കീവ് : സെപൊറീഷ്യ ആണവനിലയത്തിലെ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് ഇന്നലെ യുക്രെയിനിലെത്തി. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, തുർക്കിയെ പ്രസിഡന്റ് തയ്യിപ് എർഡോഗൻ എന്നിവരുമായി ലിവീവിൽ വച്ച് ഗുട്ടറെസ് ചർച്ച നടത്തി. യുക്രെയിനിലെ ധാന്യക്കയറ്റുമതി വർദ്ധിപ്പിക്കാനും അധിനിവേശത്തിന് അറുതി വരുത്താനുമുള്ള മാർഗ്ഗങ്ങളും ചർച്ചയുടെ ഭാഗമായി. റഷ്യൻ സൈന്യം ഏറ്റവും കൂടുതൽ നാശം വിതച്ച യുക്രെയിൻ നഗരങ്ങളിലൊന്നാണ് ലിവീവ്. യുക്രെയിന്റെ കരിങ്കടൽ തീരത്തെ തുറമുഖമായ ഒഡേസ ഗുട്ടറെസ് ഇന്ന് സന്ദർശിച്ചേക്കും.
മാർച്ച് മുതൽ സെപൊറീഷ്യ ആണവനിലയമുൾപ്പെടെയുള്ള പ്രദേശം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ, സൊപൊറീഷ്യ നിലയത്തിലെ യുക്രെയിൻ പൗരന്മാരായ ജീവനക്കാരെ അവിടെ തന്നെ റഷ്യ നിലനിറുത്തിയിരുന്നു. പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഗുട്ടറെസ് റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും റഷ്യൻ വിദേശകാര്യ മന്ത്രാലയം ഇത് തള്ളി.
അതേ സമയം, സെപൊറീഷ്യ നിലയം അടയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സൂചന നൽകി. യുക്രെയിൻ ഷെല്ലാക്രമണം പ്ലാന്റിൽ ' പ്രതികൂല സംഭവങ്ങൾക്ക് " കാരണമായെന്ന് റഷ്യ ആരോപിക്കുന്നു. ആരോപണം തള്ളിയ ആണവനിലയങ്ങളുടെ മേൽനോട്ട ചുമതലയുള്ള യുക്രെയിൻ സർക്കാർ ഏജൻസിയായ എനർഗോട്ടം പ്ലാന്റ് അടയ്ക്കുന്നത് കൂളിംഗ് സംവിധാനങ്ങൾ താറുമാറാക്കുമെന്നും ഇത് റേഡിയേഷൻ ദുരന്തത്തിന്റെ സാദ്ധ്യത കൂട്ടുമെന്നും ആരോപിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെപൊറീഷ്യ നിലയത്തിന് ചുറ്റുമുള്ള ഷെല്ലാക്രമണങ്ങൾ വർദ്ധിച്ചിരുന്നു. റഷ്യയും യുക്രെയിനും പരസ്പരം ആക്രമണത്തിന്റെ ഉത്തരാവാദികളാണെന്ന് ആരോപിക്കുന്നുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയാണ് സെപൊറീഷ്യ. സെപൊറീഷ്യ നിലയത്തിന്റെ സുരക്ഷ യു.എൻ ഉറപ്പാക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. അതേ സമയം, ഖാർക്കീവിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ 12 സിവിലിയൻമാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |