പാലാ : മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് നായിക 'മിസ് കുമാരി' വിട പറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ടാകുമ്പോഴും അസ്തമിക്കാതെ നിലനിൽക്കുകയാണ് ഈ അഭിനയപ്രതിഭയുടെ ചലച്ചിത്രജീവിതം. വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശം കൊണ്ടു ധന്യമായ ഭരണങ്ങാനത്ത് പുരാതന ക്രൈസ്തവ കുടുംബമായ കൊല്ലം പറമ്പിലെ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്ന ത്രേസ്യാമ്മ , വെള്ളിത്തിരയിലെത്തി മലയാളം കീഴടക്കിയ മഹാനടിയായി, 'മിസ് കുമാരി'യായി മാറിയതിനു പിന്നിൽ ഒരു സിനിമാക്കഥ പോലെ അവിശ്വസനീയതകളുണ്ട്, പരിശ്രമങ്ങളുണ്ട്.
അഭിനയിച്ചു പരിചയമൊന്നുമില്ലാതിരുന്ന ത്രേസ്യാമ്മ 17-ാം വയസിൽ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത് 1949 ൽ 'വെള്ളിനക്ഷത്രം" എന്ന ചിത്രത്തിലൂടെയാണ്. ഉദയായുടെ പ്രഥമചിത്രമായിരുന്ന വെള്ളിനക്ഷത്രത്തിൽ അത്ര പ്രാധാന്യമൊന്നുമുള്ള കഥാപാത്രമൊന്നുമല്ലെങ്കിലും ത്രേസ്യാമ്മയുടെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. 1954ൽ പുറത്തിറങ്ങിയ നീലക്കുയിലിലെ 'നീലി"യെന്ന കഥാപാത്രമാണ് ഇവരുടെ സിനിമാജീവിതം മാറ്റി മറിച്ചത്. 'നല്ല തങ്ക'യിൽ നായികയായതോടെ ത്രേസ്യാമ്മ മിസ് കുമാരി ആയി, മലയാള സിനിമയുടെ സുവർണ കുമാരിയും.
പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ത്രേസ്യാമ്മയ്ക്ക് കാമറയുടെ മുന്നിലേക്കുള്ള വഴികാട്ടിയായത്. ഭക്തകുചേല, രണ്ടിടങ്ങഴി , ഹരിശ്ചന്ദ്രൻ , ജയിൽപ്പുള്ളി തുടങ്ങി നാൽപ്പതിലധികം മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് ചിത്രങ്ങളിലും തിളങ്ങി. നീലക്കുയിലിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ചിരുന്നു. 1963 ഫെബ്രുവരി 7 ന് എറണാകുളം സ്വദേശിയായ കെമിക്കൽ എൻജിനിയർ ഹോർമിസ് തളിയത്തുമായുള്ള വിവാഹശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടു നിന്നു.
1969 ജൂൺ 9ന് മിസ് കുമാരിയുടെ ജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ 37 വയസേ ആയിരുന്നുള്ളൂ. മൂത്ത മകൻ ജോണിക്ക് അന്ന് അഞ്ചു വയസ് ! രണ്ടാമൻ തോമസും, മൂന്നാമൻ ബാബുവും പൊടിക്കുഞ്ഞുങ്ങളും. ബിസിനസുകാരനായ ജോണി ഇപ്പോൾ നാട്ടിലുണ്ട്. രണ്ടാമൻ തോമസ് കാലിഫോർണിയയിൽ സോഫ്റ്റ് വെയർ എൻജിനിയറാണ്. ഡോ. ബാബു ദില്ലി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ്. ഇവർ മൂവരും ചേർന്ന് ചില പ്രമുഖ വ്യക്തികളുടെ സഹകരണത്തോടെ അടുത്തിടെ പാലായിൽ മിസ് കുമാരി ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ട്. സംവിധായകൻ ശ്രീകുമാരൻ തമ്പിയാണ് ഉദ്ഘാടനം ചെയ്തത്.
1984 ൽ ഭരണങ്ങാനത്തെ തറവാട്ടു വീടിനോടു ചേർന്ന് സ്ഥാപിച്ച മിസ് കുമാരി മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് ഒട്ടേറെ സിനിമകളിൽ മിസ് കുമാരിയുടെ നായകനായിരുന്ന പ്രേംനസീറാണ്. അനശ്വര നടിയുടെ ഓർമ്മക്കായി ഭരണങ്ങാനത്ത് 'മിസ് കുമാരി റോഡു ' മുണ്ട്. മിസ് കുമാരിയുടെ അൻപതാം ചരമവാർഷിക നാളായ ഇന്ന് കുടുംബാംഗങ്ങൾ ചേർന്ന് പ്രത്യേകം പ്രാർത്ഥനകൾ നടത്തും. മിസ് കുമാരി ഫൗണ്ടേഷന്റെ പേരിൽ വിവിധ ജീവകാരുണ്യ കലാപ്രവർത്തനങ്ങൾ നടത്താനുള്ള ആലോചനയിലുമാണ് ഭാരവാഹികൾ.