കൊല്ലം: സി.പി.ഐ ജില്ലാ സമ്മേളനം ഇന്ന് മുതൽ 20 വരെ കൊല്ലം സി.കേശവൻ സ്മാരക ടൗൺഹാളിലെ വെളിയം ഭാർഗവൻ നഗറിൽ നടക്കും. മണ്ഡലം സമ്മേളനങ്ങളിൽ പകരം പ്രതിനിധികളായി തിരഞ്ഞെടുത്ത 34 പേരടക്കം 405 പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ക്ഷണിതാക്കളായി 15 പേർ കൂടിയുണ്ടാകും.
സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, ജെ.ചിഞ്ചുറാണി, കെ.ആർ.ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, എൻ.രാജൻ എന്നിവർ പങ്കെടുക്കും.
സ്മൃതികുടീരങ്ങളിൽ നിന്നുള്ള പതാകകൾ ഇന്ന് വൈകിട്ട് 4.30ന് കന്റോൺമെന്റ് മൈതാനത്തെ വെളിയം രാജൻ നഗറിൽ ഉയർത്തും. കടയ്ക്കൽ വിപ്ലവ സ്മാരകത്തിന് സമീപം പന്ന്യൻ രവീന്ദ്രൻ കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പാർട്ടി പതാകയും ചാത്തന്നൂർ ഉളിയനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ബാനറും കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖയും എത്തിക്കും. സമ്മേളന നഗറിൽ ബാനർ ജെ.ചിഞ്ചുറാണിയും രക്തപതാക ആർ.രാമചന്ദ്രനും കൊടിമരം കെ.രാജുവും ദീപശിഖ പി.എസ്.സുപാലും ഏറ്റുവാങ്ങും. വൈകിട്ട് 5ന് എൻ.അനിരുദ്ധൻ പതാക ഉയർത്തും. കൊല്ലം ഇപ്റ്റ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനാകും. കെ.പ്രകാശ് ബാബു, കെ.ആർ.ചന്ദ്രമോഹനൻ, ജെ.ചിഞ്ചുറാണി, അഡ്വ.ജി.ലാലു, ആർ.വിജയകുമാർ, കൊല്ലം മധു തുടങ്ങിയവർ സംസാരിക്കും.
18ന് രാവിലെ 10.30ന് വെളിയം ഭാർഗവൻ നഗറിൽ (ടൗൺഹാൾ) കെ.ആർ.ചന്ദ്രമോഹനൻ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് കൊല്ലത്തിന്റെ സമഗ്രവികസനം എന്ന വിഷയത്തിൽ സെമിനാർ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 19ന് പ്രതിനിധി സമ്മേളനം തുടരും. 20ന് സമാപിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.ജി.ലാലു, സംസ്ഥാന കൗൺസിൽ അംഗം ആർ.വിജയകുമാർ, മണ്ഡലം സെക്രട്ടറിമാരായ എ.ബിജു, ആർ.രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |