SignIn
Kerala Kaumudi Online
Monday, 21 September 2026 6.28 AM IST

അറസ്റ്റിലായേക്കാമെന്ന് സിസോദിയ കള്ളപ്പണം വെളുപ്പിച്ചതായി സംശയം ഇ.ഡി അന്വേഷണം തുടങ്ങി

maneesh-sisodiya

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതിനെ തുടർന്നാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇ.ഡി ഉദ്യോഗസ്ഥർ സി.ബി.ഐയുമായി ചർച്ച ചെയ്തതായി അറിയുന്നു. സംസ്ഥാനത്ത് മദ്യനയം നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ചില സ്വകാര്യ വ്യക്തികളെ ഇന്നലെ സി.ബി.ഐ ചോദ്യം ചെയ്തു. നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും സജീവ പങ്ക് വഹിച്ചവരെയാണ് ചോദ്യം ചെയ്തതെന്നറിയുന്നു. എന്നാൽ, ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സിസോദിയയുടെ അടുപ്പക്കാരായ ദിനേഷ് അറോറ, മനോജ് റായ്, മുംബയ് ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനി സി.ഇ.ഒ വിജയ് നായർ, തെലങ്കാനയിൽ താമസിക്കുന്ന അരുൺ രാമചന്ദ്രപിള്ള തുടങ്ങി 14 പേരെ പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ഇവരിൽ ആരെയൊക്കെയാണ് ചോദ്യം ചെയ്യുന്നതെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല.

സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെ ഡൽഹി സർക്കാരിലെ 12 ഐ.എ.എസ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവർണർ സ്ഥലം മാറ്റി നിയമിച്ചു.

അറസ്റ്റിന് നീക്കമെന്ന് സിസോദിയ

മൂന്നോ നാലോ ദിവസത്തിനകം സി.ബി.ഐയോ ഇ.ഡിയോ തന്നെ അറസ്റ്റ് ചെയ്തേക്കാമെന്ന് മനീഷ് സിസോദിയ. മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ല. കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് അരവിന്ദ് കേജ്‌രിവാളിനെയാണ്. അതിൽ ഭയമില്ല, തങ്ങളെ തകർക്കാനാകില്ല. 2024ലെ തിരഞ്ഞെടുപ്പിൽ മത്സരം എ.എ.പിയും ബി.ജെ.പിയും തമ്മിലായിരിക്കുമെന്നും വാർത്താസമ്മേളനത്തിൽ സിസോദിയ പറഞ്ഞു.

മദ്യനയം സുതാര്യമായ രീതിയിലാണ് നടപ്പിലാക്കിയത്. മുൻ ലഫ്റ്റനന്റ് ഗവർണ്ണർ അതിനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. സംസ്ഥാനത്തിന് നഷ്ടമായത് 10,000 കോടിയുടെ വാർഷിക വരുമാനമാണ്. തനിക്കെതിരായ എല്ലാ നടപടികളും കേജ്‌രിവാളിന്റെ മുന്നേറ്റം തടയാനാണ്. ദേശീയ നേതാവായി കേജ്‌രിവാൾ ഉയരുമെന്ന ഭീതിയാണ് ഇത്തരം രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ. കഴിഞ്ഞ ദിവസത്തെ റെയ്ഡിനിടെ കുറെ രേഖകളും കമ്പ്യൂട്ടറും ഫോണും ചില ഫയലുകളും സി.ബി.ഐ ഉദ്യോഗസ്ഥർ കൊണ്ടുപോയതായി മനീഷ് സിസോദിയ പറഞ്ഞു.

കേജ്‌രിവാൾ അഴിമതി രാജാവ്: അനുരാഗ് ഠാക്കൂർ

മദ്യ കുംഭകോണക്കേസിൽ മനീഷ് സിസോദിയ ഒന്നാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാൾ അഴിമതിയുടെ രാജാവാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനീഷ്ജി തന്റെ പേരിൽ മാറ്റം വരുത്തി 'മണീഷ്' എന്നാക്കിയിരിക്കാം. പണം വാങ്ങാനും മിണ്ടാതിരിക്കാനും മിടുക്കനാണെന്ന് അദ്ദേഹം തെളിയിച്ചു. കേജ്‌രിവാൾ സർക്കാർ സൗജന്യങ്ങൾക്കും മദ്യപർക്കും വേണ്ടിയുള്ളതാണെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. മദ്യനയം ശരിയെങ്കിൽ എന്തിനാണ് പിൻവലിച്ചത്. 24 മണിക്കൂറിനകം തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അരവിന്ദ് കേജ്‌രിവാളിനെ കേന്ദ്രമന്ത്രി വെല്ലുവിളിച്ചു.

കേജ്‌രിവാളും സിസോദിയയും ഗുജറാത്തിലേക്ക്

മനീഷ് സിസോദിയയും കേജ്‌രിവാളിനൊപ്പം ഗുജറാത്ത് സന്ദർശിക്കും. ഇരുവരും തിങ്കളാഴ്ച്ച ഗുജറാത്തിലെ ഹിമ്മത് നഗറും ചൊവ്വാഴ്ച്ച ഭാവ് നഗറും സന്ദർശിക്കും. വിദ്യാഭ്യാസ രംഗത്തെ പദ്ധതികൾ, ആശുപത്രികൾ, മൊഹല്ല ക്ലിനിക്കുകൾ എന്നിവയെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360