ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിനായി എൻ.ടി.ബി.ആർ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സൈക്കിൾ റാലി- ബൈസിക്കിൾ ട്രഷർ ഹണ്ടിൽ 125 പേർ പങ്കെടുത്തു. ബീച്ചിലെ വിജയ് പാർക്കിൽ സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി ലിജോ ഏബ്രഹാം, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ എം. സെന്തിൽകുമാർ, ഷഗ്‌സിൽ ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയുടെ വിവിധ മേഖലകളിൽ 30 കിലോമീറ്റർ പര്യടനം നടത്തിയ റാലി ഉച്ചയ്ക്ക് വിജയ് പാർക്കിൽ സമാപിച്ചു. ക്രസൻറ് മൂൺ എക്സ്പീരിയൻസസിന്റെയും മൂന്നാറിലെ കെസ്ട്രൽ അഡ്വഞ്ചേഴ്‌സിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നെഹ്രുട്രോഫി സെൽഫി പോയിന്റുകളിൽ എത്തി സെൽഫിയെടുത്ത് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുക, ഹണ്ട് കാർഡുകളിലെ നിർദ്ദേശമനുസരിച്ച് നഗരത്തിലെ ഉൾപ്രദേശങ്ങളിൽ വരെയെത്തുക തുടങ്ങിയവയായിരുന്നു ട്രഷർ ഹണ്ടിന്റെ ഭാഗമായുള്ള ടാസ്കുകൾ.