കൊച്ചി : കേരളം വീണ്ടും നിപഭീതിയിലാണ്ടപ്പോൾ വ്യാജ പ്രചരണം നടത്തി ജനത്തെ ആശയക്കുഴപ്പത്തിലാക്കിയവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കഴിഞ്ഞ വർഷം കോഴിക്കോട് നിപ കണ്ടെത്തിയപ്പോൾ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങളെ തള്ളിക്കൊണ്ട് രംഗത്ത് വന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ ആരോഗ്യ വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നിപ ബാധിച്ചതായി കണ്ടെത്തിയപ്പോൾ ജേക്കബ് വടക്കാഞ്ചേരി വീണ്ടും ആരോഗ്യ വകുപ്പിനെ നിശിതമായി വിമർശിച്ച് രംഗത്ത് വരികയായിരുന്നു. മരുന്ന് മാഫിയയുടെ കരങ്ങളാണ് നിപയ്ക്ക് പിന്നിലെന്നും, പനിബാധയുണ്ടായാൽ ആശുപത്രിയിൽ പോകരുതെന്നുമാണ് വടക്കാഞ്ചേരി പ്രചരിപ്പിച്ചത്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്ക് നേരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നുള്ള മുന്നറിയിപ്പ് ആരോഗ്യമന്ത്രി നൽകിയത്. ജേക്കബ് വടക്കാഞ്ചേരിയുടേയും മോഹനൻ വൈദ്യരുടേയും പേരെടുത്ത് പറഞ്ഞാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. വടക്കാഞ്ചേരിക്കും വാക്സിനേഷൻ നൽകേണ്ടി വരുമെന്ന് തമാശ രൂപേണയാണ് മന്ത്രി നടപടിയുണ്ടാവുമെന്ന സൂചന നൽകിയത്. അതേ സമയം കഴിഞ്ഞ തവണ കോഴിക്കോട് നിപ ബാധിച്ചപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം തെറ്റായ വാർത്തകൾ പ്രചരിച്ചത് കണക്കിലെടുത്ത് ഇത്തവണ കർശനമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്നും, തുടക്കം മുതൽ സോഷ്യൽ മീഡിയ നിരീക്ഷിക്കുവാൻ ഒരു ടീമിനെ ചുമതലപ്പെടുത്തിയിരുന്നതായും മന്ത്രി വെളിപ്പെടുത്തുന്നു. തെറ്റായ സന്ദേശങ്ങളയക്കുന്നവരെ ആദ്യം മുതൽക്കേ മുന്നറിയിപ്പ് നൽകി പിൻവലിക്കാൻ ആവശ്യപ്പെട്ടു. കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും നിപ ബാധയുണ്ടായപ്പോൾ സധൈര്യം മുന്നിട്ടിറങ്ങി ആരോഗ്യവകുപ്പിനെ മുന്നിൽ നിന്നും നയിച്ച മന്ത്രി കെ.കെ.ശൈലജയെ അഭിനന്ദിക്കുന്നവർ ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |