവുമടക്കം 61 മെഡലുകളുമായി നാലാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നതാണ് ഏറെ ആവേശകരമായ വസ്തുത. നാലുവർഷം മുമ്പ് ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ 26 സ്വർണവും 20വീതം വെള്ളിയും വെങ്കലവുമടക്കം മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.

വെയ്റ്റ്‌ലിഫ്റ്റിംഗ്,റെസ്‌ലിംഗ്,ബാഡ്മിന്റൺ,ടേബിൾ ടെന്നീസ് എന്നീ ഇനങ്ങളിലെ മെഡൽ വേട്ടയാണ് ഈ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് കരുത്തേകിയത്. ഈ നാല് ഇനങ്ങളിലും മെഡൽപ്പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയത് ഇന്ത്യയാണ്. അത്‌ലറ്റിക്സിൽ അപ്രതീക്ഷിത കുതിപ്പ് നടത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഈ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. അതിൽ ഏറ്റവും പ്രധാനം ട്രിപ്പിൾ ജമ്പിൽ മലയാളികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും സ്വർണവും വെള്ളിയും നേടിയതാണ്. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളിതാരം കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിലെ വ്യക്തിഗതഇനത്തിൽ സ്വർണം നേടുന്നത്. ഒരേയിനത്തിൽ മലയാളിതാരങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നതും ആദ്യമാണ്.

ബർമ്മിംഗ്ഹാമിൽ 17.03 മീറ്റർ ചാടിയാണ് എറണാകുളം കോലഞ്ചേരി സ്വദേശിയായ എൽദോസ് പോൾ എന്ന 25 കാരൻ ട്രിപ്പിൾജമ്പ് സ്വർണത്തിൽ മുത്തമിട്ടത്. എൽദോസിൽ ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വർണം സ്വപ്നത്തിനപ്പുറമായിരുന്നു. തന്റെ മൂന്നാമത്തെ ശ്രമത്തിൽ എൽദോസ് 17.03 മീറ്റർ താണ്ടിയതോടെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി. അഞ്ചാം ശ്രമത്തിൽ അബ്ദുള്ള 17.02 മീറ്റർ ചാടി എൽദോസിന് ഒരു സെന്റീമീറ്റർ അകലെ രണ്ടാംസ്ഥാനത്തെത്തുകകൂടി ചെയ്തതോടെ ആവേശം പരകോടിയിലായി. ഈയിനത്തിലെ മറ്റൊരു ഇന്ത്യൻതാരം പ്രവീൺ ചിത്രവേലിന് മൂന്ന് സെന്റീമീറ്റർ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നഷ്ടമായിരുന്നില്ലെങ്കിൽ അലക്സാണ്ടർ സ്റ്റേഡിയത്തിൽ മറ്റൊരു ചരിത്രമുഹൂർത്തം കൂടി പിറന്നേനെ.

2021 ആഗസ്റ്റ് ഏഴിന് ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണമെഡലിൽ മുത്തമിട്ടതിന്റെ വാർഷിക ദിനത്തിലാണ് എൽദോസും അബ്ദുള്ളയും പൊന്നും വെള്ളിയും നേടിയത്. നീരജ് ടോക്യോയിൽ തുടക്കമിട്ട മെഡൽവേട്ടയുടെ തുടർച്ചയാണ് ബർമ്മിംഗ്ഹാമിൽ കണ്ടത്. നീരജിന്റെ മെഡൽവാർഷികം രാജ്യം ജാവലിൻ ഡേ ആയി ആഘോഷിച്ച ദിവസം കോമൺ വെൽത്ത്ഗെയിംസിൽ വനിതാ ജാവലിൻ ത്രോയിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അന്നുറാണി വെങ്കലം ചാർത്തി.

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളി നേടിയ അവിനാഷ്‌ സാബ്‌ലെ ഈയിനത്തിലെ കെനിയൻ താരങ്ങളുടെ മെഡൽക്കുത്തകയാണ് അവസാനിപ്പിച്ചത്. പുരുഷ ഹൈജമ്പിൽ യോഗ്യതാമാർക്ക് മറികടന്നിട്ടും ബർമ്മിംഗ്ഹാമിലേക്ക് അത്‌ലറ്റിക്സ് ഫെഡറേഷൻ സെലക്ഷൻ നൽകാതിരുന്ന തേജസ്വിൻ ശങ്കർ കോടതിവിധിയുടെ അകമ്പടിയോടെയെത്തി മത്സരിച്ച് നേടിയ വെങ്കലത്തിന് സ്വർണത്തിന്റെ തന്നെ തിളക്കമുണ്ട്. പുരുഷ വനിതാ 10 കിലോമീറ്റർ നടത്തത്തിലെ സന്ദീപ് കുമാറിന്റെയും പ്രിയങ്ക ഗോസ്വാമിയുടെയും വെങ്കലങ്ങളാണ് അത്‌ലറ്റിക്സിലെ മറ്റ് മെഡൽത്തിളക്കങ്ങൾ.

ഗെയിംസിന്റെ രണ്ടാം ദിവസം വെയ്റ്റ് ലിഫ്റ്റർ സങ്കേത് സർഗാറിലൂടെയാണ് ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്.അന്നുതന്നെ ഒളിമ്പിക് വെള്ളിമെഡൽ ജേതാവായ മീരാഭായി ചാനു തന്റെ തുടർച്ചയായ രണ്ടാം കോമൺവെൽത്ത് സ്വർണം നേടി വിസ്മയമായി.12 വ്യത്യസ്ത കായിക ഇനങ്ങളിലാണ് ഇന്ത്യ ഇക്കുറി മെഡലുകൾ നേടിയത്. ഇന്നുവരെ അധികമാരും കേട്ടിട്ടില്ലായിരുന്ന ലോൺബാളിൽ സ്വർണം നേടിയ വനിതാ ടീമും വെള്ളിനേടിയ പുരുഷ ടീമും ചരിത്രമെഴുതി.

തന്റെ അഞ്ചാമത്തെ കോമൺവെൽത്ത് ഗെയിംസിനിറങ്ങിയ ടേബിൾ ടെന്നിസ് താരം അചാന്ത ശരത്കമൽ മത്സരിച്ച നാല് ഇനങ്ങളിലും മെഡൽ നേടി എന്നതും വിസ്മയമായി. മൂന്ന് സ്വർണവും ഒരു വെള്ളിയുമാണ് ഇദ്ദേഹം ബർമ്മിംഗ്ഹാമിൽ നിന്ന് കഴുത്തിലണിഞ്ഞത്. കോമൺവെൽത്ത് ഗെയിംസ് മെഡൽ ശേഖരത്തിൽ ജസ്പ്രീത് റാണയുടെ 10 മെഡലുകളുടെ റെക്കാഡ് മറികടക്കാനും ശരത് കമലിന് കഴിഞ്ഞു.13 മെഡലുകളാണ് ഇപ്പോൾ ശരത് കമലിന്റെ സമ്പാദ്യത്തിലുള്ളത്. ഇതിൽ ഏഴ് സ്വർണങ്ങളാണ്.മൂന്ന് വീതം വെള്ളിയും വെങ്കലവും.

ലോക കായികവേദികളിൽ ഇന്ത്യയുടെ യശസ് ഉയർത്തുന്ന പതിവ് ഇക്കുറിയും റെസ്‌ലിംഗ്,ബോക്സിംഗ് താരങ്ങൾ തെറ്റിച്ചില്ല. കഴിഞ്ഞ ഗെയിംസിലേതുപോലെ പങ്കെടുത്ത എല്ലാ ഭാരവിഭാഗങ്ങളിലും ഇന്ത്യൻ ഗുസ്തിക്കാർ ഇക്കുറിയും മെഡൽ നേടി. ബജ്റംഗ് പുനിയ,സാക്ഷി മല്ലിക്ക്,ദീപക് പുനിയ,രവി കുമാർ ദഹിയ,വിനീഷ് ഫോഗാട്ട്,നവീൻ എന്നിങ്ങനെ ആറു സ്വർണമുൾപ്പടെ 12 മെഡലുകളാണ് ഗോദയിൽ നിന്ന് വാരിക്കൂട്ടിയത്. ബോക്സിംഗിൽ നിഖാത്ത് സരിനും അമിത് പംഗലും നിതു ഘൻഗാസും പൊന്നണിഞ്ഞു.

ഈ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാക്രിക്കറ്റിൽ ഫൈനലിലെത്തി ആസ്ട്രേലിയയോട് തോറ്റ ഇന്ത്യ വെള്ളി സ്വന്തമാക്കി. പുരുഷ ഹോക്കി ഫൈനലിൽ ആസ്ട്രേലിയയിൽ നിന്ന് മറുപടിയില്ലാത്ത ഏഴുഗോളിന് തോൽവിയേറ്റുവാങ്ങിയ പി.ആർ ശ്രീജേഷിന്റെ ഇന്ത്യൻ സംഘവും വെള്ളിക്ക് ഉടമകളായി.വനിതാ ഹോക്കി ടീമിന് വെങ്കലം നേടാനായി. ചരിത്രത്തിലാദ്യമായാണ് ഒരു കോമൺവെൽത്ത് ഗെയിംസിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യയ്ക്ക് മെഡൽ നേടാൻ കഴിയുന്നത്.

അവസാന ദിവസം ബാഡ്മിന്റണിൽ പി.വി സിന്ധുവിന്റെ സ്വർണത്തോടെയാണ് ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് വിരാമമായത്. ഇതോടെ വനിതാ സിംഗിൾസിൽ മൂന്ന് ഗെയിംസുകളിലായി സ്വർണം,വെള്ളി,വെങ്കലം എന്നിങ്ങനെ മൂന്ന് മെഡലുകളും നേടുന്ന താരമായി സിന്ധു മാറി.2014 ഗ്ളാസ്ഗോ ഗെയിംസിൽ സിന്ധു വെങ്കലവും 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ വെള്ളിയും നേടിയിരുന്നു.

ആറ് മെഡലുകളിലാണ് ഇക്കുറി മലയാളി സ്പർശമുണ്ടായത്. അതിൽ രണ്ടെണ്ണം നേടിയത് ബാഡ്മിന്റൺ താരം ട്രീസ ജോളിയാണ്.മിക്സഡ് ടീം ഇവന്റിലെ വെള്ളിയായിരുന്നു കണ്ണൂർ സ്വദേശിനിയായ ട്രീസയുടെ ആദ്യ മെഡൽ. പിന്നാലെ വനിതാ ഡബിൾസിലെ വെങ്കലവുമണിഞ്ഞു. ലോംഗ്ജമ്പിൽ ശ്രീശങ്കർ നേടിയ വെള്ളിമെഡലിനും തിളക്കമേറെയാണ്. ഒറ്റച്ചാട്ടംകൊണ്ട് യോഗ്യതാ റൗണ്ട് കടന്ന ശ്രീശങ്കർ ഫൈനലിലെ ആദ്യ നാലുശ്രമങ്ങൾ പിന്നിടുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു.എന്നാൽ അഞ്ചാം ശ്രമത്തിലെ 8.08 മീറ്റർ ചാട്ടത്തിലൂടെ ശ്രീശങ്കർ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുയർന്നു. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ തന്റെ സഹോദരീ ഭർത്താവ് സൗരവ് ഘോഷാലിനാെപ്പം വെങ്കലം നേടിയ ദീപിക പള്ളിക്കലാണ് മെഡൽപ്പട്ടികയിലെ മറ്റൊരു മലയാളിത്തിളക്കം.

മൂന്ന് മലയാളി മെഡലുകൾ കേരളത്തിന്റെ അത്‌ലറ്റിക്സ് രംഗത്തിന് പകരുന്നത് പുത്തനുണർവാണ്. ഒളിമ്പ്യൻ സുരേഷ് ബാബുവും ടി.സി യോഹന്നാനും രഞ്ജിത്ത് മഹേശ്വരിയും അഞ്ജു ബോബി ജോർജും എം.എ പ്രജുഷയും നീന പിന്റോയുമൊക്കെ അന്താരാഷ്ട്ര ജമ്പിംഗ് പിറ്റുകളിൽ സൃഷ്ടിച്ച മെഡൽത്തിളക്കങ്ങളുടെ പിന്മുറക്കാരാണ് എൽദോസും അബ്ദുള്ളയും ശ്രീശങ്കറും. സമീപവർഷങ്ങളിൽ അത്‌ലറ്റിക്സിൽ ജൂനിയർതലം മുതൽ കേരളത്തിന് പഴയ പ്രാമുഖ്യമില്ലെന്നത് യാഥാർത്ഥ്യമാണ്. ആ തിരിച്ചടികളിൽ നിന്ന് കരകയറാൻ ഈ മെഡലുകൾ പ്രചോദനം പകരുമെന്ന് പ്രത്യാശിക്കാം.

മുൻ കോമൺവെൽത്ത് ഗെയിംസുകളിൽ ഇന്ത്യയ്ക്ക് നിരവധി മെഡലുകൾ നേടിത്തന്ന ഷൂട്ടിംഗ് ബർമ്മിംഗ്ഹാമിൽ മത്സര ഇനമായിരുന്നില്ല. ആകെ മെഡലുകളിൽ ഇതിന്റെ കുറവ് പ്രതിഫലിക്കുന്നുണ്ടെങ്കിലും വെയ്റ്റ് ലിഫ്ടിംഗ്, അത്‌ലറ്റിക്സ്,ബോക്സിംഗ്, റെസ്‌ലിംഗ്, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിലെ മികച്ച പ്രകടനം അഭിമാനം പകരുന്നു. കായികമാമാങ്കത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, CWG2022
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.