തിരുവനന്തപുരം: മലയാളികൾ മറന്നുപോയ മലയാളത്തിന്റെ സ്വന്തം വട്ടെഴുത്തിൽ സമഗ്രമായ കാർഷിക കലണ്ടറുമായി കളമശേരിയിലെ മൂഴിക്കുളംശാല ജൈവ കാമ്പസിലെ ടി.ആർ. പ്രേംകുമാർ.
മതിലുകളില്ലാത്ത വീടുകളിൽ താമസിക്കുന്ന പ്രകൃതി സ്നേഹികളായ 52 കുടുംബങ്ങളുടെ കാമ്പസിന് നേതൃത്വം നൽകുന്ന പ്രേംകുമാർ, കേരളത്തിന്റെ തനത് കൃഷിരീതികൾ വീണ്ടെടുക്കാനാണ് കലണ്ടർ തയ്യാറാക്കിയത്.
കൊല്ലവർഷത്തിലെ 27ഞാറ്റുവേലകൾ, സംക്രാന്തി, വട്ടെഴുത്ത് ലിപി എന്നിവയ്ക്കൊപ്പം മലയാളം അക്ഷരമാല ഇംഗ്ലീഷ് ഫൊണറ്റിക്സ് സഹിതം കലണ്ടറിലുണ്ട്.
ക്യു .ആർ കോഡ് സ്കാൻ ചെയ്താൽ ഋതുചര്യയെക്കുറിച്ചും ഞാറ്റുവേലയിൽ എന്തെല്ലാം കൃഷിയിറക്കാമെന്നും നാല്പതു മണിക്കൂർ നീണ്ട ഓഡിയോ,വീഡിയോ ക്ളാസും കിട്ടും.
കേരളത്തിന്റെ ഇക്കോ- കൾച്ചറൽ കലണ്ടറാണിത്. ഞാറ്റുവേലയെക്കുറിച്ച് കാർഷിക വിദഗ്ധൻ ചന്ദ്രനും ഋതുചര്യയെക്കുറിച്ച് ഡോ. കെ.പി.അഞ്ജുവുമാണ് ക്ളാസെടുക്കുന്നത്. നാട്ടറിവ് പഠന കളരി എന്ന ഓൺലൈൻ കോഴ്സ് വിവരങ്ങളും കലണ്ടറിലുണ്ട്. ഗോത്ര ജീവിതം, ഗോത്ര ഭക്ഷണം , ഗോത്ര വൈദ്യം എന്നിവയ്ക്കൊപ്പം ബദൽ അറിവ് ഉറവിടങ്ങളെക്കുറിച്ചുള്ളതാണ് നാട്ടറിവ് പഠന കളരി .
ചിങ്ങം ഒന്നായ 2022 ആഗസ്റ്റ് 17 മുതൽ കർക്കടകം അവസാനിക്കുന്ന 2023 ആഗസ്റ്റ് 16 വരെയുള്ള 1198 കൊല്ലവർഷമാണ് കലണ്ടറിനാധാരം.
` വട്ടെഴുത്ത് ലിപിയും മലയാളത്തിന്റെ തനത് സംസ്കാരവും കാർഷിക രീതികളും കൈമോശം വരാതിരിക്കാനാണ് ഈ കലണ്ടർ.'
-ടി.ആർ. പ്രേംകുമാർ
ഫോൺ: 9447021246
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |